CinemaLatest NewsBollywood

ദീപികയെ കരയിപ്പിച്ച ആ കത്ത് ഇനി പാഠ്യ പദ്ധതിയിലും

ഇന്ത്യയുടെ കായിക നേട്ടങ്ങളിലും സിനിമയിലും തലയുയര്‍ത്തി നില്‍ക്കുന്ന കുടുംബമാണ് പദുകോണ്‍ കുടുംബം. ഇന്ത്യയുടെ ബാഡ്മിന്റൺ ഇതിഹാസം പ്രകാശ് പദുകോണ്‍, ബോളിവുഡ് താര സുന്ദരിയായി തിളങ്ങുന്ന ദീപിക പദുകോണ്‍, ഗോൾഫ് കോഴ്സിലെ തിളങ്ങുന്ന താരം അനീഷ എന്നിവരാണ്  ഈ കുടുംബത്തിലെ ചിലര്‍.

പ്രകാശ് പദുക്കോണ്‍ പണ്ടെഴുതിയ ഒരു കത്ത് ഇപ്പോള്‍ ഗുജറാത്തിലെ പ്ലസ് ടു വിദ്യാർഥികൾക്ക് പഠന വിഷയമാണ്. ഒരച്ഛന്റെ കത്തുകള്‍ എന്ന പേരിലാണ് കത്ത് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രകാശ് പദുക്കോണ്‍ തന്റെ ജീവിതാനുഭവങ്ങളും പ്രതിസന്ധികളെ അതിജീവിക്കുന്നതിനായി തന്റെ രണ്ടു മക്കള്‍ക്കും നല്‍കുന്ന ഉപദേശങ്ങളും അടങ്ങിയ കത്ത് ആത്മബന്ധങ്ങങ്ങള്‍ വരച്ചു കാട്ടുന്നു. മക്കളെ സ്വപ്നം കാണാന്‍ പഠിപ്പിക്കേണ്ടതും ആ സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ എല്ലാ പിന്തുണയും നല്‍കി കൂടെ നില്‍ക്കേണ്ടതും അച്ഛനമ്മമാരുടെ കടമയാണ്. സ്വപ്ന പൂര്‍ത്തീകരണത്തിനായി കഠിനമായി അധ്വാനിക്കേണ്ടത് മക്കളുടെ കടമയാണെന്നും ഓര്‍മ്മിപ്പിക്കുന്ന ഈ കത്ത് ഫിലിം ഫെയര്‍ അവാര്‍ഡ് വേദിയില്‍ ദീപികയെ കരയിപ്പിക്കുകയും സദസിനെ കണ്ണുനീരണിയിപ്പിച്ച ഒന്നായിരുന്നു. അച്ഛന്റെയും മകളുടെയും ആത്മബന്ധത്തിന്റെ കഥ പറഞ്ഞ പികു എന്ന ചിത്രത്തിനു ഫിലിം ഫെയര്‍ അവാര്‍ഡ് നേടിയ ദീപിക ആ വേദിയില്‍ വച്ച് തനിക്കും സഹോദരിക്കും അച്ഛന്‍ എഴുതിയ ഈ കത്ത് നിറകണ്ണുകളോടെ വായിച്ചിരുന്നു.

കത്തിന്റെപ്രസക്ത ഭാഗങ്ങള്‍:

