കോട്ടയം : യുവനടിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പ്രസ്താവന നടത്തിയ പി.സി.ജോര്‍ജിനെതിരെ കേസ് എടുക്കാന്‍ വനിതാകമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു. ഇതിനെതിരെയാണ് ഇപ്പോള്‍ പി.സി.ജോര്‍ജ് രംഗത്തുവന്നിരിക്കുന്നത്. തന്നെ സ്ത്രീവിരുദ്ധനാക്കാന്‍ സ്വയം പ്രഖ്യാപിത തമ്പുരാട്ടിമാര്‍ ഇറങ്ങിപ്പുറപ്പെടേണ്ടെന്നാണ് വനിതാ കമ്മീഷന്‍ അധ്യക്ഷയോടു പി.സി.ജോര്‍ജ് തുറന്നടിച്ചത്. നടിയുടെ കേസ് ദുര്‍ബലപ്പെടുത്താനല്ല വീഴ്ച ചൂണ്ടിക്കാട്ടാനാണ് ശ്രമിച്ചത്. പി.സി.ജോര്‍ജിനെ സ്ത്രീ വിരുദ്ധനാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടാല്‍ നിരാശപ്പെടുകയേ ഉള്ളൂ. ഞാന്‍ ജനങ്ങളില്‍ നിന്നകന്നും അവരെ ഒഴിവാക്കിയും മാധ്യമങ്ങളില്‍ നിന്ന് ഒളിച്ചോടിയും ജീവിക്കുന്നവനല്ല. എന്റെ രാജ്യത്തിന്റെ ഭരണഘടനയില്‍ അതിരറ്റ് അഭിമാനം കൊള്ളുന്ന ഞാന്‍, നിയമത്തെ ആദരിച്ചും നിയമത്തിന് വിധേയനായുമേ ജീവിക്കൂ. അതല്ലാതെ ഒരു സ്വയം കല്‍പ്പിത തമ്പുരാട്ടിയുടേയോ ഏതാനും തമ്പുരാട്ടിമാരുടെയോ തമ്പുരാക്കന്‍മാരുടേയോ തീട്ടൂരത്തിനോ ഭയപ്പെടുത്തലിനോ വഴങ്ങി ഈ ജന്മം ഈശ്വരനെയല്ലാതെ ആരെയും പേടിച്ചു ജീവിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പി.സി.ജോര്‍ജ് സമൂഹമാധ്യമത്തില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.
പി.സി. ജോര്‍ജ് എംഎല്‍എയുടെ വിരട്ടല്‍ വനിത കമ്മിഷനോട് വേണ്ടെന്ന് അധ്യക്ഷ എം.സി. ജോസഫൈന്‍ ഞായറാഴ്ച വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു. വിരട്ടല്‍ വിലപ്പോവില്ല. ആ മനോഭാവം ആര്‍ക്കും ഭൂഷണമല്ല. ജനപ്രതിനിധികള്‍ നിയമസംവിധാനങ്ങളോടും സത്യപ്രതിജ്ഞയോടും കൂറു പുലര്‍ത്തേണ്ടവരാണ്. സ്വമേധയാ കേസെടുക്കാനും പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കാനും വനിതാ കമ്മിഷന് അധികാരം നല്‍കുന്ന നിയമം നിയമസഭ പാസാക്കിയതാണ്. ആരെയും ശിക്ഷിക്കുകയോ തൂക്കിക്കൊല്ലാന്‍ വിധിക്കുകയോ ചെയ്യുന്ന സ്ഥാപനമല്ല വനിതാ കമ്മിഷന്‍. സ്ത്രീകള്‍ക്കെതിരെ ആരുടെ ഭാഗത്തുന്ന് നീതി നിഷേധം ഉണ്ടായാലും ഇടപെടും. ഒരു പരിഗണനയും ആര്‍ക്കുമില്ലെന്നും ജോസഫൈന്‍ പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയാണ് ജോര്‍ജ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.
പി.സി.ജോര്‍ജ് പോസ്റ്റ് ചെയ് കുറിപ്പിന്റെ പൂര്‍ണരൂപം
കഴിഞ്ഞകാല ചരിത്രം വിസ്മരിക്കാമെന്നും അത് മറ്റുള്ളവരില്‍നിന്നും മറച്ചുപിടിച്ച് സ്വയം പ്രഖ്യാപിത വിശുദ്ധയോ, വിശുദ്ധനോ ആകാമെന്നുള്ള വ്യാമോഹം ഒരു പദവിയിലെത്തുമ്പോള്‍ സ്വാഭാവികമായി ആര്‍ക്കുമുണ്ടാകാം. നാണംകെട്ടുണ്ടാക്കിയ പണം ആ നാണക്കേട് മറച്ചിടുമെന്ന പഴഞ്ചൊല്ല് മറ്റ് വിധത്തില്‍ പ്രാവര്‍ത്തികമാക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. അത്തരത്തിലൊരു പരിശ്രമമാണ് ഇപ്പോള്‍ ചിലര്‍ എനിക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് പറയാതെ വയ്യ.
