റിപ്പബ്ലിക്ക് ടി വി യ്ക്കെതിരായ ഇടതു ലിബറൽ സൈബർ ആക്രമണം ആരെ ഉന്നം വെച്ച്??? പുത്തൻ സൈബർ ആക്രമണത്തിന്റെ പിന്നാമ്പുറ കഥകളിലേക്ക്.
കഴിഞ്ഞ രണ്ടു ദിവസങ്ങളായി റിപ്പബ്ലിക്ക് ടി വി യുടെ ഫേസ്ബുക് പേജിനു നേരെ സൈബർ ആക്രമണങ്ങൾ കടുപ്പിച്ചിരിക്കുകയാണ് കേരളത്തിലെ ഇടതു, ലിബറൽ വിഭാഗങ്ങൾ. കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ നടത്തുന്ന രാഷ്ട്രീയ കൊലപാതകങ്ങൾ ദേശീയ തലത്തിൽ ചർച്ചയായതോടു കൂടിയാണ് റിപ്പബ്ലിക്ക് ടി വി യുടെ നേരെ ഇവർ തിരിഞ്ഞിരിക്കുന്നത്. പക്ഷെ ഈ ആക്രമണങ്ങൾക്കു അതിനും അപ്പുറത്തേയ്ക്കുള്ള മാനം ഉണ്ടെന്നതാണ് പിന്നാമ്പുറ കഥകൾ. ടൈംസ് നൗ, ഹിന്ദുസ്ഥാൻ ടൈംസ്, എൻ ഡി ടി വി, സി എൻ എൻ 18 എന്നീ ചാലുകൾ പറഞ്ഞതിനപ്പുറം ഒന്നും റിപ്പബ്ലിക്ക് ടി വി പറഞ്ഞിട്ടില്ല. പക്ഷെ റിപ്പബ്ലിക്കിന് എതിരായി മാത്രം എന്ത് കൊണ്ട് സൈബർ ആക്രമണം വരുന്നു എന്നതാണ് കേവലം പ്രസ്തുത വിഷയത്തിൽ ഉള്ള അതൃപ്തിയ്ക്കപ്പുറം ഉള്ള രാഷ്ട്രീയ മാനങ്ങളെ കുറിച്ചുള്ള ചിത്രം പറഞ്ഞു തരുന്നത്.
ഈ ആക്രമണങ്ങൾ രണ്ടു വ്യക്തികളെ ടാർഗറ്റ് ചെയ്തുള്ളതാണ് എന്നതാണ് യാഥാർഥ്യം. ഒന്ന് റിപ്പബ്ലിക്ക് ടി വി യുടെ ചീഫ് എഡിറ്റർ ആയ അർണാബ് ഗോസ്വാമിയ്ക്കു എതിരെയും രണ്ടു റിപ്പബ്ളിക്കിന്റെ പ്രധാന ഉടമസ്ഥരിൽ ഒരാൾ ആയ രാജീവ് ചന്ദ്രശേഖറിന് എതിരെയും. ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ ആരെങ്കിലും കാൽ വഴുതി വീഴുന്നത് മുതൽ, ബീഫു വാങ്ങി പോകുന്ന ഒരാൾ ഷോക്കേറ്റു മരിയ്ക്കുന്നതു വരെ ദേശീയ മാധ്യമങ്ങളും പ്രാദേശിക മാധ്യമങ്ങളും വലിയ തലക്കെട്ടുകളാക്കുകയും, അസഹിഷ്ണുതാ വിവാദം കത്തിച്ചു വിടുകയും ചെയ്തിരുന്ന കാലഘട്ടത്തിൽ ആണ് ജെ എൻ യൂ ക്യാമ്പസ്സിൽ ഇന്ത്യ വിരുദ്ധ മുദ്രാവാക്യം ഉയരുന്നത്. അതിനെ തുടർന്ന് വലിയൊരു വിവാദമാണ് പൊട്ടിപ്പുറപ്പെട്ടത്. ദേശദ്രോഹ മുദ്രാവാക്യങ്ങൾ വിളിച്ചവർക്ക് എതിരായ നടപടി ആവിഷ്കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റമായും, ആവിഷ്കാര സ്വാതന്ത്ര്യ വാദം ഉന്നയിച്ചവരെ ദേശദ്രോഹികളാക്കിയും ഇരു വിഭാഗങ്ങളും കൊമ്പു കോർത്തു. ഏതാണ്ടെല്ലാ മാധ്യമങ്ങളും ആവിഷ്കാര സ്വാതന്ത്ര്യ വാദത്തിനു പിന്തുണ നൽകി. എൻ ഡി ടി വി യുടെ ബര്ഖ ദത്ത് ജെ എൻ യൂ ക്യാമ്പസ്സിൽ എത്തി വിദ്യാർത്ഥികളുടെ ഹോസ്റ്റൽ മുറികളിൽ കടന്നു ചെന്ന് പിന്തുണ അറിയിക്കുന്നത് വരെയെത്തി കാര്യങ്ങൾ. അപ്പോഴാണ് ഇന്ത്യൻ മിനിസ്‌ക്രീനിൽ ദേശീയ വാദികൾക്കിടയിൽ താരോദയം എന്നത് പോലെ അർണാബ് ഗോസ്വാമി എന്ന ബ്രാൻഡ് ഉയർന്നു വരുന്നത്.
