![](/wp-content/uploads/2017/08/prisoner-jail-1.jpg)
ജിദ്ദ: മലയാളി നഴ്സുമാരുടെ മോചനത്തിനായി ഇന്ത്യന്‍ കോണ്‍സുലേറ്റ് രംഗത്ത്. ജയലില്‍ കഴിയുന്ന മലയാളി നഴ്‌സുമാരുടെ കാര്യത്തിലാണ് കോണ്‍സുലേറ്റിന്റെ ഇടപെടല്‍. വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുപയോഗിച്ച് സൗദി ആരോഗ്യ മന്ത്രാലയത്തിനു കീഴില്‍ അനധികൃതമായി ജോലി നേടിയെടുത്ത സംഭവത്തിലാണ് ഇവര്‍ പിടിക്കപ്പെട്ടത്. രണ്ടു മലയാളി നഴ്‌സുമാരാണ് തടവില്‍ കഴിയുന്നത്. സമാനമായ കേസില്‍പ്പെട്ട് ഒരു മാസത്തോളം തടവില്‍ കഴിഞ്ഞിരുന്ന മറ്റൊരു മലയാളി നഴ്സിന് ഉപാധികളോടെ കോടതിയില്‍ നിന്നും ജാമ്യം ലഭിച്ചിരുന്നു. കേസ് അവസാനിച്ചാല്‍ മാത്രമേ അവര്‍ക്ക് നാട്ടിലേക്ക് പോകാന്‍ സാധിക്കുകയുള്ളൂ .
നഴ്സുമാര്‍ സൗദി കൗണ്‍സില്‍ ഫോര്‍ ഹെല്‍ത്ത് സ്പെഷ്യാലിറ്റിയില്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണമെന്നത് ആരോഗ്യമന്ത്രാലയം നിഷ്‌കര്‍ഷിക്കുന്നു. കമ്മീഷന്‍ നടത്തിയ വിശദമായ പരിശോധനയില്‍ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. നാട്ടില്‍ നിന്നും ഏജന്റുമാരാണ് ഇവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചു നല്‍കിയത്. വിവിധ ആശുപത്രികളില്‍ ജോലി ചെയ്യുന്ന മൂവരും കോട്ടയം പാലാ സ്വദേശിനികളാണ്. കോണ്‍സുലര്‍ സംഘം ഒരു മണിക്കൂറോളം തടവില്‍ കഴിയുന്ന നഴ്സുമാരുടെ വിഷയത്തില്‍ തായിഫ് കിങ് അബ്ദുല്‍ അസീസ് ആശുപത്രിയിലെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച്ച നടത്തി. വൈസ് കോണ്‍സല്‍ ശിവലാല്‍ മീണ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുഹമ്മദ് ഫൈസല്‍ എന്നിവരാണ് ആശുപത്രി അധികൃതരുമായി ചര്‍ച്ച നടത്തിയത്. തടവിലുള്ള രണ്ടു നഴ്സുമാരും വിചാരണയുടെ ഭാഗമായി ജിദ്ദ കോടതിയില്‍ ഹാജരാകേണ്ടതിനാല്‍ ജിദ്ദയിലെ ജയിലിലാണിപ്പോഴുള്ളത്. മോചനത്തിന് വേണ്ട നടപടികളുമായി മുന്നോട്ടു പോകുമെന്ന് കോണ്‍സുലര്‍ സംഘം പറഞ്ഞു.
Post Your Comments