പ്രിയപ്പെട്ട ദീപിക, അനീഷ

ജീവിത യാത്രയുടെ ആരംഭഘട്ടത്തില്‍ നില്‍ക്കുന്ന നിങ്ങളുമായി ജീവിതം എന്നെ പഠിപ്പിച്ച ചില പാഠങ്ങള്‍ പങ്കുവെയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ബാംഗ്ലൂരില്‍ വളര്‍ന്ന ആ കൊച്ചു പയ്യന്റെ മനസ്സില്‍ ബാഡ്മിന്റണ്‍ എന്ന സ്വപ്നം കയറിയത്. മികച്ച പരിശീലന കേന്ദ്രങ്ങളോ സ്റ്റേഡിയമോ അക്കാലത്ത് അവിടെ ഇല്ലായിരുന്നു. വീടിനടുത്തുള്ള കാനറാ യൂണിയന്‍ ബാങ്കിന്റെ വിവാഹ മണ്ഡപത്തിലാണ് പരിശീലനം നടത്തിയിരുന്നത്. അവിടെ വച്ചാണ് കളിയുടെ ആദ്യ പാഠങ്ങള്‍ ഞാന്‍ പഠിച്ചത്. എന്നും അവിടെ വിവാഹമോ മറ്റു പരിപാടിയോ ഉണ്ടോ എന്ന് നോക്കും. ഇല്ലാത്ത ദിവസം സന്തോഷമാണ്. മതിയാവോളം കളിക്കാമായിരുന്നു. ഇന്ന് തിരിഞ്ഞു നോക്കുമ്ബോള്‍ ഒന്നിനേക്കുറിച്ചും അമിതമായി സന്തോഷിക്കാത്തതും വിഷമിക്കാത്തതുമായിരുന്നു ഏറ്റവും വലിയ കാര്യമെന്ന് ഞാന്‍ മനസ്സിലാക്കുന്നു. അത് തന്നെയാണ് എനിക്ക് നിങ്ങളോടും പറയാനുള്ളത്.

ആഗ്രഹങ്ങള്‍ക്കും ദൃഡനിശ്ചയത്തിനും കഠിനാധ്വാനത്തിനും പകരം വെയ്ക്കാന്‍ മറ്റൊന്നുമില്ല. ചെയ്യുന്ന ജോലിയെ നിങ്ങള്‍ സ്നേഹിച്ചാല്‍ മറ്റൊന്നും നിങ്ങളെ ബാധിക്കില്ല. അവാര്‍ഡുകളോ, പ്രതിഫലമോ ടിവിയില്‍ വരുന്ന വാര്‍ത്തകളോ യാതൊന്നും നിങ്ങള്‍ക്ക് വിഷയമാകില്ല. ഓള്‍ ഇന്ത്യ ചാമ്പ്യന്‍ഷിപ്പ് നേടുമ്പോള്‍ എനിക്ക് കിട്ടിയ തുക വളരെ വലുതായിരുന്നു, 3000 പൗണ്ട്. എന്നാല്‍ ആ കളിയില്‍ ഇന്ത്യയുടെ പേര് ലോക ഭൂപടത്തില്‍ ശ്രദ്ധേയമായി എന്നതാണ് എന്നെ സന്തോഷിപ്പിച്ചത്.

ദീപിക, 18-ാം വയസ്സില്‍ മോഡലിങിനായി മുംബൈയിലേക്ക് പോകണമെന്ന് നീ വാശി പിടിച്ചപ്പോള്‍ ആ തീരുമാനം ഞങ്ങള്‍ക്ക് പ്രയാസമായിരുന്നു. നീ ചെറുപ്പമായിരുന്നു. ഒന്നും അറിയാത്ത നഗരത്തില്‍ പരിചയമില്ലാത്ത ജോലി തേടി നീ പോകുന്നതിനേക്കുറിച്ചുള്ള ആദിയായിരുന്നു അന്ന്. എന്നാല്‍ നിന്റെ ആഗ്രഹത്തിനൊത്ത് നിന്നെ വിടാന്‍ ഞങ്ങള്‍ തീരുമാനിച്ചു. സ്വപ്നങ്ങളെ പിന്തുടരാന്‍ മക്കളെ സഹായിക്കണമെന്ന് ഞങ്ങള്‍ മനസ്സിലാക്കി. ഇഷ്ടങ്ങളുടെ പൂര്‍ത്തീകരണമാണ് ജീവിതത്തിന് പൂര്‍ണ്ണത നല്‍കുന്നത്.

