ബോളിവുഡ് നടിയും, പ്രശസ്ത പോൺ താരവുമായ സണ്ണി ലിയോൺ കഴിഞ്ഞ ദിവസം കൊച്ചിയിൽ എത്തിയിരുന്നു, ഒരു മൊബൈൽ ഫോൺ ഷൂറൂം ഉത്‌ഘാടനം ചെയ്യാനായി. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും രാവിലെ 9.45’ന് പുറത്തിറങ്ങിയ സണ്ണി ലിയോണിന് ഏറെ വൈകി 12.45’ന് മാത്രമായിരുന്നു എറണാകുളം എം.ജി.റോഡിൽ എത്താൻ കഴിഞ്ഞത്. ട്രാഫിക് ജാമാണ് പ്രധാന കാരണമായി പറയുന്നത്. സ്വാഭാവികമായ ഗതാഗതക്കുരുക്കല്ല, മറിച്ച് സണ്ണി വെയിനിനെ കാണാൻ വേണ്ടി തിക്കും തിരക്കും കൂട്ടി റോഡിലേക്ക് ഇറങ്ങിയ ആരാധകരുടെ ബാഹുല്യം കാരണം സംഭവിച്ച ബ്ലോക്കാണത്! പുരുഷന്മാരും സ്ത്രീകളും ഉൾപ്പെടെ ആയിരക്കണക്കിന് ആരാധകരാണ് എം.ജി.റോഡിൽ തടിച്ചു കൂടിയത്. സിനിമയിലെയും, സ്പോർട്സിലെയും, രാഷ്ട്രീയത്തിലെയും സൂപ്പർ താരങ്ങൾ വിചാരിച്ചിട്ട് നടക്കാത്ത ഈ ‘ഉത്സവമേളം’ സണ്ണി ലിയോൺ എങ്ങനെ സാധിച്ചെടുത്തു?
സമൂഹ മാധ്യമങ്ങളിൽ ചർച്ചകൾ പൊടിപൊടിയ്ക്കുകയാണ്. ഒരു വിഭാഗം പറയുന്നത് ഇത് മലയാളിയുടെ ലൈംഗിക ദാരിദ്ര്യമാണ്, സംസ്ക്കാരമില്ലായ്മയാണ്, വിവരമില്ലായ്മയാണ്, പറഞ്ഞറിയിക്കാൻ പറ്റാത്ത മറ്റെന്തൊക്കെയോ ‘ഇല്ലായ്മ’കളാണ് എന്ന്. എതിർവിഭാഗത്തിന് പറയാനുള്ളത് മലയാളിയുടെ കപടസദാചാര ബോധത്തെക്കുറിച്ചും, ബുദ്ധിജീവി ചമയലിനെക്കുറിച്ചുമാണ്. ഇതിലൊന്നും പെടാത്ത കുറേ ആളുകൾ ഇതൊക്കെ കണ്ടും കേട്ടും നിശബ്ദമായി മനസ്സു കൊണ്ട് ചിരിക്കുകയാണ്. അമ്മയെ തല്ലിയാലും ‘നന്നായി’, ‘മോശമായിപ്പോയി’ എന്നിങ്ങനെയുള്ള അഭിപ്രായങ്ങൾ നമ്മുടെ നാട്ടിൽ ഉണ്ടാകുമെന്നത് സ്വാഭാവികം. അതു കൊണ്ടു തന്നെ ഒരു കാര്യത്തിലും ഏകപക്ഷീയമായി തെറ്റും ശരിയും നിർണ്ണയിക്കുക എന്നത് പ്രയാസമാണ്. ഇവിടെ , സണ്ണി ലിയോൺ വിഷയത്തിൽ പ്രകടമാകുന്നത് മലയാളിയുടെ ലൈംഗിക ദാരിദ്ര്യമോ, അനുബന്ധ സംഗതികളോ ആണോ? അല്ല, ഇതൊക്കെ നമ്മള്‍ മലയാളികളുടെ അമിത ആവേശത്തിന്റെ ഭാഗമാണ്! എന്തിലും ഏതിലും അനാവശ്യമായി എടുത്തണിയുന്ന ഒരു തരം ആക്രാന്തം, അതു മാത്രമാണ് ഇന്നലെ കൊച്ചിയില്‍ സംഭവിച്ചത്.
ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിനെ തനിക്ക് അറിയില്ല എന്ന് ഒരു സമൂഹമാധ്യമത്തിലൂടെ റഷ്യന്‍ ടെന്നീസ് കളിക്കാരി മരിയ ഷറപ്പോവ പറഞ്ഞപ്പോള്‍ അവരെ തെറി വിളിക്കാനായി അവിടെ ആദ്യം ഓടിയെത്തിയത് മലയാളിയാണ്. ട്രംപ് മുതല്‍ ഇവിടെ വടക്കേ ഇന്ത്യയിലുള്ള ഏതോ ഒരു ‘ഉണക്ക’ ഖാന്‍ വരെ മലയാളികളുടെ ആവേശത്തിന്റെ ചൂട് അറിഞ്ഞവരാണ്. പ്രത്യേകിച്ച്, ഇപ്പോഴത്തെ തലമുറയിലാണ് ഈ ഒരു സ്പെഷ്യല്‍ ആവേശം കണ്ടു വരുന്നത്. യുക്തി, ബുദ്ധി, ആഴത്തിലുള്ള ചിന്ത, വിവേകം, ഇതിനൊന്നും ഒരു സ്ഥാനവും കൊടുക്കാതെ പെട്ടെന്നുണ്ടാകുന്ന തോന്നലുകള്‍ക്ക് പിറകേ വെടിയും പൊട്ടിച്ച് പായുകയാണവര്‍. ഇവിടെ സണ്ണി ലിയോണിനെ കാണണം എന്ന ആത്മാർത്ഥമായ ആഗ്രഹമൊന്നുമല്ല പ്രകടമായത്, മറിച്ച് “അവനും പോകുന്നു, ഞാനും പോകുന്നു”, “എന്താണ് സംഭവിക്കുന്നെന്ന് നോക്കാല്ലോ”, “ഇതൊക്കെയല്ലേ ഒരു രസം” എന്നിങ്ങനെയുള്ള സമയംകൊല്ലി കളികളുടെ ഭാഗമായി സംഭവിച്ചതാണ്. അല്ലാതെ ഇതൊന്നും ഒരിക്കലും കടുത്ത ആരാധനയുടെ ഭാഗമായി കാണാന്‍ കഴിയില്ല.
പുരുഷന്മാരോടൊപ്പം ഒരുപാട് സ്ത്രീകളും എം.ജി.റോഡില്‍ ഒത്തു കൂടി എന്നതും ശ്രദ്ധേയമാണ്. ലുലു മാള്‍ കാണുന്നതും, മെട്രോയില്‍ കയറുന്നതുമൊക്കെ പ്രധാന വിനോദങ്ങളായി കണക്കാക്കുന്ന ആളുകളാണ് ഏറിയ പങ്കും അവിടെ എത്തിയിട്ടുള്ളത്, ഉറപ്പിക്കാം. അവരെ സംബന്ധിച്ച് ഇതും ഒരു വിനോദമാണ്. അല്ലാതെ ആരാധനയല്ല. പിന്നെ സമൂഹ മാധ്യമങ്ങളിലൂടെയുള്ള അപാരമായ പ്രൊമോഷന്‍, അതും ഇത്തരം ബഹളങ്ങള്‍ക്ക് പ്രധാന കാരണമാണ്. “കൊച്ചിയില്‍ സണ്ണി ലിയോണ്‍ എത്തുന്നു” എന്നത് മാസങ്ങള്‍ക്കു മുന്‍പു തന്നെ ഫേസ്ബുക്കിലും, ട്വിറ്ററിലുമൊക്കെ വൈറലായ വാര്‍ത്തയായിരുന്നു. പൂരം കാണുക എന്നത് വടക്കന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് ഏറ്റവും പ്രിയങ്കരമാണ്. അത്തരത്തിലൊരു പ്രിയമാണ്, അല്ലെങ്കില്‍ ഒരുതരം ഒത്തുചേരല്‍, അതാണ് ഇന്നലെ എം.ജി.റോഡില്‍ സംഭവിച്ചത്. അതിനെ ലൈംഗിക ദാരിദ്ര്യമെന്നും, സംസ്ക്കാരമില്ലായ്മയെന്നുമൊക്കെ പറയുന്നതാണ് ശരിക്കും ദാരിദ്ര്യം, യഥാര്‍ത്ഥ സംസ്ക്കാരമില്ലായ്മ!
രാവിലെ എണീക്കുന്നത് മുതല്‍ രാത്രി കിടക്കയിലേക്ക് ചായുന്നതു വരെ പല തരത്തിലുള്ള കടുത്ത സമ്മര്‍ദ്ദങ്ങളിലൂടെ നീങ്ങുന്ന ഇക്കാലത്തെ മനുഷ്യര്‍ക്ക്, അതിനെ ചുരുക്കി പറഞ്ഞാല്‍, ഇക്കാലത്തെ മലയാളികള്‍ക്ക് ഇതൊക്കെ ഒരു ആശ്വാസമാണ്. ഇനിയും ഇത് തുടരും. സദാചാര ബോധം തുളുമ്പി നില്‍ക്കുന്നവര്‍, താടിയും തടവി ചിന്തിക്കുന്ന ബുദ്ധിജീവികള്‍, തല്‍ക്കാലം ലീവെടുത്ത് മാറി നില്‍ക്കൂ. അതാണ് നിങ്ങള്‍ക്ക് നല്ലത്.
Post Your Comments