റിയാദ്: സൗദിയില്‍ സ്വകാര്യ മേഖയില്‍ ജോലി ചെയ്യുന്ന തൊഴിലാളിയുടെ ശമ്പളം തടഞ്ഞുവച്ചാല്‍ വന്‍ തുക ഇനി മുതല്‍ പിഴ നല്‍കേണ്ടി വരും. ഇത്തരം സാഹചര്യത്തില്‍ തൊഴിലുടമക്ക് അയ്യായിരം റിയാല്‍ പിഴ ചുമത്തുമെന്ന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. സൗദികള്‍ അറിയാതെ അവരെ തങ്ങളുടെ സ്ഥാപനത്തിലെ ജീവനക്കാരെന്നോണം ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സില്‍ രജിസ്റ്റര്‍ ചെയ്താല്‍ 25,000 റിയാല്‍ പിഴ ചുമത്തും. സൗദികള്‍ക്കു മാത്രമായി പരിമിതപ്പെടുത്തിയ തൊഴിലുകളില്‍ വിദേശികളെ നിയമിക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ഇരുപതിനായിരം റിയാല്‍ പിഴ ചുമത്തും. ഇതിനു പുറമെ സൗദികള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്ക് അയ്യായിരം റിയാലാണ് പിഴ ലഭിക്കുക. തൊഴില്‍ കരാര്‍ ഒപ്പുവെക്കാതെ തൊഴിലാളികളെ ജോലിക്കു വെക്കുന്ന സ്ഥാപനങ്ങള്‍ക്ക് അയ്യായിരം റിയാല്‍ പിഴ ചുമത്തും. പിഴകള്‍ ഒഴിവാക്കുന്നതിന് തൊഴില്‍ നിയമം കര്‍ശനമായി പാലിക്കണമെന്ന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം ആവശ്യപ്പെട്ടു.
ജീവനക്കാരുടെ പേരുവിവരങ്ങള്‍, വേതനം, ഡ്യൂട്ടി സമയം എന്നിവ വ്യക്തമാക്കുന്ന റെക്കോര്‍ഡുകള്‍ സൂക്ഷിക്കാത്ത സ്ഥാപനങ്ങള്‍ക്ക് അയ്യായിരം റിയാല്‍ പിഴ ലഭിക്കും. വിദേശ തൊഴിലാളികളുടെ പാസ്‌പോര്‍ട്ട് കസ്റ്റഡിയില്‍ സൂക്ഷിക്കുന്ന സ്ഥാപനങ്ങള്‍ക്ക് പാസ്‌പോര്‍ട്ടുകളില്‍ ഒന്നിന് രണ്ടായിരം റിയാല്‍ തോതില്‍ പിഴ ചുമത്തുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
Post Your Comments