ദുബായ് ; യുഎഇയിലെ കെട്ടിടങ്ങൾക്കുണ്ടാകുന്ന തീപിടുത്തത്തിന്റെ മുഖ്യകാരണം താമസക്കാരുടെ അശ്രദ്ധയാണെന്നു സർവ്വേ റിപ്പോർട്ട്. ഈ വർഷം ആറുമാസത്തിനിടെയുണ്ടായ അഗ്നിബാധയുടെ കാരണങ്ങൾ വിലയിരുത്തി നടത്തിയ സർവ്വേയില്‍ 45 ശതമാനം പേരും ഈ അഭിപ്രായമാണു രേഖപ്പെടുത്തിയത്. 34 ശതമാനം പേർ കെട്ടിടത്തിലെ ദുർബലമായ സുരക്ഷാ സംവിധാനങ്ങളാണ് തീപിടുത്തത്തിന് കാരണമെന്ന് റിപ്പോർട്ട് ചെയ്‌തപ്പോൾ കാലാവസ്ഥാ സാഹചര്യങ്ങളാണു കാരണമെന്ന് 21 ശതമാനം പേർ അഭിപ്രായപ്പെട്ടു.
യുഎഇ പ്രാദേശിക ദിനപത്രം നടത്തിയ സർവേ ഫലം ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള സിവിൽ ഡിഫൻസ് ഡിപ്പാർട്മെന്റ് അധികൃതരും അംഗീകരിച്ചു. കഴിഞ്ഞവർഷം സ്വകാര്യ കെട്ടിടങ്ങളിലും വീടുകളിലുമുണ്ടായ 57% തീപിടിത്തത്തിന്റെയും പ്രധാന കാരണം കുടുംബങ്ങളുടെ അശ്രദ്ധയാണ്. പ്രാഥമിക സുരക്ഷാ കാര്യങ്ങൾപോലും കുടുംബങ്ങൾ അവഗണിച്ചെന്നും,സുരാക്ഷാ മാർഗ നിർദേശങ്ങൾ പലരും മുഖവിലയ്ക്കെടുത്തില്ലെന്നും അധികൃതർ പറഞ്ഞു.
മുൻകാല റിപ്പോർട്ടുകൾ പ്രകാരം വീട് നിർമിക്കുമ്പോഴും അറ്റകുറ്റപ്പണികൾ നടത്തുമ്പോഴും പാലിക്കേണ്ട സുരക്ഷാ കാര്യങ്ങൾ ലംഘിച്ചത് വിനയായെന്ന് അധികൃതർ വെളിപ്പെടുത്തി. പല അപകടങ്ങളിലും പുക ശ്വസിച്ചായിരുന്നു ആളുകൾ മരിച്ചത്. അഗ്നിബാധയുണ്ടാകുമ്പോൾ പുക നിർമാർജനം ചെയ്യുന്ന പ്രതിരോധ സംവിധാനം പാർപ്പിട കെട്ടിടങ്ങളിൽ സജ്ജീകരിക്കണമന്നത് നിർബന്ധമാക്കിയെന്നും വില്ലകൾ, പരമ്പരാഗത പാർപ്പിട കെട്ടിടങ്ങൾ എന്നിവിടങ്ങളിൽ അടുത്തവർഷം മുതൽ സംവിധാനം നടപ്പാക്കണമെന്ന് നിർദേശിച്ചതായും അധികൃതർ പറഞ്ഞു.
Post Your Comments