മക്ക ; ഈ വര്‍ഷം ഇരുപത് ലക്ഷം പേർ വിശുദ്ധ ഹജ്ജ് കര്‍മം നിര്‍വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സൗദി ഹജ്ജ് ഉംറ മന്ത്രി മുഹമ്മദ് സാലേഹ് ബന്ദാന്‍ അറിയിച്ചു. ഇവരെ സഹായിക്കാന്‍ പുരുഷന്മാരും സ്ത്രീകളും ഉൾപ്പെടുന്ന 1,38,000 പേരെ വിവിധ വിഭാഗത്തിനു കീഴില്‍ നിയോഗിച്ചിട്ടുണ്ട്. സൗദി ഹജ്ജ് മന്ത്രാലയം മാത്രം 95,000 പേരെ നിയമിച്ചു. നിരവധി സന്നദ്ധസേവകരും സ്‌കൗട്ടുകളും ഹാജിമാരുടെ സേവനത്തിനുണ്ട് .
“ഇറാനികളെന്നോ ഖത്തറികളെന്നോ വിവേചനമില്ലാതെ ലോകത്തിന്റെ എല്ലാദിക്കില്‍നിന്നുമെത്തുന്ന തീര്‍ഥാടകര്‍ക്കും മികച്ച സേവനം നല്‍കാന്‍ സൗദി ഭരണാധികാരികള്‍ നിര്‍ദേശം നല്‍കിയതായും വിശുദ്ധ ഹജജ് കര്‍മത്തിന് ഭംഗം വരുത്തുംവിധം ആരുടെയെങ്കിലും ഭാഗത്തുനിന്ന് നീക്കമുണ്ടായാല്‍ ശക്തമായി നേരിടുമെന്നും” മന്ത്രി പറഞ്ഞു. കൂടാതെ “വിശുദ്ധ ഹജ്ജ് കര്‍മ്മത്തിനായി അല്ലാഹുവിന്റെ അതിഥികളായി എത്തുന്നവരെ സേവിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതായും” മന്ത്രി അറിയിച്ചു.
ഹാജിമാര്‍ക്ക് മികച്ച സേവനമൊരുക്കാൻ ഹജ്ജ് പദ്ധതിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയാൻ മക്ക അമീറും കേന്ദ്രഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ അമീര്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. വിവിധ വകുപ്പ് പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. വിദേശത്തുനിന്ന് പതിനേഴ് ലക്ഷം തീര്‍ഥാടകരും സൗദിക്കകത്തുനിന്ന് 2.11 ലക്ഷം പേരും ഹജ്ജ്കര്‍മം നിര്‍വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Post Your Comments