ജെ എൻ യൂ ക്യാമ്പസ്സിൽ നടന്നത് ദേശദ്രോഹ പ്രവർത്തനം തന്നെയെന്നും, കൻഹയ്യ്യാ കുമാർ ഉൾപ്പെടെയുള്ളവർ രാജ്യദ്രോഹികൾ തന്നെയാണ് എന്നും അർണബ് നിസ്സങ്കോചം തന്റെ ചാനലിലൂടെ വിളിച്ചു പറഞ്ഞു. ലൈവ് ചർച്ചയ്ക്കു എത്തിയ ഉമർ ഖാലിദിനെ ചാനലിൽ ഇരുത്തി നിങ്ങൾ ദേശദ്രോഹികൾ ആണെന്ന് ആവർത്തിച്ചു മുഖത്തു നോക്കി പറഞ്ഞു വീർപ്പു മുട്ടിച്ചു. അതോടെ മോദിയും അമിത് ഷായും കഴിഞ്ഞാൽ ഇന്ത്യയിലെ വലതുപക്ഷ ചിന്താഗതിക്കാരുടെ കൺകണ്ട ആരാധനാ പാത്രമായി അർണബ് ഗോസ്വാമി. ഒരു പക്ഷെ അര്ണാബിനെ പോലും ഞെട്ടിച്ചു കൊണ്ട് അദ്ദേഹത്തിന്റെ ഷോയുടെ റേറ്റിംഗ് 90 % വരെ എത്തി പല ആഴ്ചകളിലും. മറ്റുള്ള ചാനലുകൾ കാണാൻ ആളുകൾ തീരെ ഇല്ലാ എന്ന സാഹചര്യം ഉടലെടുത്തു. അർണബ് അവിടെ തിരിച്ചറിഞ്ഞത് ഒരു വലിയ സാധ്യതയാണ്. ദേശീയതയോടു ചേർന്ന റിപ്പോർട്ടിങ് മറ്റൊരു ചാനലും നടത്തുന്നില്ല എന്നും ആ സ്പേസ് മുഴുവനായി നേടാൻ കൂടുതൽ വലിയ ദേശീയ വാദി ആകുക എന്നതാണ് മാർഗം എന്നും അർണബ് തിരിച്ചറിഞ്ഞിരുന്നു. ആ സമയത്താണ് അർണബ് ടൈംസ് നവിൽ നിന്നും വിട പറയുന്നത്. അര്ണാബിന്റെ രണ്ടാം അങ്കം തുടങ്ങുന്നത് രാജീവ് ചന്ദ്രശേഖറുമൊത്തു റിപ്പബ്ലിക്ക് ടി വി യിലാണ്. വന്ന ആദ്യ ആഴ്ച തന്നെ റേറ്റിംഗിൽ റിപ്പബ്ലിക്ക് ഒന്നാം സ്ഥാനം നേടി ചരിത്രം കുറിച്ചു. പ്രതീക്ഷിച്ചതു പോലെ തന്നെ റൈറ്റ് വിങ് എന്ന നിലയിൽ തന്നെയാണ് അദ്ദേഹം പുതിയ ചാനലിലും നിലപാടുകൾ എടുത്തത്. പക്ഷെ ദേശീയതയിൽ ഊന്നി നിന്നുള്ള റിപ്പോർട്ടിങ് തങ്ങൾക്കും ഗുണകരം തന്നെയാകും എന്ന് ഇതിനോടകം ടൈംസ് നൗ മനസിലാക്കിയിരുന്നു.
