ന്യൂ ഡൽഹി ; ഭീകരർക്ക് സാമ്പത്തിക സഹായം വ്യവസായി അറസ്റ്റിൽ. ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഭീകരർക്കും വിഘടനവാദികൾക്കും സാമ്പത്തിക സഹായം നൽകിയെന്നു ചൂണ്ടിക്കാട്ടി ജമ്മു കാഷ്മീരിലെ ശ്രീനഗറിൽനിന്നുള്ള വ്യവസായി സഹോർ അഹമ്മദ് വടാലിയെയാണ് ദേശീയ അന്വേഷണ ഏജൻസി(എൻഐഎ) അറസ്റ്റ് ചെയ്തത്. ഡൽഹിയിൽ ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നെന്നാണു സൂചന. 1990ൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വടാലി അറസ്റ്റിലായിട്ടുണ്ട്.
ശ്രീനഗർ, ഹന്ദ്വാര, കുപ്വാര, ബാരാമുള്ള എന്നിങ്ങനെ വടാലിയുമായി ബന്ധപ്പെട്ട ഇടങ്ങളിൽ ബുധനാഴ്ച നടത്തിയ റെയ്ഡിന്റെ തുടർച്ചയാണ് അറസ്റ്റ്. ജൂണ്‍ മൂന്നിന് വടാലിയുടെ ശ്രീനഗറിലെ വീട്ടിൽ എൻഐഎ റെയ്ഡ് നടത്തിയിരുന്നു. ഇവിടെനിന്ന് ഇയാളുടെ സാമ്പത്തിക ഇടപാടുകളുടെ രേഖകളും ഭൂമിയിടപാടുകളുടെ രേഖകളും പിടിച്ചെടുത്തു.
പാക്കിസ്ഥാനിൽനിന്നു ലഭിക്കുന്ന ഫണ്ടുകൾ വിഘടനവാദികളുടെ അക്കൗണ്ടുകളിലേക്കു മാറ്റി നൽകിയിരുന്നത് വടാലിയായിരുന്നെന്നും രാഷ്ട്രീയക്കാരുമായും വിഘടനവാദികളുമായും ഒരേപോലെ അടുത്ത ബന്ധം പുലർത്തുന്ന വ്യവസായിയാണ് ഇയാളെന്നുമാണ് എൻഐഎയുടെ അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.
Post Your Comments