ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
1. ഡി സിനിമാസ് തുറന്നു പ്രവര്‍ത്തിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കി.
ജനറേറ്ററിന്റെ മോട്ടോറിന് ലൈസന്‍സില്ലെന്ന കാരണം കാണിച്ചാണ് നഗരസഭ, തിയേറ്ററിന്റെ ലൈസന്‍സ് റദ്ദാക്കിയിരുന്നത്. തിയേറ്റര്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപിന്റെ സഹോദരനും തിയേറ്റര്‍ മാനേജരുമായ അനൂപ് ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍, ഇങ്ങിനെയൊരു കാരണത്തിന്റെ പേരില്‍ ലൈന്‍സ് റദ്ദാക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി ഡി സിനിമാസ് തുറന്നു പ്രവര്‍ത്തിക്കാനാണ് ഹൈക്കോടതി ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുകയാണ്.
2. ഇന്ത്യന്‍ സൈന്യം മേഖലയില്‍ നിന്നും പിന്മാറണമെന്ന ആവശ്യവുമായി വീണ്ടും ചൈന.
ഇന്ത്യന്‍ സൈന്യം ഡോക്ലാമില്‍ നിലയുറപ്പിച്ചിട്ട് അമ്പതുദിവസം പിന്നിടുന്നു. മേഖലയില്‍ റോഡ് നിര്‍മിക്കാനുള്ള ചൈനീസ് ശ്രമത്തെ നേരത്തെ ഇന്ത്യ തടയുകയും ചെയ്തിരുന്നു. എന്നാല്‍ സംഘര്‍ഷം സമാധാനപരമായി പരിഹരിക്കാനുള്ള സമയം അതിക്രമിച്ചു കൊണ്ടിരിക്കുകയാണെന്നാണ് ചൈനയുടെ നിലപാട്. ഇന്ത്യന്‍ സൈന്യത്തെ നിരുപാധികം മേഖലയില്‍ നിന്നും പിന്‍ വലിക്കണമെന്നാണ് ചൈന ഇപ്പോള്‍ ആവശ്യപ്പെടുന്നത്.
3. ഓണം അടുക്കുന്നതോടെ ഏത്തക്കായയ്ക്കും പഴത്തിനും പൊള്ളുന്ന വില.
ഓണം അടുക്കുന്നതോടെ ഏത്തക്കായയ്ക്കും, പഴത്തിനും, പച്ചക്കറിക്കുമൊക്കെ വിപണിയില്‍ വില കൂടുകയാണ്. കായവില കൂടിയതോടെ ഓണത്തിനുള്ള ഉപ്പേരി വിപണിയിലും മാറ്റം തുടങ്ങിയിട്ടുണ്ട്. ഉത്പാദനം കുറഞ്ഞതും തമിഴ്‌നാട്ടിലെ പ്രധാന മാര്‍ക്കറ്റായ മേട്ടുപ്പാളയത്തു നിന്നുള്ള വരവ് കുറഞ്ഞതുമാണ് ഇപ്പോഴത്തെ വിലക്കയറ്റത്തിന് കാരണമായതെന്നു വ്യാപാരികള്‍ പറയുന്നു. എന്നാല്‍ ഉപഭോക്താക്കള്‍ വിലക്കയറ്റത്തിന്റെ ബുദ്ധിമുട്ടിലാണെങ്കിലും ഉത്പന്നത്തിന് നല്ല വില ലഭിക്കുന്നതിന്റെ ആശ്വാസത്തിലാണ് കര്‍ഷകര്‍.
4. തമിഴ്നാട്ടിലെ മത്സ്യത്തൊഴിലാളികള്‍ സമരത്തിലേക്ക്.
കഴിഞ്ഞ ദിവസം 49 മത്സ്യത്തൊഴിലാളികളെയും അവരുടെ ഒന്‍പത് ബോട്ടുകളും ശ്രീലങ്കന്‍ നാവികസേന പിടികൂടിയിരുന്നു. പുതുക്കോട്ട, രാമനാഥപുരം എന്നീ ജില്ലകളില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് ഇപ്പോള്‍ സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ജയിലിലുള്ള മത്സ്യത്തൊഴിലാളികളെ മുഴുവന്‍ വിട്ടയക്കണമെന്നും ബോട്ടുകള്‍ വിട്ടുനല്‍കണമെന്നും ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി ഇടപ്പാടി. കെ. പളനിസാമി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചതിന് പിന്നാലെയാണ് പുതിയ നീക്കം.
വാര്‍ത്തകള്‍ ചുരുക്കത്തില്‍
1. പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മദഅനിയുടെ മകന്റെ നിക്കാഹിന് അനുഗ്രഹാശിസ്സുകളുമായി സി.പി.എം നേതാക്കള്‍. ഇ.പി ജയരാജനും പി.ജയരാജനും അടക്കമുള്ള നേതാക്കളാണ് പന്തലില്‍ എത്തിയത്.
2. അതിരപ്പിള്ളി പദ്ധതിക്കുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി മന്ത്രി എം എം മണി. വൈദ്യുതി അതോറിറ്റിയും കേന്ദ്ര ജല കമ്മീഷനും നടത്തിയ പഠനത്തില്‍ പദ്ധതി ഗുണകരമാണെന്നാണ് കണ്ടെത്തിയതെന്നും മന്ത്രി.
3. അച്ഛനെ സന്ദര്‍ശിക്കാന്‍ ജയിലില്‍ എത്തിയ മക്കളുടെ മുഖത്ത് സീല്‍ പതിപ്പിച്ചു. മധ്യപ്രദേശിലെ ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലിലാണ് ഈ വേറിട്ട സംഭവം.
4. ജി എസ് ടി നടപ്പാക്കിയ ശേഷം വില കുറഞ്ഞത് ധനമന്ത്രി തോമസ് ഐസക്കിന്റെ കോഴിക്കു മാത്രമെന്ന് പ്രതിപക്ഷത്തിന്റെ പരിഹാസം. സാധനങ്ങള്‍ക്കെല്ലാം വില കൂടിയെന്നും പ്രതിപക്ഷത്തിന്റെ ആരോപണം.
5. മാനസിക സംഘര്‍ഷത്തെ തുടര്‍ന്ന് ഓരോ വര്‍ഷവും നൂറിലധികം സൈനികര്‍ മരണപ്പെടുന്നതായി പ്രതിരോധ സഹമന്ത്രി സുഭാഷ് ഭാംരേ. സൈനികര്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന മാനസിക സമ്മര്‍ദ്ദമാണ് ഇതിന് കാരണമെന്നും റിപ്പോര്‍ട്ട്.
6. സിസ്റ്റര്‍ അഭയ കേസ് ഈ മാസം 11ലേക്ക് മാറ്റി.
Post Your Comments