ലണ്ടൻ: ഒരു ഓവറിലെ ആറ് പന്തിലും വിക്കറ്റ് സ്വന്തമാക്കുക എന്നത് എല്ലാ ബൗളർമാരുടെയും സ്വപ്നമാണ്. ആ സ്വപ്നം 13 വയസുകാരനായ പയ്യൻ യഥാർത്ഥ്യമാക്കി. എല്ലാ പന്തിലും ക്ലീൻ ബൗൾഡാക്കിയാതാണ് കായിക ലോകത്തെ കൂടുതൽ ഞെട്ടിച്ചത്. ലൂക റോബിൻസൺ എന്ന ഇംഗ്ലണ്ടിലെ സ്കൂൾ പയ്യനാണ് റിക്കാർഡ് സ്വന്തമാക്കിയത്.
ഫിലദൽഫിയ ക്രിക്കറ്റ് ക്ലബ് അണ്ടർ 13 ടീമിലെ താരമാണ് ലൂക. വടക്കുകിഴക്കൻ ഇംഗ്ലണ്ടിലെ ദുർഹാമിൽ നടന്ന മത്സരത്തിലാണ് ലൂക കാണികളെ വിക്കറ്റ് വിരുന്നൂട്ടിയത്. മത്സരത്തിൽ അമ്പയറായ ലൂകയുടെ പിതാവ് സ്റ്റെഫാൻ ബൗളേഴ്സ് എൻഡിൽനിന്ന് മകന്റെ ലോക റിക്കാർഡ് പ്രകടനം അടുത്തറിഞ്ഞു.
രണ്ട് ഓവർ എറിഞ്ഞിട്ടും വിക്കറ്റ് ലഭിക്കാതിരുന്ന ലൂക തന്റെ അവസാനത്തേയും മൂന്നാമത്തേയും ഓവറിലാണ് എല്ലാ പന്തിലും വിക്കറ്റ് വീഴ്ത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഫിലദൽഫിയ 76 റൺസ് മാത്രമാണ് നേടിയത്. ലൂക തന്റെ അവസാനത്തെ ഓവർ എറിയാനെത്തുമ്പോൾ എതിരാളികൾ ഒരു വിക്കറ്റിന് 10 റൺസ് എന്ന നിലയിലായിരുന്നു. എന്നാൽ ലൂകയുടെ ഓവർ കഴിഞ്ഞതിനു ശേഷം എട്ടു റൺസുകൂടി കൂട്ടിച്ചേർത്ത് എല്ലാവരും പുറത്തായി.
Post Your Comments