Latest NewsNewsIndia

വനിതാ പോലീസുകാരിയുടെ നമ്പര്‍ അശ്ലീല വെബ്‌സൈറ്റില്‍ പ്രചരിപ്പിച്ച യുവാവ് പിടിയില്‍

ഹൈദരാബാദ്•വനിതാ പോലീസ് കോണ്‍സ്റ്റബിളിന്റെ മൊബൈല്‍ നമ്പര്‍ അശ്ലീല വെബ്‌സൈറ്റിലൂടെ പ്രചരിപ്പിച്ച 24 കാരനെ തെലങ്കാന പോലീസ് അറസ്റ്റ് ചെയ്തു. തെലങ്കാനയിലെ വാറങ്കല്‍ സ്വദേശി ബിരം നിഖില്‍ കുമാറിനെയാണ് രചകൊണ്ട പോലീസ് അറസ്റ്റ് ചെയ്തത്.

വിദ്യാര്‍ഥിനിയെ ശല്യം ചെയ്ത കേസില്‍ അന്വേഷണം നടത്തിയതിന് പ്രതികാരമായായിരുന്നു യുവാവിന്റെ നടപടി. പോലീസുകാരി എട്ടുമാസം ഗര്‍ഭിണിയായിരിക്കുമ്പോഴാണ്‌ സംഭവം. പ്രതിയുടെ സന്ദേശങ്ങള്‍ മൂലമുണ്ടായ മാനസികാഘാതം മൂലം കുറച്ച് ദിവസത്തിന് ശേഷം അവര്‍ പ്രസവാവധിയില്‍ പ്രവേശിച്ചെന്നും എ.സി.പി സ്നേഹിത പറഞ്ഞു.

2016 ഒക്ടോബര്‍ 16 ന് ഹൈദരാബാദിലെ പ്രതിഭ കോളേജിലെ വിദ്യാര്‍ത്ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നിഖില്‍ കുമാറിനെ പോലീസ് വിളിച്ചുവരുത്തിയത്. അജ്ഞാതമായ ഒരു നമ്പരില്‍ നിന്നും തനിക്ക് നിരന്തരം അശ്ലീല മെസേജുകള്‍ വരുന്നുവെന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി. പരാതി അന്വേഷിക്കാന്‍ നിഖിലിനെ വിളിച്ച വനിത ഓഫീസറോട് വളരെ മോശമായിട്ടായിരുന്നു നിഖില്‍ലിന്റെ പെരുമാറ്റം.ഇതിനു പിന്നാലെ ഒരു മാസം കഴിഞ്ഞപ്പോള്‍ വനിതാ പോലീസുകാരിയ്ക്ക് നിരന്തരമായി വ്യത്യസ്ത നമ്പറുകളില്‍ നിന്നും ഫോണ്‍കോളുകള്‍ വരികയായിരുന്നു. ശല്യം സഹിക്കാനാവാതെ പോലീസ് ഉദ്യോഗസ്ഥ ഇബ്രാഹിം പട്ടണം പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പോലീസുകാരിയുടെ നമ്പര്‍ നിരവധി അശ്ലീല സൈറ്റുകളില്‍ അപ്‌ലോഡ്‌ ചെയ്തിരിക്കുന്നതായി കണ്ടെത്തിയത്.

തുടര്‍ന്ന് നടത്തിയ അനേഷണത്തിലാണ് നിഖില്‍ കുമാര്‍ വലയിലായത്. ഐ.പി.സി 354 (D), 419,420,471,186 വകുപ്പുകള്‍ പ്രകാരവും, ഐ.ടി ആക്റ്റ് 66 (c) വകുപ്പ് പ്രകാരവുമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തതായി എ.സി.പി സ്നേഹിത അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button