Latest NewsIndiaNews

മൈസൂരു കൊട്ടാരത്തിന് സുരക്ഷ

മൈസൂരു: ഇന്ത്യയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഏറ്റവും പ്രധാനം മൈസൂരുവും കൊട്ടാരവും. എന്നാല്‍ മൈസൂരു കൊട്ടാരത്തിന് സമീപം വഴിയോരക്കച്ചവടക്കാരുടെ സാന്നിധ്യം വര്‍ധിച്ചതിനെത്തുടര്‍ന്ന് സ്വകാര്യ സുരക്ഷ ഏര്‍പ്പെടുത്താന്‍ മൈസൂരു കൊട്ടാരം ബോര്‍ഡിന്റെ നീക്കം.

കൊട്ടാരത്തിലേക്ക് സന്ദര്‍ശകരെ കടത്തിവിടുന്ന വരാഹ പ്രവേശനകവാടത്തിന് സമീപത്ത് ഇവരുടെ കടന്നുകയറ്റം സന്ദര്‍ശകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി വ്യാപകമായ പരാതിയുയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ് നടപടി. സുരക്ഷയ്ക്കായി നിയമിക്കേണ്ട സ്വകാര്യ ഏജന്‍സിയെ കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ യൂണിഫോം തയ്യാറാക്കല്‍ പൂര്‍ത്തിയായാലുടന്‍ വിന്യസിക്കും.

ആദ്യഘട്ടത്തില്‍ 30 പേരെയാണ് വിന്യസിക്കുക. ഇവര്‍ വരാഹ പ്രവേശനകവാടത്തിലും സമീപത്തെ വാഹനപാര്‍ക്കിങ് ഭാഗത്തുമായി പ്രവര്‍ത്തിക്കും. വഴിയോരക്കച്ചവടക്കാരുടെ കടന്നുകയറ്റത്തില്‍നിന്ന് സന്ദര്‍ശകര്‍ക്ക് സുരക്ഷാ ഉറപ്പുവരുത്തുകയും കച്ചവടക്കാര്‍ കൊട്ടാരത്തിനകത്തേക്ക് പ്രവേശിക്കുന്നത് തടയുകയുമാണ് ഇവരുടെ ചുമതല. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നുമായി പതിനായിരക്കണക്കിന് സന്ദര്‍ശകരെത്തുന്നയിടമാണ് മൈസൂരു കൊട്ടാരം.
ഇവരെല്ലാം തന്നെ വരാഹ പ്രവേശനകവാടത്തിലൂടെയാണ് കൊട്ടാരത്തിലേക്ക് പ്രവേശിക്കുക. ഇതിനാല്‍ വഴിയോരക്കച്ചവടക്കാര്‍ നിലയുറപ്പിക്കുന്നതും ഇവിടെയാണ്. വിവിധതരം കരകൗശലവസ്തുക്കളും മറ്റും വില്‍പ്പന നടത്തുന്ന ഇവര്‍ സന്ദര്‍ശകരെ സാധനങ്ങള്‍ വാങ്ങാനായി ബുദ്ധിമുട്ടിക്കുന്നുവെന്നാണ് പരാതി. വഴിയോരക്കച്ചവടക്കാരുടെ കടന്നുകയറ്റം രൂക്ഷമാണെന്ന് സന്ദര്‍ശകര്‍ പലപ്പോഴായി പരാതിപ്പെട്ടിരുന്നു.

കൊട്ടാരത്തിനകത്ത് കൊട്ടാരം ബോര്‍ഡിന്റെ അംഗീകാരമുള്ള ഗൈഡുകള്‍ക്കും ഫോട്ടോഗ്രാഫര്‍മാര്‍ക്കും മാത്രമാണ് പ്രവര്‍ത്തിക്കാന്‍ അനുവാദമുള്ളത്. എന്നാല്‍, വഴിയോരക്കച്ചവടക്കാരില്‍ പലരും അനധികൃതമായി കൊട്ടാരത്തിനകത്തേക്ക് കടക്കുന്നതായി അധികൃതര്‍ കണ്ടെത്തിയിരുന്നു. പരാതിയുയര്‍ന്ന സാഹചര്യത്തില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ച് നിരീക്ഷണം ശക്തിപ്പെടുത്താന്‍ ആവശ്യപ്പെട്ട് മൈസൂരു ഡെപ്യൂട്ടി കമ്മിഷണര്‍ ഡി. രണ്‍ദീപ് സിറ്റി പോലീസ് കമ്മിഷണര്‍ക്ക് കത്തയച്ചിരുന്നു. എന്നാല്‍, പോലീസിന്റെ ഭാഗത്തുനിന്ന് വേണ്ട നടപടിയുണ്ടായില്ല. കച്ചവടക്കാരുടെ ശല്യം പതിവുപോലെ തുടരുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് സ്വകാര്യ സുരക്ഷ ഏര്‍പ്പെടുത്തുകയെന്ന നടപടിയിലേക്ക് അധികൃതര്‍ എത്തിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button