ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
1.രാജ്യത്തിനു വേണ്ടി പൊരുതാന്‍ സൈനികര്‍ക്കൊപ്പം ഇനി യന്ത്ര മനുഷ്യരും
സൈനിക രംഗത്ത് പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നതിന്റെ ഭാഗമായാണ് സൈന്യത്തിന്റെ പുതിയ പദ്ധതി. പ്രശ്‌നബാധിതമായ അതിര്‍ത്തി പ്രദേശങ്ങളില്‍ സൈനികരെ സഹായിക്കാന്‍ കഴിയുന്ന വിധത്തില്‍ രൂപകല്‍പന ചെയ്തതാണ് ഈ യന്ത്ര മനുഷ്യര്‍. ജമ്മു കാശ്മീരില്‍ ഏറ്റുമുട്ടല്‍ നടക്കുന്ന സ്ഥലങ്ങളിലേക്ക് ആവശ്യാനുസരണം ആയുധങ്ങളും വെടിക്കോപ്പുകളും എത്തിക്കാനാണ് തുടക്കത്തില്‍ റോബോട്ടുകളെ ഉപയോഗിക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 544 റോബോട്ടുകളാണ് നിര്‍മ്മിക്കുന്നത്. ഇരുന്നൂറ് മീറ്റര്‍ ദൂരത്ത് വെച്ചുതന്നെ നിയന്ത്രിക്കാനും വിവരങ്ങള്‍ കൈമാറാനും കഴിയുന്ന വിധത്തിലാണ് റോബോട്ടുകളുടെ നിര്‍മ്മാണം.
2.ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ ദംഗല്‍ കേക്കുമായി ദുബായിലെ ബേക്കറി
ദുബായിലെ പ്രശസ്തമായ ബ്രോഡ്‌വേ ബേക്കറിയാണ് ഏകദേശം 25 ലക്ഷം രൂപ ചെലവ് വരുന്ന തകര്‍പ്പന്‍ കേക്ക് തയ്യാറാക്കിയത്. ഈ കേക്കിന്റെ ഭാരം 54 കിലോഗ്രാം ആണ്. ദംഗലില്‍ ആമിര്‍ഖാന്‍ അവതരിപ്പിച്ച മഹാവീര്‍ ഫോഗട്ട് എന്ന കഥാപാത്രത്തെ പ്രധാന പശ്ചാത്തലമാക്കിയ കേക്കില്‍, മക്കളായ ഗീതയും ബബിതയും പരിശീലനം നടത്തുന്നതും ഒപ്പം രണ്ടു ഒളിംപിക് മെഡലുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒളിംപിക് മെഡലുകള്‍ സ്വര്‍ണത്തില്‍ തീര്‍ത്തതാകണമെന്ന നിബന്ധന കേക്ക് ഓര്‍ഡര്‍ ചെയ്‌തവര്‍ പറഞ്ഞിരുന്നു. ഇതനുസരിച്ച് 75 ഗ്രാം വീതം തൂക്കം വരുന്ന രണ്ടു സ്വര്‍ണമെഡലുകള്‍ കേക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ സ്വര്‍ണമെഡലുകളും ഭക്ഷ്യയോഗ്യമാണ്. ഏകദേശം 240 അതിഥികള്‍ക്കായി നല്‍കാവുന്ന കേക്കാണിത്.
3.ഗോരഖ്പുരിലെ ബിആർഡി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ 63 കുട്ടികള്‍ മരിച്ച സംഭവത്തില്‍ യോഗി ആദിത്യനാഥ് രാജി വെയ്ക്കണമെന്ന് കോണ്‍ഗ്രസ്
കഴിഞ്ഞ അഞ്ചുദിവസത്തിനിടെ ഗോരഖ്പൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത് 63 കുട്ടികളാണ്. മസ്തിഷ്‌ക ജ്വരം ബാധിച്ച കുട്ടികള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചെന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് കുട്ടികളുടെ കൂട്ടമരണം പുറത്തുവന്നത്. ഓക്‌സിജന്‍ തീരാന്‍ കാരണം ആശുപത്രിയുടെ അനാസ്ഥയാണെന്നുളളതിന്റെ തെളിവുകളും പുറത്തുവന്നു. ഓക്‌സിജന്‍ സിലിണ്ടറുകള്‍ ഇല്ലെന്ന് അറിയിച്ചുളള രണ്ട് കത്തുകളിലും ബന്ധപ്പെട്ട വകുപ്പ് നടപടിയെടുത്തില്ലെന്നാണ് ആരോപണം. അതേസമയം, ആശുപത്രിയിലേക്ക് കൂടുതൽ ഓക്സിജൻ സിലിണ്ടറുകൾ എത്തിച്ചിരുന്നുവെന്നും ഓക്സിജൻ വിതരണത്തിലെ പിഴവുമൂലമല്ല ദുരന്തമുണ്ടായത് എന്നുമാണ് സർക്കാർ അധികൃതർ പറയുന്നത്.
