ന്യൂഡൽഹി: ഇസ്രത് ജഹാൻ ഏറ്റുമുട്ടൽ കേസിൽ ഉദ്യോഗസ്ഥരുടെ രാജി ആവശ്യപ്പെട്ട് സുപ്രീം കോടതി. കേസിൽ ആരോപണവിധേയരായ രണ്ട് പോലീസ് ഉദ്യോഗസ്ഥരോട് രാജി വച്ചൊഴിയാനാണ് സുപ്രീം കോടതി നിർദേശിച്ചു. ഗുജറാത്ത് പോലീസിലെ മുതിർന്ന ഉദ്യോഗസ്ഥരായ എൻ.കെ.ആമിൻ, ടി.എ.ബാരറ്റ് എന്നിവരോടാണ് കോടതി രാജി വയ്ക്കാൻ ആവശ്യപ്പെട്ടത്. കേസ് പരിഗണിക്കെ ഇവർ നേരിട്ട് കോടതിയിൽ ഹാജരായി ആരോപണങ്ങൾ നിഷേധിച്ചു. ഇതിനുശേഷമായിരുന്നു ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചിന്റെ സുപ്രധാന ഉത്തരവ്.
2016ൽ ഗുജറാത്ത് പോലീസിൽനിന്ന് എസ്പി റാങ്കിൽ റിട്ടയർ ചെയ്ത ആമിനെ കരാർ അടിസ്ഥാനത്തിൽ മഹിസാഗർ എസ്പിയായി സർക്കാർ വീണ്ടും നിയമിച്ചിരുന്നു. സൊഹ്റാബുദീൻ, ഇസ്ത്ര് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസുകളിൽ പ്രതിയാണ് ആമിൻ. വിരമിച്ച് ഒരു വർഷത്തിനുശേഷം കഴിഞ്ഞ വർഷം ഒക്ടോബറിലാണ്, ബാരറ്റിനെ വഡോദര റെയിൽവേ എസ്പിയായി സർക്കാർ നിയമിച്ചത്. ഇസ്രത് ജഹാൻ, സാദിഖ് ജമാൽ ഏറ്റുമുട്ടൽ കേസുകളിൽ ആരോപണ വിധേയനാണ് ബാരറ്റ്.
വിരമിച്ചശേഷം ഇരുവരെയും സർവീസിൽ തിരികെ പ്രവേശിപ്പിച്ചതിനെതിരേ മുൻ ഐപിഎസ് ഉദ്യോഗസ്ഥനായ രാഹുൽ ശർമയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ആമിൻ രണ്ട് വ്യാജ ഏറ്റുമുട്ടൽ കേസുകളിൽ പ്രതിയാണെന്നും എട്ടുവർഷത്തിനടുത്ത് ജുഡീഷൽ കസ്റ്റഡിയിൽ കഴിഞ്ഞ ആളാണെന്നും ഹർജിയിൽ ആരോപിക്കുന്നു. ജുഡീഷൽ കസ്റ്റഡിയിൽനിന്നു പുറത്തിറങ്ങിയതിനു പിന്നാലെ ആമിനെ എസ്പി റാങ്കിൽ സർക്കാർ നിയമിക്കുകയായിരുന്നു.
Post Your Comments