തിരുവനന്തപുരം : അവധിക്കാലയളവിലെ മുഴുവന്‍ ശമ്പളവും നേടാന്‍ വ്യാജരേഖയുണ്ടാക്കിയെന്ന ആരോപണത്തില്‍ മുന്‍ ഡിജിപി ടി പി സെന്‍കുമാറിനെതിരെ കേസെടുക്കാന്‍ നിര്‍ദേശം. തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ് എബ്രഹാമിന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കി. വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സര്‍ക്കാരില്‍ നിന്നും എട്ടു ലക്ഷം രൂപ നേടിയെടുക്കാന്‍ ശ്രമിച്ചെന്ന പരാതിയിന്മേല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ സെന്‍കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിരുന്നു.
സിപിഎം നേതാവ് സുകാര്‍ണോ നല്‍കിയ പരാതിയിലായിരുന്നു നടപടി. എന്നാല്‍ ചീഫ് സെക്രട്ടറി നല്‍കിയ ഫയല്‍ വിജിലന്‍സ് മടക്കി. ആരോപണം സംബന്ധിച്ച് അന്വേഷണം നടത്തേണ്ടത് പോലീസാണെന്ന കുറിപ്പോടെയാണ് വിജിലന്‍സ് ഡയറക്ടര്‍ കൂടിയായ ലോക്‌നാഥ് ബെഹ്‌റ ഫയല്‍ മടക്കിയത്.
2016 ജൂണിലാണ് സെന്‍കുമാറിനെ ഡിജിപി സ്ഥാനത്തു നിന്ന് നീക്കിയത്. അടുത്ത ദിവസം തന്നെ അവധിയില്‍ പ്രവേശിച്ച അദ്ദേഹം തുടര്‍ന്നുള്ള 8 മാസങ്ങളില്‍ പകുതി ശമ്പളത്തില്‍ അവധി അനുവദിക്കണമെന്ന് ചീഫ് സെക്രട്ടറിക്ക് അപേക്ഷയും നല്‍കിയിരുന്നു. ഈ അപേക്ഷ വ്യാജമാണെന്ന പരാതിയിലാണ് നടപടി.
Post Your Comments