കൊച്ചി: മക്കൾക്ക് കേന്ദ്രീയ വിദ്യാലയത്തിൽ അഡ്മിഷൻ കിട്ടാൻ മാതാപിതാക്കൾ നെട്ടോട്ടമോടുന്ന കാഴ്ചയാണ് അധ്യയന വർഷത്തിന്റെ തുടക്കത്തിൽ നമ്മൾ കാണുന്നത്. എന്നാൽ കുട്ടികളുടെ എണ്ണക്കൂടുതലും അധ്യാപകരുടെ കുറവും രാജ്യത്തെ കേന്ദ്രീയവിദ്യാലയങ്ങളുടെ താളംതെറ്റിക്കുകയാണ്. രണ്ടുവർഷമായി 12,000 അധ്യാപകതസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്.
മാനവവിഭവശേഷി മന്ത്രാലയം കഴിഞ്ഞയാഴ്ച പാർലമെന്റിൽ അവതരിപ്പിച്ച കണക്കുപ്രകാരം കേരളത്തിൽ 30 ശതമാനം അധ്യാപകർ കുറവാണ്.ഒഴിവുകൾ നികത്താൻ അപേക്ഷ ക്ഷണിച്ച് പരീക്ഷ നടത്തിയിട്ട് ഒരുവർഷമായെങ്കിലും നിയമനനടപടി പൂർത്തിയായിട്ടില്ല. അധ്യാപകക്ഷാമം പ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട് ഇക്കാര്യം മന്ത്രാലയത്തെ ധരിപ്പിച്ചിട്ടുണ്ടെന്നും കേന്ദ്രീയവിദ്യാലയസംഘതൻ കേരള റീജൺ അധികൃതർ വ്യക്തമാക്കി.
സയൻസ്, കണക്ക് തുടങ്ങിയ പ്രധാന വിഷയങ്ങളിൽപോലും പല സ്കൂളുകളിലും കരാർ അധ്യാപകരാണുള്ളത്. ചില സ്കൂളുകളിൽ ഒരു അധ്യയനവർഷം ഒരേ വിഷയം പഠിപ്പിക്കാൻ രണ്ടും മൂന്നും താൽകാലിക അധ്യാപകർ വരുന്ന സാഹചര്യവുമുണ്ടായി. കേരളത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന തിരുവനന്തപുരം പട്ടത്തെ കേന്ദ്രീയവിദ്യാലയം രണ്ട് ഷിഫ്റ്റുകളിലാണ് പ്രവർത്തിക്കുന്നത്. ഇവിടെ രണ്ടാമത്തെ ഷിഫ്റ്റിൽ പ്രൈമറി വിഭാഗത്തിൽ 22 സ്ഥിരം അധ്യാപകർ വേണ്ട സ്ഥാനത്തുളളത് ഒരാൾ മാത്രം. ശേഷിച്ചവർ കരാറടിസ്ഥാനത്തിലുളളവരാണ്.
ഒരുക്ലാസിൽ പരമാവധി 40 കുട്ടികളെ പ്രവേശിപ്പിക്കാമെന്നാണ് ആറ് വർഷം മുൻപ് നിശ്ചയിച്ചത്. നിലവിലിത് 60-നും മുകളിലാണ്. ഏഴ് മീറ്റർ വീതിയും ഏഴ് മീറ്റർ നീളവുമെന്ന കണക്കിൽ 40 കുട്ടികൾക്ക് സൗകര്യപ്രദമായി ഇരിക്കാവുന്ന വിധമാണ് ക്ലാസ് മുറികൾ. ഇപ്പോൾ 60 കുട്ടികളെ വരെ പ്രവേശിപ്പിക്കുന്നത് കാരണം കുട്ടികൾ ഞെരുങ്ങി ഇരിക്കേണ്ട സ്ഥിതിയാണ്. ദേശീയാടിസ്ഥാനത്തിൽ ഒന്നിച്ച് നിയമനം നടത്തുന്നതിനാൽ ജോലി ലഭിക്കുന്നവരിൽ കൂടുതലും ഉത്തരേന്ത്യയിൽനിന്നുള്ളവരാണ്. ഇവർ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ജോലിയിൽ പ്രവേശിച്ച് ഒരുവർഷം കഴിയുമ്പോഴേക്കും സ്ഥലംമാറ്റം വാങ്ങി സ്വന്തം സ്ഥലത്തേക്കു പോവും. മേഖലാടിസ്ഥാനത്തിൽ നിയമനം നടത്തിയാൽ മാത്രമേ ഇതിനൊരു പരിഹാരം ഉണ്ടാകുകയുള്ളൂ.
Post Your Comments