Latest NewsNewsGulf

മറിയം വരുന്നു : അപകടസാധ്യത മുന്നില്‍കണ്ട് ഗള്‍ഫ് രാജ്യങ്ങളില്‍ വ്യാപക മുന്നറിയിപ്പ് : പ്രത്യേകിച്ച് യു.എ.ഇയില്‍

 

ദുബായ്: മറിയം വരുന്നു . അപകട സാധ്യത മുന്നില്‍ കണ്ട് ഗള്‍ഫ് രാജ്യങ്ങളില്‍ വ്യാപക മുന്നറിയിപ്പ് . പ്രത്യേകിച്ച് യു.എ.ഇയില്‍. യുവതലമുറയ്ക്കിടയില്‍ വ്യാപകമായി പ്രചരിച്ച മരണ ഗെയിം, ബ്ലൂവെയിലിന് ശേഷം അപകട സാധ്യതയുമായി മറ്റൊരു ഓണ്‍ലൈന്‍ ഗെയിം. മറിയം എന്ന് പേരിട്ട ഈ ഓണ്‍ലൈന്‍ ഇന്ററാക്ടീവ് ഗെയിം നിരോധിക്കണമെന്ന് യു.എ.ഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലെ സോഷ്യല്‍ മീഡിയ വിദഗ്ദ്ധര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കളിക്കുന്നയാളിന്റെ മാനസിക നിലയെ സ്വാധീനിക്കാന്‍ ഈ ഗെയിമിനാകുമെന്നാണ് വിദഗ്ദ്ധ അഭിപ്രായം. ഗെയിം കളിക്കാന്‍ വ്യക്തി വിവരങ്ങള്‍ നല്‍കേണ്ടത് ആവശ്യമായതിനാല്‍ ഇത് സ്വകാര്യതയെ ബാധിക്കുമെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

എന്താണ് മറിയം

ബ്ലൂവെയില്‍ പോലെത്തന്നെ ഒരു ഇന്ററാക്ടീവ് ഗെയിമാണ് മറിയം. ഒന്നിന് പിറകെ ഒന്നായി വരുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി വേണം ഗെയിമിലെ ഓരോ ഘട്ടത്തിലും മുന്നോട്ട് പോകേണ്ടത്. വെള്ള തലമുടിയുള്ള പെണ്‍കുട്ടി(മറിയം) കറുത്ത ബാക്ഗ്രൗണ്ടില്‍ നില്‍ക്കുന്ന ഒരല്‍പ്പം പേടിപ്പെടുത്തുന്ന ചിത്രമാണ് ഗെയിമിന്റെ തുടക്കം. പിന്നീട് മറിയം ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്കെല്ലാം ഗെയിമര്‍ ഉത്തരം പറയണം. ഈ സംഭാഷണത്തിനിടയില്‍ ഗെയിമറുടെ മനസ് വായിക്കാനുള്ള കഴിവ് തനിക്കുണ്ടെന്ന് മറിയം സ്ഥാപിച്ചെടുക്കും. എന്നാല്‍ ഒരു പ്രത്യേക ഘട്ടത്തിലെത്തുമ്പോള്‍ ഗെയിം തുടര്‍ന്ന് കളിക്കണമെങ്കില്‍ 24 മണിക്കൂര്‍ കാത്തിരിക്കാന്‍ ഗെയിമര്‍ക്ക് മെസേജ് വരും. ഈ കാലയളവില്‍ കളിക്കുന്നയാള്‍ ഗെയിമിന് അടിമയാകുകയും ചെയ്യും.

മറിയം സല്‍മാന്‍ അല്‍ ഹര്‍ബി വികസിപ്പിച്ച ഈ ഗെയിം ഗള്‍ഫ് രാജ്യങ്ങളിലാണ് കൂടുതല്‍ വ്യാപകമാകുന്നത്. ആഗസ്റ്റ് 7 വരെയുള്ള കണക്കുകള്‍ അനുസരിച്ച് നാല് ലക്ഷം പേര്‍ ഈ ഗെയിം ഡൗണ്‍ലോഡ് ചെയ്തു. ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ ലഭ്യമായ ഗെയിമിന്റെ ആന്‍ഡ്രോയിഡ് വെര്‍ഷന്‍ ആഗസ്റ്റ് 11ന് പുറത്തിറങ്ങുമെന്നും വിവരമുണ്ട്. അതേസമയം, മറിയം നിരോധിക്കണമെന്ന ആവശ്യവും ശക്തമാണ്. ബാന്‍ മറിയം എന്ന ട്വിറ്റര്‍ ഹാഷ്ടാഗ് ഒമാനില്‍ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ നില്‍ക്കുന്നത് ഈ ആവശ്യത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നു.

ബ്ലൂവെയിലിനെ പോലെ അപകടകാരിയാണോ?

അമ്പതാം ദിവസം മരണം കാത്തിരിക്കുന്ന ബ്ലൂവെയിലിനെ പോലെ അപകടകാരിയല്ലെങ്കിലും മറിയം കളിക്കുന്നവരെ ശ്രദ്ധിക്കണമെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. കൗമാരക്കാരെ ഈ ഗെയിം അപകടത്തില്‍ ചാടിച്ചേക്കാമെന്നാണ് ഇവരുടെ അഭിപ്രായം. യഥാര്‍ത്ഥ ലോകത്തില്‍ നിന്നും കുട്ടികളെ ഈ ഗെയിം ഒറ്റപ്പെടുത്തുമെന്ന് യു.എ.ഇയിലെ വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന യാഖൂബ് അല്‍ ഹമ്മാദി പറഞ്ഞു. ആക്രമണകാരികളായി കുട്ടികളെ മാറ്റാന്‍ ഈ ഗെയിം കാരണമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button