മലപ്പുറം: മാവോയിസ്റ്റ് ഭീകരർ സായുധ പോരാട്ടത്തിനു തുടക്കം കുറിക്കുന്നതായി കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് വിവരം ലഭിച്ചു. 2016ല്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് ഭീകര നേതാക്കളുടെ ചരമവാര്‍ഷികത്തിനു മുന്‍പായി ഏറ്റുമുട്ടലിനു സാധ്യതയുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വിവരം. ആയതിനാല്‍ മാവോയിസ്റ്റ് ഭീകരരുടെ സാന്നിധ്യം സ്ഥിരീകരിച്ച നിലമ്പൂര്‍ വനമേഖലയില്‍ സുരക്ഷ ശക്തമാക്കി.
മാവോയിസ്റ്റ് ഭീകരരുടെ നേതാക്കളായ കുപ്പുദേവരാജും അജിതയും കൊല്ലപ്പെട്ടത് കഴിഞ്ഞ വര്‍ഷം നവംബര്‍ 24ന് നിലമ്പൂര്‍ വനമേഖലയില്‍ നടന്ന ഏറ്റുമുട്ടലിലാണ്. ഇവരുടെ ചരമവാര്‍ഷികത്തിനു മുന്‍പായി തിരിച്ചടിയുണ്ടാകുമെന്നാണ് ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന വിവരം.
ഇതിനായി മാവോയിസ്റ്റ് ഭീകരർ പുതിയ സായുധ സേന രൂപീകരിച്ചതായും ആയുധ പരിശീലനം ആരംഭിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇവർ നിലമ്പൂര്‍ വനമേഖലയില്‍ കുഴിബോംബ് പരിശീലനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടത്തുന്നതായുള്ള ദൃശ്യങ്ങള്‍ നേരത്തെ പുറത്തു വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വനമേഖല കേന്ദ്രീകരിച്ച് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ കുറേ ദിവസങ്ങളില്‍ തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി നിലമ്പൂരിലും വയനാട്ടിലും മാവോയിസ്റ്റ് ഭീകരരുടെ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു. കുപ്പുദേവരാജിന്റെയും അജിതയുടെയും മരണത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കുമെന്ന നിലപാടാണ് ഇവര്‍ക്കുള്ളത്..
എന്നാല്‍ സര്‍ക്കാര്‍ തലത്തില്‍ മാവോയിസ്റ്റ് ഭീകരരെ എങ്ങനെ നേരിടണമെന്ന നിലപാട് ഇനിയും വ്യക്തമായിട്ടില്ല. വനവാസികളെ കൂട്ടുപിടിച്ചാണ് മാവോയിസ്റ്റ് ഭീകരർ ആക്രമണത്തിനൊരുങ്ങുന്നതെന്നാണ് സൂചന.
ദക്ഷിണേന്ത്യയില്‍ നിന്നും കൂടുതല്‍ ഭീകരർ പാലക്കാട്, വയനാട്, നിലമ്പൂര്‍ വനമേഖലയില്‍ എത്തിയതായും സൂചനയുണ്ട്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇക്കൂട്ടത്തിലുണ്ടെന്നും വിവരമുണ്ട്.
Post Your Comments