പാലക്കാട്: ദേശീയ പതാക ഉയര്‍ത്തേണ്ടതു ജനപ്രതിനിധിയോ സ്കൂളിലെ പ്രധാന അധ്യാപകനോ ആവണമെന്ന് സ്‌കൂളിന് നിർദ്ദേശം നൽകിയ വിവാദ ഉത്തരവ് മറികടന്ന് മോഹൻ ഭാഗവത് പതാകയുയർത്തിയിരുന്നു. എന്നാൽ ആർഎസ്‌എസ്
ചീഫിനെ തടയേണ്ടതില്ലെന്ന നിർദ്ദേശം നൽകിയതും മുഖ്യമന്തിയുടെ ഓഫീസ് ആണ്. സംഭവം രാഷ്ട്രീയമായി സംസ്ഥാന സര്‍ക്കാരിനും സിപിഎമ്മിനുമെതിരെ തിരിച്ചു വിടാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിനെ തുടര്‍ന്നായിരുന്നു ഈ നിർദ്ദേശം.
ദേശീയപതാക ഉയര്‍ത്തുന്നതു പൊലീസിനെ ഉപയോഗിച്ചു വിലക്കി എന്ന പ്രചാരണം സംസ്ഥാന സര്‍ക്കാരിനെയും സി.പി.എം നേതൃത്വത്തെയും ദേശീയതലത്തില്‍ പ്രതിക്കൂട്ടിലാക്കാൻ സാധ്യതയുള്ളതിനാലാണ് കേസ് പോലും സർക്കാർ വേണ്ടെന്ന് വെച്ചത്. അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന സി.പി.എം ബിജെപി സംഘര്‍ഷം മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും ദേശീയ തലത്തിൽ പോലും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. കൂടാതെ മോഹന്‍ ഭാഗവതിന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായി വലിയ സംഘം ആര്‍എസ്‌എസ് പ്രവര്‍ത്തകരുടെ സാന്നിധ്യം 14നു തന്നെ നഗരത്തിലുണ്ടായിരുന്നു.
പോലീസ് തടഞ്ഞിരുന്നെങ്കിൽ ഇത് വലിയൊരു സംഘർഷത്തിന് വഴിവെക്കുമായിരുന്നു എന്നും റിപ്പോർട്ട് ഉണ്ട്. ഇതോടെയാണു പൊലീസ് ഇടപെടല്‍ വേണ്ടെന്നു നിര്‍ദേശിച്ചത്. മുഖ്യമന്ത്രിയുടെ ഓഫിസ് നിര്‍ദ്ദേശപ്രകാരം 14നു രാത്രി പാലക്കാട് കലക്ടറുടെ നിര്‍ദേശ പ്രകാരം തഹസില്‍ദാര്‍ സ്കൂള്‍ അധികൃതര്‍ക്കു നോട്ടീസ് നല്‍കി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലര്‍ പ്രകാരം ദേശിയ പതാക ഉയര്‍ത്തേണ്ടത് ജനപ്രതിനിധിയോ സ്കൂളിലെ പ്രധാന അദ്ധ്യാപകനോ ആയിരിക്കണം എന്നായിരുന്നു നോട്ടീസ്.
ഇത് മറികടന്നായിരുന്നു മോഹൻ ഭാഗവത് പതാക ഉയർത്തിയത്.ചടങ്ങിനെക്കുറിച്ച് ആരെങ്കിലും വിശദീകരണം ആരായുകയോ തങ്ങള്‍ നല്‍കുകയോ ചെയ്തിട്ടില്ലെന്നു സ്കൂള്‍ അധികൃതര്‍ പ്രതികരിച്ചു. എന്നാൽ നിയമ സഭയിൽ പ്രതിപക്ഷം ഇതിനെതിരെ എന്ത് നടപടി സ്വീകരിച്ചു എന്ന് ചോദിച്ചിരുന്നു. നിയമോപദേശ പ്രകാരം തുടർ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു.
Post Your Comments