വിരൂപനായതിന്റെ പേരിൽ ജനിച്ച് രണ്ടു ദിവസമാകുന്നതിനു മുമ്പേ മാതാപിതാക്കൾ ഉപേക്ഷിച്ച ജോണോ ലാൻസ്റ്റർ എന്ന 35 വയസുകാരൻ ഇന്ന് ഏറെ സന്തുഷ്ടനാണ്. യുകെ സ്വദേശിയായ ജോണോ തന്റെ സമപ്രായകാരേക്കാൾ ഒരുപാട് ഉയരങ്ങളിലാണ് ഇപ്പോൾ. എല്ലാവരും ആഗ്രഹിക്കുന്നതുപോലെ വീട്, വാഹനം, സുന്ദരിയായ കാമുകി, പ്രശസ്തി എല്ലാം ജോണോയ്ക്കുണ്ട്.
ജോണോയെ സ്വന്തം മാതാപിതാക്കൾ ജനിച്ച് രണ്ടു ദിവസത്തിനുള്ളിൽ തന്നെ മറ്റൊരാൾക്ക് ദത്ത് നൽകിയതാണ്. ജോണോ താടിയെല്ലുകൾ ഇല്ലാതെയാക്കുന്ന Treacher Collins Syndrome എന്ന ജനിതകരോഗവുമായാണ് ജനിച്ചത്. കുഞ്ഞു ജോണോയ്ക്ക് കവിളിലെ പേശികൾ തൂങ്ങി കണ്ണുകൾ കുഴിഞ്ഞ രൂപമായിരുന്നു. സമപ്രായക്കാർ വൈരൂപ്യം കാരണം ജോണോയോടു കൂട്ടുകൂടിയിരുന്നില്ല.
കൗമാരമായപ്പോഴേക്കും ഏകാന്തതയും പരിഹാസവുമേറിയതോടെ ജോണോ തികഞ്ഞ മദ്യപാനിയായി. ജോണോയുടെ അവസ്ഥയിൽ ദയ തോന്നിയ ബാർ ഉടമ അവിടെ തന്നെ ജോലി നൽകി.
തുടർന്ന് സ്പോർട്സ് സയൻസിൽ ജോണോ ഡിപ്ലോമയെടുത്തു. അതിനു ശേഷം പരിചയക്കാരിലൊരാളുടെ സഹായത്താൽ അടുത്തുള്ള ജിമ്മിൽ ട്രെയിനറായി ചേർന്നു. അവിടെവച്ചാണ് ജീവിത സഖിയായ ലോറ റിച്ചാർഡ്സണ്ണിനെ കാണുന്നതും പ്രണയത്തിലാകുന്നതും. ലോറയുമായുള്ള പ്രണയം ജോണോയുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നു.
ജോണോ തന്റെ അതേ രോഗാവസ്ഥയുള്ള കുട്ടികൾക്ക് സമൂഹത്തെ അഭിമുഖീകരിക്കാനും ആത്മവിശ്വാസമുള്ളവരായി വളരാനുമുള്ള പരിശീലനം നൽകാൻ തീരുമാനിച്ചു. 10,000ത്തിൽ അധികം കുട്ടികൾക്ക് യുകെയിൽ Treacher Collins syndrome ബാധിച്ചിട്ടുണ്ട്. അവർക്ക് നൽകിയ പരിശീലനത്തിലൂടെ ജോണോയുടെ ജീവിതവും കൂടുതൽ ശോഭനമായി. ഒരു റികൺസ്ട്രക്ടീവ് ശസ്ത്രക്രിയയിലൂടെ വൈരൂപ്യം മാറ്റാൻ ജോണോയ്ക്ക് ആസ്തിയുണ്ട്. എന്നാൽ അത് വേണ്ടെന്നു തീരുമാനിച്ച് സമാനരോഗാവസ്ഥയുള്ളവരെ സമൂഹത്തിലേക്ക് കൈപിടിച്ചുയർത്തുകയാണ് ജോണോ.
Post Your Comments