KeralaLatest NewsNews

പി.സിയുടെ പ്രസ്താവന; സ്ത്രീവിരുദ്ധ പഠനങ്ങള്‍ക്കുള്ള അക്ഷയഖനിയെന്ന് സുജ സൂസന്‍ ജോര്‍ജ്

പി.സി ജോർജിനെതിരെ സുജ സൂസന്‍ ജോര്‍ജ്. കേരള രാഷ്ട്രീയത്തില്‍ സ്ത്രീവിരുദ്ധത എങ്ങെനെയൊക്കെയാണ് പ്രവര്‍ത്തിച്ചിരുന്നത് എന്നതിന്റെ പാഠപുസ്തകമാണ് പിസി ജോര്‍ജെന്ന് സുജ സൂസന്‍ ജോര്‍ജ് അഭിപ്രായപ്പെട്ടു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുജ സൂസൻ ജോർജ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

അദ്ദേഹം കേരള വനിതാ കമ്മീഷനെ കുറിച്ച്‌ നടത്തിയ അഭിപ്രായപ്രകടനത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍. സ്ത്രീകളെ അങ്ങേയറ്റം അധിക്ഷേപിക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിയതിനെതിരായി കേരളത്തിലെ സ്ത്രീകള്‍ മുന്നോട്ട് വരണമെന്നും അല്ലെങ്കില്‍ ചരിത്രം ക്ഷമിക്കില്ലെന്നും സൂസന്‍ പോസ്റ്റില്‍ പറയുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപത്തിലേക്ക്;

കേരള രാഷ്ട്രീയത്തില്‍ സ്ത്രീവിരുദ്ധത എങ്ങെനെയൊക്കെയാണ് പ്രവര്‍ത്തിച്ചിരുന്നത് എന്നതിന്റെ ഒരു പാഠപുസ്തകമാണ് പിസി ജോര്‍ജ്. കേരള വനിതാ കമ്മീഷനെക്കുറിച്ച്‌ അദ്ദേഹം ഇന്നലെ പറഞ്ഞ കാര്യങ്ങളും ഈ പാഠപുസ്തകത്തിലെ ഒരു അധ്യായമാക്കാന്‍ കൊള്ളാം. രാഷ്ട്രീയത്തിലെ സ്ത്രീ വിരുദ്ധതയെക്കുറിച്ച്‌ നടത്തുന്ന പഠനങ്ങള്‍ക്കുള്ള അക്ഷയഖനിയാണ് പിസി ജോര്‍ജിന്റെ മഹദ് പ്രസ്താവനകള്‍. ഇവയെല്ലാം അക്കാദമിക് പഠനങ്ങള്‍ക്കും സാംസ്ക്കാരിക പഠനങ്ങള്‍ക്കുമായി ശേഖരിച്ച്‌ വെയ്ക്കേണ്ടതാണ്. പില്ക്കാലത്തേക്ക് വളരെ പ്രയോജനം ചെയ്യും.

സഖാവ് എം സി ജോസഫൈന്‍ അധ്യക്ഷയായ കേരള വനിതാ കമ്മീഷന്‍ സുദൃഢമായ ചുവടുകളാണ് എടുക്കുന്നത്. ആക്രമിക്കപ്പെട്ട നടിയെക്കുറിച്ച്‌ പിസി ജോര്‍ജ് നടത്തിയ അപമാനകരമായ പ്രസ്താവനയുടെ മേല്‍ കേസെടുക്കുന്നത് ഇതിലൊരു നടപടി മാത്രമാണ്. ഇത് ശ്രീമാന്‍ ജോര്‍ജിനെ കുപിതനാക്കിയെന്നത് സ്വാഭാവികം. അതിലെനിക്കത്ഭുതമില്ല. പക്ഷേ, അദ്ദേഹത്തിന്റെ വാക്കുകളിലെ സ്ത്രീവിരുദ്ധതയുടെ ലക്ഷണമൊത്ത പ്രസ്താവനകളാണ് എനിക്ക് കൗതുകമുണ്ടാക്കുന്നത്​.

‘:വനിതാകമ്മീഷനെന്നു കേട്ടാല്‍ ഭയങ്കര പേടിയാണ്, അല്പ്പം ഉള്ളി കിട്ടിയാല്‍ കരയാമായിരുന്നു’ എന്നാണ് കേരള വനിതാ കമ്മീഷനെ ഈ നിയമസഭാംഗം അധിക്ഷേപിക്കുന്നത്! ‘മാന്യമായി ജീവിക്കുന്ന സ്ത്രീകള്‍ക്കാായി ഉണ്ടാക്കിയ നിയമങ്ങള്‍ വെറും തറപ്പെണ്ണുങ്ങള്‍ ഇറങ്ങി നശിപ്പിക്കുകയാണ്. അവളുമാരുടെയൊക്കെ തനിനിറം കമ്മീഷനു മൊഴിയിലൂടെ പുറത്ത് കൊണ്ടുവരും’ഇതാണ് പിസി ജോര്‍ജ് പ്രശ്നം! ഈ രാജ്യത്തെ നിയമങ്ങളൊക്കെ മാന്യമഹിളകള്‍ക്കു വേണ്ടിയാണെന്നും ‘തറപ്പെണ്ണുങ്ങള്‍’ക്ക് വേണ്ടിയല്ല എന്നുമാണ് നിങ്ങളെപ്പോലുള്ളവര്‍ വിചാരിക്കുന്നത്. തറപ്പെണ്ണുങ്ങളെന്ന് നിങ്ങള്‍ വിളിക്കുന്ന മനുഷ്യര്‍ക്കാണ് വനിതാ കമ്മീഷന്‍ സംരക്ഷണം നല്കേണ്ടതെന്നാണ് എന്നെ പോലുള്ള നിരവധി ആളുകള്‍ കരുതുന്നത്. അതൊരു രാഷ്ട്രീയ പ്രശ്നമാണ്. ആ വ്യത്യാസം നിങ്ങള്‍ക്ക് മനസ്സിലാകുമെന്ന് എനിക്ക് തോന്നുന്നുമില്ല.
കേരളത്തിലെ സ്ത്രീകളൊന്നായി ഈ എംസിപിക്കെതിരായി മുന്നോട്ട് വന്നില്ലെങ്കില്‍ ചരിത്രം നമ്മളോട് ക്ഷമിക്കില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button