കൊച്ചിയില്‍ ഒരു സിനിമ നടി ആക്രമിക്കപ്പെട്ടപ്പോള്‍ അത് ചെയ്തവരേയും ആരെങ്കിലും ചെയ്യിച്ചതാണെങ്കില്‍ അവരെയും ബ്ലേഡിനു ശരീരം വരഞ്ഞ് കാന്താരി മുളക് തേച്ച് അനുഭവിപ്പിച്ചിട്ടേ ജയില്‍വാസത്തിനയക്കാവൂ എന്ന അഭിപ്രായമാണ് ഞാന്‍ പ്രകടിപ്പിച്ചത്. ആ കേസുമായി ഒരു സിനിമ നടനെ ബന്ധിപ്പിച്ചെടുത്ത് അയാളെ തകര്‍ക്കാന്‍ ആസൂത്രിത ഗൂഡാലോചന നടന്നു എന്നു ആ കേസ് അന്വേഷിക്കുന്ന പൊലീസ് രീതികള്‍കൊണ്ട് ഇപ്പോഴും ഞാന്‍ വിശ്വസിക്കുന്നു. കാരണം ഹൃദയശുദ്ധിയുള്ളവര്‍ പൊലീസിലുള്ളതുപോലെ ഫൂലന്‍ ദേവിയെപ്പോലെയുള്ളവരും ആ സേനയിലുണ്ട്. അവര്‍ ഇതിനു മുന്‍പും നിരപരാധികളുടെ ജീവിതങ്ങള്‍ തകര്‍ത്ത ചരിത്രവുമുണ്ട്.
ഗൂഢാലോചന കേസില്‍ ജയിലില്‍ കിടക്കുന്ന നടന് ഒരു കാരണവശാലും ജാമ്യം കിട്ടാതിരിക്കുവാന്‍ പൊലീസ് കോടതിയില്‍ കൊടുത്ത വിവരം മാധ്യമ പ്രവര്‍ത്തകര്‍ പറഞ്ഞപ്പോള്‍ ആലപ്പുഴയില്‍ ഞാന്‍ നടത്തിയ പ്രതികരണം എന്റെ ചുറ്റുപാടുകളില്‍ ഞാന്‍ കേട്ട സാധാരണക്കാരുടെ സംശയമാണ്. ഒരു ബസ്സില്‍ വച്ച് അഞ്ചാറു നരാധമന്‍മാര്‍ ചേര്‍ന്ന് മൃഗീയമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ നിര്‍ഭയക്കുണ്ടായതിനെക്കാള്‍ ക്രൂരമായ പീഡനത്തിനാണ് കൊച്ചിയില്‍ ആക്രമിക്കപ്പട്ട നടി ഇരയായത് എന്നാണ് പൊലീസ് കോടതിയില്‍ കൊടുത്തതെന്നാണ് മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയത്. ഇങ്ങനെയാണ് പൊലീസ് കോടതിയില്‍ കൊടുത്തതെങ്കില്‍ സംഭവത്തിനു ശേഷം നടിയെങ്ങനെ രണ്ടു ദിവസം കഴിഞ്ഞ് ഷൂട്ടിങ്ങിനു പോയി, എതാശുപത്രിയിലാണ് അവര്‍ ചികില്‍സ തേടിയത് എന്ന സംശയമുണ്ടാവില്ലേ… അത് കേസിനെ ദുര്‍ബലപ്പെടുത്തില്ലേ എന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്… പൊലീസ് ഈ വക വിവരക്കേടു കാണിക്കാമോ എന്നു ചോദിച്ചാല്‍ അതെങ്ങനെ ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയെ അപമാനിക്കലാവും?
അതിനാണ് പി.സി.ജോര്‍ജിനെ സ്ത്രീ വിരുദ്ധനാക്കി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത്. ചിത്രകാരനായ ഹുസൈന് അവാര്‍ഡു കൊടുക്കുവാന്‍ മന്ത്രിയായിരുന്ന എം.എ.ബേബി തീരുമാനിച്ചു. സീതാദേവിയെ നഗ്നയായി ചിത്രീകരിച്ച് പടം പടച്ച മാന്യനാണ് ഹുസൈന്‍. സീതാദേവിയെ തുണിയില്ലാതെ വരച്ചുവച്ച ഹുസൈന്‍ അവന്റെ സ്വന്തം അമ്മയുടെ പടം തുണിയില്ലാതെ ഒന്നു വരച്ചു വക്കട്ടെ.. എന്നിട്ട് കമ്യൂണിസ്റ്റ് മന്ത്രി അയാള്‍ക്ക് അവാര്‍ഡു കൊടുക്കട്ടെ എന്ന് പരസ്യമായി പറഞ്ഞ പി.സി.ജോര്‍ജിനെതിരെ അന്നത്തെ വനിതാ കമ്മീഷന്‍ എന്തേ കേസെടുക്കാഞ്ഞത്?.. അന്ന് ഫെമിനിസ്റ്റുകളാരും അത് കേട്ടില്ലായിരുന്നോ?
ഒളിച്ചുവച്ചും മറച്ചു പിടിച്ചും ഇന്നുവരെ ഞാന്‍ ജീവിച്ചിട്ടില്ല… ഇനി ജീവിക്കാന്‍ ഒട്ടു ഉദ്ദേശവുമില്ല. അങ്ങനെ ജീവിച്ചവര്‍ക്ക് മറച്ചുവച്ച് ജീവിച്ചതൊക്കെ പുറത്തറിഞ്ഞാല്‍ പലതും നഷ്ടപ്പെട്ടേക്കും.. പി.സി.ജോര്‍ജിനെ സ്തീ വിരുദ്ധനാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടാല്‍ നിരാശപ്പെടുകയേ ഉള്ളൂ. ഞാന്‍ ജനങ്ങളില്‍ നിന്നകന്നും അവരെ ഒഴിവാക്കിയും മാധ്യമങ്ങളില്‍ നിന്ന് ഒളിച്ചോടിയും ജീവിക്കുന്നവനല്ല.. അതറിയാന്‍ പാടില്ലാത്ത ഫെമിനിസ്റ്റുകളും സ്ത്രീവാദികളും എന്റെ നാട്ടില്‍ വന്ന് ഒന്നന്വേഷിക്ക്.. അവരു പറഞ്ഞു തരും… വണ്ടിക്കൂലി വേണേല്‍ ഞാന്‍ തരാം വരുന്നവര്‍ക്ക്.
Post Your Comments