വാഷിങ്ടണ്‍: വിര്‍ജീനിയ വംശീയ സംഘര്‍ഷം ട്രംപിന്റെ പ്രതികരണത്തിനെതിരെ വ്യാപക പ്രതിഷേധം. ഷാലോട്സിവില്ലിലുണ്ടായ വംശീയ സംഘര്‍ഷത്തില്‍ ഇരുപക്ഷക്കാര്‍ക്കും ഒരുപോലെ പങ്കുണ്ടെന്ന ട്രംപിന്റെ പ്രതികരണത്തിനെതിരെയാണ് റിപ്പബ്ലിക്കന്‍-ഡെമോക്രാറ്റിക് പ്രതിനിധികള്‍ രംഗത്തുവന്നത്. നിയോനാസി അനുഭാവമുള്ള തീവ്ര വലതുപക്ഷക്കാരുടെ റാലിക്കെതിരെ സമാധാനമായി പ്രതിഷേധിച്ച ജനക്കൂട്ടത്തിനു നേരെയുണ്ടായ ആക്രമണത്തിൽ ഒരാള്‍ മരിക്കുകയും 19പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ന്യൂയോര്‍ക്കിലെ ട്രംപ് ടവറില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് വിവാദ പരാമർശവുമായി ട്രംപ് രംഗത്ത് വന്നത്. തുടക്കത്തില്‍ വംശീയവാദികളെ കുറ്റപ്പെടുത്തിയായിരുന്നു ട്രംപിന്റെ പ്രതികരണം. പിന്നീട് ആ പ്രസ്താവന മയപ്പെടുത്തി. അതേസമയം കു ക്ലുസ് ക്ലാന് നേതാവ് ഡേവിഡ് ഡ്യൂട് ട്രംപിനെ അഭിനന്ദിച്ചു രംഗത്തുവന്നു.
“വംശീയവാദം എതിര്‍ക്കപ്പെടേണ്ടതാണെന്നും അവരെ ഒരുതരത്തിലും ന്യായീകരിക്കേണ്ട ആവശ്യമില്ലെന്നും” റിപ്പബ്ലിക്കന്‍ സ്പീക്കര്‍ പോള്‍ റയാന് തുറന്നടിച്ചു. “അമേരിക്കന്‍ ആഭ്യന്തര യുദ്ധകാലത്ത് കോണ്‍ഫെഡറേഷന്‍ സേനയെ നയിച്ച ജന. റോബര്‍ട്ട് ലീയുടെ പ്രതിമ നീക്കുന്നതിനെതിരെയാണ് ഫാഷിസ്റ്റ് സംഘം റാലി നടത്തിയത്. 1862ല്‍ നടന്ന അമേരിക്കയിലെ ആഭ്യന്തരയുദ്ധത്തിലെ പട്ടാളമേധാവിയായിരുന്ന റോബര്‍ട്ട് ഇ. ലീ. അടിമത്തത്തെ പ്രോത്സാഹിപ്പിച്ചിരുന്നയാളാണെന്നും അവിടെ നടന്നത് വെള്ളക്കാരുടെ ആക്രമണമാണെന്ന് കൃത്യമായറിഞ്ഞിട്ടും ട്രംപ് നിലപാട് മയപ്പെടുത്തിയത് ശരിയായില്ലെന്നും” വിര്‍ജീനിയ സെനറ്റര്‍ ടിം കെയ്ന്‍ കുറ്റപ്പെടുത്തി.
”ജൂതനും അമേരിക്കന്‍ പൗരനും മനുഷ്യനുമെന്ന നിലയില്‍ ട്രംപിന്റെ പ്രതികരണം നിരാശപ്പെടുത്തിയെന്നും ഇതല്ല ഒരു പ്രസിഡന്റില്‍നിന്ന് പ്രതീക്ഷിക്കുന്നതെന്നും” ഹവായ് സെനറ്റര്‍ ബ്രെയ്ന്‍ ഷട്സ് പറഞ്ഞു. കൂടാതെ മുതിര്‍ന്ന റിപ്പബ്ലിക്കന്‍ സെനറ്റര്‍ ജോണ്‍ മക്കെയ്ന്, പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിത്വ മത്സരത്തില്‍ ട്രംപിന്റെ എതിരാളിയായിരുന്ന മാര്‍കോ റൂബിയോ തുടങ്ങിയവർ ട്രംപിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
“തീവ്ര വലതുവംശീയവാദികള്‍ എക്കാലവും എതിര്‍ക്കപ്പെടേണ്ടവരാണെന്നും അവരെ പ്രോത്സാഹിപ്പിക്കുന്ന സമീപനം ഉത്തരവാദപ്പെട്ടവരില്‍ നിന്ന് ഒരിക്കലുമുണ്ടാകരുതെന്നും” ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് ട്രംപിനോട് പറഞ്ഞു. ”ഫാഷിസ്റ്റുകളെയും അവരെ എതിര്‍ക്കുന്നവരെയും തമ്മിലും ഒരിക്കലും താരതമ്യം ചെയ്യാനാവില്ലെന്നും വംശീയതയുടെയും വെറുപ്പിന്റെയും തത്ത്വങ്ങളാണ് അത്തരം ഫാഷിസ്റ്റ് സംഘങ്ങള്‍ പിന്തുടരുന്നതെന്നും” തെരേസ മെയ് ചൂണ്ടിക്കാട്ടി.
Post Your Comments