4.ഊബർ ടാക്സി മാതൃകയിൽ ഓൺലൈൻ ആംബുലൻസ് സർവീസ് വരുന്നു
മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ നിര്‍ദേശ പ്രകാരമാണ് ആരോഗ്യ വകുപ്പിന്റെ നടപടി. ആധുനിക രീതിയിലുള്ള കോൾ സെന്റർ കേന്ദ്രമാക്കിയാകും ഓൺലൈൻ ആംബുലൻസിന്റെ പ്രവർത്തനം. ഒരാൾ ആൻഡ്രോയിഡ് ഫോണിലെ ആപ്ലിക്കേഷൻ വഴി കോൾ സെന്ററുമായി ബന്ധപ്പെട്ടാൽ അയാൾ എവിടെയാണോ നിൽക്കുന്നത് അവിടേയ്ക്ക് പരിസരത്തുള്ള ആംബുലൻസ് എത്തും. മാത്രമല്ല മൊബൈലിൽ ഡ്രൈവറുടെ മൊബൈൽ നമ്പർ, വാഹന നമ്പർ എന്നിവയും ലഭ്യമാകും. അപകടത്തിൽപെട്ടയാൾക്ക് ഫോൺ ചെയ്യാൻ കഴിയാത്ത അവസ്ഥയാണെങ്കിൽ ബന്ധുക്കൾക്കോ തൊട്ടടുത്തുള്ളവർക്കോ മൊബൈൽ ആപ് വഴി കോൾ സെന്ററുമായി ബന്ധപ്പെടാം. 108 എന്ന നമ്പരിലും ഇതോടൊപ്പം സേവനം ലഭ്യമാകും.
വാര്‍ത്തകള്‍ ചുരുക്കത്തില്‍
1.ആക്രമിക്കപ്പെട്ട നടിക്കെതിരെ നിരന്തരം അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയ എംഎല്‍എ പി.സി ജോര്‍ജിനെതിരെ കേസെടുക്കാന്‍ വനിതാകമ്മീഷന്റെ നിര്‍ദേശം
2.അതിരപ്പള്ളി ജലവൈദ്യുത പദ്ധതിയെച്ചൊല്ലി യുഡിഎഫില്‍ ഭിന്നത. പദ്ധതി വേണ്ടെന്ന രമേശ് ചെന്നിത്തലയുടെയും വിഎം സുധീരന്റെയും നിലപാട് തള്ളി ഉമ്മന്‍ ചാണ്ടി
3.ചികിത്സ നിഷേധിച്ചതിനെത്തുടർന്ന് തമിഴ്‌നാട് സ്വദേശി മുരുകൻ മരിച്ച സംഭവത്തിൽ ഡോക്ടർമാരെ വീണ്ടും ചോദ്യം ചെയ്യുമെന്ന് പോലീസ്
4.ആധാര്‍ വിവരങ്ങളില്ല : ഷെഹ്‌ല റാഷിദിന്റെ പ്രബന്ധം ജെഎന്‍യു അധികൃതർ നിരസിച്ചു
5.ലോകത്തെ ഏറ്റവും പ്രായംകൂടിയ വ്യക്തി അന്തരിച്ചു. 113 വയസ്സുകാരനായ യിസ്രയേല്‍ ക്രിസ്റ്റലാണ് വിടവാങ്ങിയത്.
6.അറുപത്തി അഞ്ചാമത് നെഹ്‌റു ട്രോഫി വള്ളംകളി ആലപ്പുഴ പുന്നമടക്കായലില്‍ ആരംഭിച്ചു.
7.യുദ്ധ ടാങ്കുകള്‍ പണിമുടക്കി; റഷ്യയില്‍ നടക്കുന്ന അന്തര്‍ദേശീയ സൈനിക മത്സരത്തില്‍ നിന്ന് ഇന്ത്യ പുറത്തായി.
8.ഓണക്കാലത്ത് വിലക്കയറ്റം നിയന്ത്രിക്കാന്‍ 1470 ഓണച്ചന്തകളുമായി സപ്ലൈകോ
9.ബംഗളൂരുവില്‍ നിന്ന് ചെന്നൈയിലേക്ക് വന്ന ഐരാവത് ബസില്‍ തീപിടിത്തം. ബസിലുണ്ടായിരുന്ന 41 യാത്രക്കാര്‍ അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു.
Post Your Comments