ന്യൂ ഡൽഹി ; “അഴിമതിയുടേയും ദാരിദ്ര്യത്തിന്റേയും പിടിയിൽ നിന്നും രാജ്യത്തെ മോചിപ്പിക്കണമെന്ന്” പ്രധാനമന്ത്രി നരേന്ദ്രമോദി. ക്വിറ്റ് ഇന്ത്യ സമരത്തിന്റെ 75ാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടന്ന പ്രത്യേക ലോക്‌സഭ സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ”അഴിമതിയുടെ നീരാളിപ്പിടുത്തം വികസനത്തിന് വിഘാതം സൃഷ്ടിക്കുന്നതിനാൽ രാജ്യത്തിന്റെ പുരോഗതിക്കായി ഇക്കാര്യത്തിൽ മാറ്റം വരുത്തണം. രാജ്യം ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളികളായ ദാരിദ്ര്യം പോഷകാഹാരക്കുറവ് നിരക്ഷരത ആരോഗ്യരംഗത്തെ പിന്നോക്കാവസ്ഥ എന്നിവയ്ക്ക് പരിഹാരം കാണാൻ നാം എല്ലാവരും ശ്രമിക്കണം. അഴിമതിയും ഭീകരവാദവും തുടച്ചു നീക്കണമെന്നും അതിനായി ജനങ്ങൾ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും” പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
”1942-47 കാലയളവിൽ രാജ്യം സ്വാതന്ത്ര്യത്തിനായി പുറത്തെടുത്ത അതേ മനോവീര്യം, 2017-22 കാലയളവിൽ പുതിയ ഭാരതം കെട്ടിപ്പടുക്കുന്നതിനായി പുറത്തെടുക്കണം. ക്വിറ്റ് ഇന്ത്യാ സമരത്തിൽ ‘പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക’ എന്നായിരുന്നു മുദ്യാവാക്യമെങ്കിൽ, ഇന്നത് ‘പ്രവർത്തിക്കും, ഞങ്ങൾ പ്രവർത്തിച്ചിരിക്കും’ എന്നാണെന്നും” അദ്ദേഹം പറഞ്ഞു
ക്വിറ്റ് ഇന്ത്യ വാർഷികാഘോഷത്തിന്റെ ഭാഗമായാണ് ലോക്‌സഭയിലും രാജ്യസഭയിലും പ്രത്യേക സമ്മേളനം സംഘടിപ്പിച്ചത്. ലോക്‌സഭയിലെ മുഴുവൻ അംഗങ്ങളും പ്രത്യേക സമ്മേളനത്തിൽ ഹാജരായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി എന്നിവരുൾപ്പെടെയുള്ള നേതാക്കൾ സമ്മേളനത്തിൽ പങ്കെടുത്തു.
Post Your Comments