അർണബ് അരങ്ങൊഴിഞ്ഞിട്ടും തങ്ങളുടെ നിലപാട് ഡെസ്സേയതയോടു ചേർന്ന് നിൽക്കുന്ന തരത്തിൽ തന്നെ മുന്നോട്ടു കൊണ്ട് പോകാനാണ് ടൈംസ് നൗ തീരുമാനിച്ചത്. അതോടെ 80 % റേറ്റിങ്ങും ഈ രണ്ടു ചാനലുകൾ ചേർന്ന് കൊണ്ട് പോകുന്ന തരത്തിലേയ്ക്കായി മാറി. മറ്റു ചാനലുകൾക്കു രണ്ടക്ക റേറ്റിംഗ് പോലും ഇല്ലാത്ത സാഹചര്യം. ഇത് കൊണ്ട് തന്നെ പതുക്കെ പതുക്കയെയെങ്കിലും മറ്റു ചാനലുകളും അതെ സ്പേസ് തന്നെ പിടിയ്ക്കാൻ തങ്ങളുടെ റിപ്പോർട്ടിങ് രീതിയിൽ മാറ്റങ്ങൾ കൊണ്ട് വരുന്നത് പ്രകടമായി തന്നെ കാണാൻ കഴിയും. ഇതിനു തുടക്കം കുറിച്ചത് അർണബ് ആയിരുന്നു എന്നതാണ് ഇപ്പോൾ റിപ്പബ്ലിക്കിനോടുള്ള ആദ്യ വൈരാഗ്യത്തിന് കാരണം. ഇനി രണ്ടാമത്തെ വൈരാഗ്യം റിപ്പബ്ളിക്കിന്റെ തന്നെ മറ്റൊരു ഉടമയായ രാജീവ് ചന്ദ്രശേഖറിനോടാണ്. അമിത് ഷായോടും നരേന്ദ്ര മോദിയോടും വ്യക്തമായ അടുപ്പം പുലർത്തുന്നയാളാണ് രാജീവ്. രണ്ടുപേരുടെയും വിശ്വസ്തൻ. രാജ്യസഭയും ലോക്‌സഭയും ഒന്നിലധികം തവണയാണ് പശു കൊലപാതകങ്ങളുടെ പേരിൽ സ്തംഭിച്ചിട്ടുള്ളത്. ഒരു പക്ഷെ ഈ സർക്കാരിനെ ഏറ്റവും അധികം നെഗറ്റീവ് ആയി ബാധിച്ചത് പശുക്കൊലപാതകങ്ങളുടെ പേരിൽ പ്രതിപക്ഷം നടത്തിയ ആക്രമണങ്ങളാണ്. പാർലമെൻറിൽ പലപ്പോഴും പശുക്കൊലപാതങ്ങളുടെ പേരിൽ ചർച്ചകൾ ഉയരുമ്പോഴൊക്കെ പ്രതിരോധിക്കാൻ സർക്കാർ ബുദ്ധിമുട്ടുന്ന സാഹചര്യങ്ങളാണ് നിലനിന്നിരുന്നത്. പക്ഷെ അതി വിദഗ്ദമായി രാജ്യസഭയിൽ തന്നെ കേരളത്തിൽ ഇടതുപക്ഷം നടത്തുന്ന രാഷ്ട്രീയ കൊലപാതകങ്ങൾ ഉയർത്തി കൊണ്ട് വന്നു പ്രതിപക്ഷത്തെ ഒന്നടങ്കം പ്രതിരോധത്തിലാക്കുക എന്ന തന്ത്രം തുടങ്ങി വെച്ചത് രാജീവ് ആയിരുന്നു. പ്രത്യാക്രമണത്തിന്‍റെ വലിയൊരു സാധ്യത കേന്ദ്ര സര്‍ക്കാരിനും ബി ജെ പി യ്ക്കും മുന്നില്‍ തുറന്നിട്ടു കൊടുക്കുകയായിരുന്നു രാജീവ്. പിണറായി വിജയൻറെ പിണറായിയിലെ പി പൊളിറ്റിക്കൽ ആണെന്നും വിജയനിലെ വി വയലെന്സ് എന്നാണെന്നും അദ്ദേഹം പലതവണ ട്വിറ്ററിലും ഫേസ്ബുക്കിലും കുറിച്ചു. കഴിവില്ലെങ്കിൽ മുഖ്യമന്ത്രി ആഭ്യന്തരം ഒഴിയണം എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കേരളത്തിൽ ദളിതരെ രാഷ്ട്രീയത്തിന്റെ പേരിൽ കൊള്ളുന്ന സി പി എം ദേശീയ തലത്തിൽ ദളിത് സ്നേഹം പറയുന്നത് കപടതയാണ് എന്ന് കാണിച്ചു ഫേസ്ബുക്കിൽ എഴുതിയ ലേഖനം ദേശീയ ശ്രദ്ധ നേടി. ബി ജെ പി യുടെ പ്രചാരണത്തിന്റെ തലം തന്നെ ആ രീതിയിലേക്ക് വഴി തിരിച്ചു വിട്ടു ദേശീയ തലത്തിൽ പ്രതിപക്ഷ പാർട്ടികളെ പ്രതിരോധത്തിലാക്കാൻ ബി ജെ പി യ്ക്ക് കഴിഞ്ഞു. അതോടൊപ്പം ദേശീയ മാധ്യമങ്ങളിൽ ഈ അജണ്ട സെറ്റ് ചെയ്യുന്നതിലും ബി ജെ പി ക്യാംപിനു വേണ്ടി വ്യക്തമായ റോള്‍ വഹിച്ചത് രാജീവാണെന്നാണ് ഡല്‍ഹി ഇടനാഴികളിലെ സംസാരം.
