ഷാർജ ; യുഎഇയില്‍ ഓടികൊണ്ടിരുന്ന കാറിൽനിന്നും തെറിച്ച് വീണ് മുന്‍ ബിജെപി കൗൺസിലറിന് ദാരുണാന്ത്യം. ഷാർജയിലെ ദൈദ് റോഡിൽ ഇന്നലെ(ചൊവ്വ) രാത്രി 11നുണ്ടായ അപകടത്തിൽ ബ്യുട്ടീഷനായി ജോലി ചെയ്യുന്ന കാസർകോട് അടുക്കത്ത് വയൽ കടപ്പുറം മണ്ണിക്കമാ ഹൌസിലെ സുനിതാ പ്രശാന്ത്(40)ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ബ്യൂട്ടി സലൂൺ ഉടമ മലയാളിയായ സൂസൻ, സഹപ്രവർത്തകയായ നേപ്പാളി യുവതി എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സുനിത താമസിക്കുന്ന സ്ഥലത്ത് കീടനാശനി പ്രയോഗം നടത്തിയിരുന്നതിനാൽ രാത്രി സ്ഥാപനം അടച്ച ശേഷം സൂസനും സുനിതയടക്കമുള്ള നാല് ജീവനക്കാരും ദൈദിലേയ്ക്ക് പോകവേയായിരുന്നു അപകടം. സൂസൻ ഒാടിച്ചിരുന്ന കാറിന്റെ വാതിൽ തനിയെ തുറന്ന് സുനിത പുറത്തേയ്ക്ക് തെറിച്ചുവീഴുകയും ഇലക്ട്രിക് പോസ്റ്റിൽ തലയിടിച്ചതിനെ തുടർന്ന് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിക്കുകയുമായിരുന്നു. ഇതുകണ്ട് പെട്ടെന്ന് ബ്രേയ്ക്ക് ചവിട്ടിയപ്പോൾ കാർ റോഡ് ഡിവൈഡറിലിടിച്ചാണ് സൂസനും നേപ്പാളി യുവതിക്കും പരിക്കേറ്റത്.
ദൈദ് ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾക്ക് തുടങ്ങി കഴിഞ്ഞു. കഴിഞ്ഞ അഞ്ച് വർഷമായി ഷാർജയിൽ ബ്യൂട്ടീഷനായി ജോലി ചെയ്യുകയായിരുന്ന സുനിത കാസർകോട് നഗരസഭയിൽ മുൻ ബിജെപി കൗൺസിലറായിരുന്നു. ഉദുമ മണ്ഡലം ബിജെപി സ്ഥാനാർഥിയായും നേരത്തെ മത്സരിച്ചിരുന്നു. സുനിതയുടെ മരണത്തിൽ ബിജെപി കാസർകോട് ജില്ലാ എൻആർഎെ സെൽ അനുശോചിച്ചു. ഭർത്താവ് പ്രശാന്ത് സന്ദർശക വീസയിൽ അടുത്തിടെയാണ് യുഎഇയിലെത്തിയത്. മക്കൾ: സംഗീത് പ്രശാന്ത്(17), സഞ്ജന പ്രശാന്ത് (14).
Post Your Comments