ന്യൂഡല്‍ഹി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന അണ്ടര്‍ 17 ലോകക്കപ്പ് നിയന്ത്രിക്കുന്നതിനായി 21 റഫറിമാരേയും 42 അസിസ്റ്റന്റ് റഫറിമാരേയും ഫിഫ നിയമിച്ചു. ആറ് കോണ്‍ഫെഡറേഷനുകളില്‍ നിന്നുമായാണ് ഇത്രയും പേരെ ഫിഫയുടെ റഫറീസ് കമ്മിറ്റി തെരഞ്ഞെടുത്തത്. ഒക്ടോബര്‍ ആറു മുതല്‍ 28 വരെ ഗോവ, ഗുവാഹത്തി, കൊച്ചി, കൊല്‍ക്കത്ത, നവി മുംബൈ, ന്യൂഡല്‍ഹി എന്നിവിടങ്ങളിലായാണ് അണ്ടര്‍ 17 ലോകക്കപ്പ് നടക്കുന്നത്. മാച്ച് റഫറിമാര്‍ക്കു പുറമെ ഏഴ് വനിത റഫറിമാരെയാണ് ലോകകപ്പ് നിയന്ത്രിക്കുന്നതിനായി ഫിഫ നിയമിച്ചിരിക്കുന്നത്. പുരുഷ റഫറിമാര്‍ക്കൊപ്പം വനിതാ റഫറിമാരും പുരുഷ വിഭാഗം മത്സരങ്ങള്‍ നിയന്ത്രിക്കേണ്ട കാലമായിട്ടുണ്ടെന്ന് സംഘാടക സമിതി വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.
ലോകത്തെ ഏറ്റവും മികച്ച റഫറിമാരെ ലോകകപ്പിന് സന്നദ്ധമാക്കുകയെന്നത് ഫിഫയുടെ കടമയാണെന്നും തെരഞ്ഞെടുക്കപ്പെട്ട റഫറിമാരില്‍ ചിലര്‍ക്ക് 2018ലെ റഷ്യന്‍ ലോകക്കപ്പിന് മുന്നോടിയായുള്ള തയാറെടുപ്പ് വേദി കൂടിയാണ് അണ്ടര്‍ 17 ലോകക്കപ്പെന്നും ഫിഫ വ്യക്തമാക്കി. പുരുഷ ഒഫീഷ്യല്‍സിനൊപ്പം വനിതാ റഫറിമാര്‍ കഴിഞ്ഞ വര്‍ഷം മുതല്‍ മത്സരങ്ങള്‍ നിയന്ത്രിക്കുന്നുണ്ട്. എന്നാല്‍ ഫിഫ മത്സരങ്ങളില്‍ ഒരുമിച്ച് മത്സരം നിയന്ത്രിക്കേണ്ടതുണ്ടെന്നാണ് തങ്ങളുടെ കാഴ്ചപ്പാടെന്ന് ഫിഫ റഫറിയിങ് തലവന്‍ മാസിമോ ബുസാക പറഞ്ഞു. അതേസമയം, ലോകകപ്പിന്റെ ട്രോഫി പ്രദര്‍ശന പര്യടനം ഇന്ന് ഡല്‍ഹിയില്‍ നിന്ന് തുടങ്ങും. സെപ്തംബര്‍ വരെ നീളുന്ന 40 ദിവസത്തെ 9000 കി.മീ നീളുന്ന പര്യടനത്തില്‍ ലോകകപ്പ് ജേതാക്കള്‍ക്ക് സമ്മാനിക്കുന്ന ട്രോഫി നേരിട്ടു കാണാന്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക് അവസരമുണ്ടാവും.
ലോകകപ്പിന് വേദിയാവുന്ന ആറു നഗരങ്ങളിലാണ് പ്രദര്‍ശനമുണ്ടാവുക. 22 വരെയാണ് ഡല്‍ഹി പര്യടനം. ആഗസ്ത് 24 മുതല്‍ 29 വരെ ഗുവാഹത്തിയിലും 31 മുതല്‍ സെപ്തംബര്‍ അഞ്ചു വരെ കൊല്‍ക്കത്തയിലും 6 മുതല്‍ 10 വരെ മുംബൈയിലുമാണ് പ്രദര്‍ശനം. സെപ്തംബര്‍ 14 മുതല്‍ 19 വരെ ഗോവയില്‍ ട്രോഫി പ്രദര്‍ശിപ്പിക്കും. 21ന് കേരളത്തിലെത്തുന്ന ട്രോഫി 26 വരെ കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കും.
Post Your Comments