തിരുവനന്തപുരം : കനയ്യകുമാര്‍ കേരളത്തില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യത. 2019-ല്‍ നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സി.പി.ഐ. സ്ഥാനാര്‍ഥിയായി മത്സരിപ്പിക്കാനാണ് നീക്കം. ജെ.എന്‍.യു. യൂണിയന്‍ മുന്‍ പ്രസിഡന്റും എ.ഐ.എസ്.എഫ്. നേതാവുമായ കനയ്യകുമാര്‍ അതിന് തയ്യാറാണെന്നാണ് ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്നുള്ള രഹസ്യവിവരം. ഔദ്യോഗിക തീരുമാനം ഒന്നും ഇല്ലെങ്കിലും ഇടതുപക്ഷ യുവാക്കളുടെ ആവേശമായി മാറിയ കനയ്യയെ കേരളത്തില്‍ സ്ഥാനാര്‍ഥിയാക്കുന്നത് പാര്‍ട്ടിക്ക് വലിയ ഗുണം ചെയ്യുമെന്ന അഭിപ്രായം പൊതുവെ ഉയര്‍ന്നുകഴിഞ്ഞു.
എ.ഐ.എസ്.എഫ്. സംസ്ഥാനസമ്മേളനത്തിന്റെ പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ കനയ്യകുമാറിന്റെ സാന്നിധ്യം വലിയ ആവേശത്തോടെയാണ് യുവാക്കള്‍ സ്വീകരിച്ചത്. രണ്ടുവര്‍ഷം കഴിഞ്ഞു നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആര് സ്ഥാനാര്‍ഥിയാവുമെന്ന് പാര്‍ട്ടി ചര്‍ച്ചയൊന്നും ചെയ്തിട്ടില്ല. ജെ.എന്‍.യു.വിലെതന്നെ വിദ്യാര്‍ഥിയായിരുന്ന മുഹമ്മദ് മൊഹിസിനെ പട്ടാമ്പിയില്‍ സ്ഥാനാര്‍ഥിയാക്കി വിജയം കൊയ്തിട്ടുണ്ട് സി.പി.ഐ.
കനയ്യകുമാര്‍ സ്ഥാനാര്‍ഥിയാകുന്നുണ്ടെങ്കില്‍ അത് തിരുവനന്തപുരത്താവാനാണ് സാധ്യത. ബി.ജെ.പി. ശക്തിപ്രാപിക്കുന്ന തിരുവനന്തപുരത്ത് ചരിത്രം തിരുത്തിയെഴുതാന്‍ കനയ്യക്ക് കഴിയുമെന്നാണ് പാര്‍ട്ടിക്കുള്ളില്‍ പലരും കരുതുന്നത്. മഹാസഖ്യം വിജയിക്കുകയും പിന്നീട് ദയനീയമായി പരാജയപ്പെടുകയും ചെയ്ത ബിഹാറാണ് കനയ്യയുടെ നാട്.
മലയാളഭാഷ കടുപ്പമാണെങ്കിലും പഠിച്ചെടുക്കാന്‍ ശ്രമിക്കുകയാണെന്ന് കനയ്യകുമാര്‍ പറയുന്നു. സംഘപരിവാര്‍ശക്തികളുടെ പ്രചാരണങ്ങളെ തള്ളിക്കളയുന്ന സംസ്ഥാനമാണ് കേരളം എന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഒന്നിലധികം തവണ വന്ന അദ്ദേഹത്തിന് ആവേശോജ്ജ്വലമായ സ്വീകരണമാണ് ലഭിച്ചത്. വയനാട്ടിലും അദ്ദേഹം പൊതുയോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. കനയ്യകുമാറിനെ സി.പി.ഐ.യുടെ ദേശീയമുഖമാക്കാനാണ് പാര്‍ട്ടി ശ്രമിക്കുന്നത്. പാര്‍ലമെന്റില്‍ അദ്ദേഹം ഉണ്ടാവണമെന്ന് പാര്‍ട്ടി കരുതുന്നതും അതിനാലാണ്.
Post Your Comments