ഈ തിരിച്ചറിവുകളാണ് റിപ്പബ്ലിക്കിന് നേരെയുള്ള കടന്നാക്രമങ്ങളിൽ മുഖ്യ പങ്കു വഹിക്കുന്നതും. ഒരു വശത്തു രാജീവിന്റെ തന്നെ ഉടമസ്ഥതയിലുള്ള ഏഷ്യാനെറ്റ് ബി ജെ പി യെ ആക്രമിക്കുകയും അതെ സമയം ദേശീയ തലത്തിൽ ബി ജെ പി യെ സഹായിക്കുന്നതിനുള്ള കോപ്പു കൂട്ടുകയും ചെയ്യുന്ന ഈ ബുദ്ധിരാക്ഷസന്റെ നീക്കങ്ങളെ അങ്കലാപ്പോടു കൂടിയാണ് ഇടതുപക്ഷം കാണുന്നത്. ഇടതു മാധ്യമ പ്രവർത്തകർക്ക് വലിയ മേൽക്കോയ്മയുള്ള കേരളത്തിൽ ഏഷ്യാനെറ്റിനെ മേൽ ഉള്ള നിയന്ത്രണം ഗുണത്തേക്കാളേറെ ദോഷം ചെയ്യും എന്ന് ഏറ്റവും നന്നായി അറിയാവുന്ന വ്യക്തിയാണ് രാജീവ്. അതുകൊണ്ടു തന്നെ തന്ത്രപരമായി മാത്രം കേരള മാധ്യമ രംഗത്തെ അഭിമുഘീകരിയ്ക്കുകയും ജെ എൻ യൂ വിഷയത്തിലൂടെ രാജ്യത്തെ മാധ്യമ രംഗത്തെ മുഴുവൻ അര്ണാബിലൂടെ ശുദ്ധീകരിച്ചെടുത്ത് പോലെ ഏറ്റവും അനുകൂലമായ സാഹചര്യത്തിന് വേണ്ടി കാത്തിരിക്കുകയാണ് രാജീവ് എന്നുമാണ് ഇടതുപക്ഷം കണക്കാക്കുന്നത്. ഇതിനു അമിത് ഷായുടെയും കേന്ദ്ര നേതൃത്വത്തിന്റെയും വ്യക്തമായ പിന്തുണയും രാജീവിനുണ്ട് എന്ന് അവർ തിരിച്ചറിയുന്നു. അത് കൊണ്ട് തന്നെ കിട്ടുന്ന അവസരങ്ങളിലെല്ലാം സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും രാജീവിനെതിരെ ശക്തമായ ആക്രമണമാണ് ഇടതുപക്ഷം അഴിച്ചു വിടുന്നത്. ഏഷ്യാനെറ്റ് ന്യൂസ് ബി ജെ പി യ്ക്കു എതിരെ വാർത്ത കൊടുക്കുന്നു എന്ന പേരിൽ രാജീവിനെതിരെ ഓൺലൈൻ ബി ജെ പി അനുഭാവികളെ വഴിതിരിച്ചു വിടുന്നതിലും അവർ വിജയിക്കുന്നു എന്നതാണ് വാസ്തവം. ഇത്തരം നീക്കങ്ങൾക്കു രാജീവ് ബി ജെ പി യുടെ തലപ്പത്തേയ്ക്ക് വരരുത് എന്നാഗ്രഹിക്കുന്ന ബി ജെ പി യിലെ തന്നെ ഒരു വിഭാഗം നേതാക്കൾ കൂടി പിന്തുണ കൊടുക്കുന്നുണ്ട് എന്നതും യാഥാർഥ്യമാണ്.
അത് കൊണ്ട് തന്നെ റിപ്പബ്ലിക്കിന് എതിരായ ഇപ്പോഴത്തെ സൈബർ ആക്രമങ്ങൾ വ്യക്തമായി തിരക്കഥ രചിച്ചു വളരെ ദീർഘ വീക്ഷണത്തോടെ നടപ്പാക്കുന്നതാണ് എന്നത് സുവ്യക്തമാണ്. ഒരു വെടിയ്ക്കു വീഴ്ത്താൻ അവർ ഉദ്ദേശിക്കുന്നത് ഒരുപാട് പക്ഷികളെയാണ്.
Post Your Comments