സ്വപ്ന സാക്ഷാത്കാരത്തില്‍ നീ വിജയിച്ചാല്‍ അത് ഞങ്ങള്‍ക്ക് അഭിമാനം തന്നെ. ഇനി അങ്ങനെ ആയില്ലെങ്കില്‍ പോലും പ്രയത്നിച്ചില്ല എന്ന കുറ്റബോധം നിനക്കുണ്ടാവില്ല. ജീവിതത്തില്‍ എല്ലാം നമ്മള്‍ ആഗ്രഹിച്ചത് പോലെ നടക്കണമെന്നില്ല. എന്നും വിജയങ്ങള്‍ മാത്രം ലഭിക്കണമെന്നില്ല. ഇത് ഞാന്‍ പഠിച്ച പാഠമാണ്. ഏറ്റവും പ്രയാസകരമായ ഘട്ടത്തില്‍ പോലും എന്ത് ലഭിച്ചില്ല എന്നതിലല്ല എന്ത് നേടാനായി എന്നതില്‍ സന്തോഷിക്കുക.

നിങ്ങള്‍ ഇരുവരും ഞങ്ങളുടെ ഉപദേശങ്ങള്‍ മാനിച്ച്‌ സ്വന്തം പ്രയത്നത്തില്‍ ഉയര്‍ന്നു വരുന്നതില്‍ ഞങ്ങള്‍ സന്തോഷിക്കുന്നു. വീട്ടില്‍ വരുമ്ബോള്‍ നീ നിന്റെ കിടക്ക വിരിക്കുന്നു. ഭക്ഷണമേശ വൃത്തിയാക്കുന്നു, ഇവിടെ അതിഥികള്‍ ഉള്ളപ്പോള്‍ നിലത്തു കിടക്കുന്നു. നിന്നെ ഒരു സിനിമാ താരമായി ഞങ്ങള്‍ കാണാത്തതില്‍ നീ അത്ഭുതപ്പെട്ടു കാണും. ഞങ്ങള്‍ക്ക് നീയെന്നും മകളാണ്. അതിനു ശേഷം മാത്രമാണ് സിനിമാ താരമാകുന്നത്.

നിന്നെ പിന്തുടരുന്ന ക്യാമറകളും വെള്ളിവെളിച്ചവും സിനിമയുടെ മായിക ലോകവും ഒരിക്കല്‍ മായും. പിന്നെ നീ ജീവിക്കേണ്ടത് യാഥാര്‍ത്ഥ്യത്തിലാണ്. ധാരാളം പ്രതികൂല കാലാവസ്ഥയുള്ളയിടമാണ് സിനിമയുടേത്. അതൊക്കെ അനുകൂലമാക്കി മറ്റുള്ളവര്‍ക്ക് മാതൃകയായി മുന്നേറുക. ജീവിതത്തില്‍ യഥാര്‍ത്ഥ്യ മൂല്യമുള്ളത് ബന്ധങ്ങള്‍ക്കും സത്യസന്ധതയ്ക്കും മുതിര്‍ന്നവര്‍ക്ക് നല്‍കുന്ന ബഹുമാനത്തിനുമാണ്. ഭൗതിക സുഖങ്ങള്‍ ആവശ്യം തന്നെ. എന്നാല്‍ സന്തോഷവും സമാധാനവും നേടാന്‍ അവ കൂടിയേ തീരു എന്നില്ല. പ്രാര്‍ത്ഥനയേക്കുറിച്ചും വിശ്വസത്തേക്കുറിച്ചും ഞാന്‍ നിനക്കൊന്നും പറഞ്ഞു തരേണ്ടതില്ല.
ദിവസത്തില്‍ കുറച്ചു നേരമെങ്കിലും കണ്ണടച്ച്‌ ഈശ്വരനെ സ്മരിക്കുക. നിന്റെ കഴിവുകളെ ശക്തിപ്പെടുത്താന്‍ ഇതു സഹായിക്കും. സിനിമയും താര പ്രഭയും ഒരുനാള്‍ പിന്നിലാകും. അന്നും നിലനില്‍ക്കുക നിന്റെ കുടുംബവും സുഹൃത്തുക്കളുമായിരിക്കും. ഇനി എന്തു സംഭവിച്ചാലും ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ടാകും എന്ന് മറക്കാതിരിക്കുക.

സ്നേഹത്തോടെ പപ്പ.

shortlink

Related Articles

Post Your Comments

Related Articles


Back to top button