കേരളീയരുടെ ഭക്ഷണശീലങ്ങളുമായും ഔഷധസേവകളുമായും ഏറെ ബന്ധപ്പെട്ടുകിടക്കുന്ന ഒന്നാണ് കുരുമുളക്. കുരുമുളക് ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് ആമാശയത്തിലടങ്ങിയിരിക്കുന്ന വിഷാംശത്തെ നിർവീര്യമാക്കും. കഫക്കെട്ടിനുള്ള നല്ല ഔഷധമാണ് കുരുമുളക്. കുരുമുളക്, ചുക്ക്, തിപ്പലി ഇവ സമാസമം എടുത്ത് അതിന്റെ എട്ടിരട്ടി വെള്ളത്തിൽ കഷായമാക്കി നാലിൽ ഒന്നായി വറ്റിച്ച് 20 മില്ലീ ലിറ്റർ വീതം രാവിലെയും രാത്രിയിലും സേവിച്ചാൽ കഫക്കെട്ടും അതോടനുബന്ധിച്ചുള്ള പനിയും മാറികിട്ടും.
അതുപോലെ കുരുമുളക് കഷായത്തിൽ പഞ്ചസാര ചേർത്ത് കഴിച്ചാൽ ജലദോഷം ശമിക്കും. തൊണ്ട സംബന്ധമായ എല്ലാ രോഗങ്ങൾക്കും കുരുമുളക് നല്ലതാണ്. തൊണ്ട വേദന, ശബ്ദമടപ്പ്, തൊണ്ടയിലെ നീര് എന്നിവ ശമിക്കുവാൻ കുരുമുളക് കഷായം ദിനവും മൂന്നുനാല് ആവർത്തി സേവിച്ചാൽ മതി. ശരീരത്തിലുണ്ടാകുന്ന വിറയൽ ശമിക്കുവാൻ കുരുമുളക് കഷായം നല്ലതാണ്. പിരിമുറുക്കവും മാറിക്കിട്ടും.
കുരുമുളകും കൽക്കണ്ടവും ചേർത്ത് പല ആവർത്തി ചവച്ചാൽ ചുമ ശമിക്കും. കുരുമുളകും ചുക്കും ചേർത്ത് കഷായമാക്കി സേവിച്ചാലും ഇതേഫലം ലഭിക്കും. പനി, ജലദോഷം, ശരീരവേദന എന്നിവയ്ക്ക് കുരുമുളക് ചേർത്തു തിളപ്പിച്ച വെള്ളം ചെറുചൂടുള്ള അവസ്ഥയിലാക്കിയശേഷം കുളിക്കുന്നതു നല്ലതാണ്. കുരുമുളക്, വെളിച്ചെണ്ണയിൽ കാച്ചി ശരീരിത്തിൽ തേച്ച് തുടർച്ചയായി തടവിയാൽ പക്ഷവാതം, വിറവാതം എന്നിവയ്ക്ക് ശമനമുണ്ടാകും.
കുരുമുളകിന്റെ ഇല വെളിച്ചെണ്ണയിൽ കാച്ചി തേച്ചാൽ ചൊറി, ചിരങ്ങ് തുടങ്ങിയവ ശമിക്കും. നീർതാഴ്ചയ്ക്ക് ഏറ്റവും മികച്ച ഔഷധമാണ് കുരുമുളക്. വെളിച്ചെണ്ണയിൽ കുരുമുളക് ചേർത്ത് കാച്ചി തലയിൽ തേച്ചശേഷം കുളിച്ചാൽ നീർതാഴ്ച പൂർണമായും ഭേദമാകും. കുരുമുളക് ശരീരത്തിന്റെ രോഗപ്രതിരോധശേഷി നിലനിർത്തുവാൻ പര്യാപ്തമാണ്. ഭക്ഷണശീലത്തിൽ കുരുമുളക് മിതമായ തോതിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യ സംരക്ഷണത്തിന് ഉപകരിക്കും.
Post Your Comments