സൗദി : സൗദിയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ അര ലക്ഷത്തിലധികം നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതായി തൊഴില്‍ മന്ത്രാലയം. കഴിഞ്ഞ പത്ത് മാസത്തിനിടയില്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ 52,898 നിയമലംഘനങ്ങള്‍ കണ്ടെത്തിയതായി സൗദി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. 1,41,827 പരിശോധനകളാണ് സ്വകാര്യ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ ഉദ്യോഗസ്ഥര്‍ നടത്തിയത്. സ്വദേശിവത്കരണം നടപ്പിലാക്കുന്നതിലെ വീഴ്ച ഉള്‍പ്പെടെയുള്ള നിയമ ലംഘനങ്ങള്‍ ആണ് പരിശോധനയില്‍ കണ്ടെത്തിയത്.
അതേസമയം ഹജ്ജ് ഉംറ സന്ദര്‍ശക വിസകളുടെ കാലാവധി കഴിഞ്ഞും സൗദിയില്‍ കഴിയുന്നവര്‍ക്ക് 50,000 റിയാല്‍ വരെ പിഴയും ആറു മാസം വരെ തടവും ലഭിക്കുമെന്ന് സൗദി പാസ്പോര്‍ട്ട് വിഭാഗം മുന്നറിയിപ്പ് നല്‍കി. താമസ-തൊഴില്‍ നിയമലംഘകര്‍ക്കായി പരിശോധന ശക്തമാക്കും. നിയമലംഘകര്‍ക്ക് ജോലി, യാത്ര, താമസം തുടങ്ങിയവ നല്‍കി സഹായിക്കുന്നവര്‍ക്ക് ഒരു ലക്ഷം റിയാല്‍ വരെ പിഴയും രണ്ടു വര്‍ഷം വരെ തടവും ശിക്ഷ ലഭിക്കുമെന്നും പാസ്പോര്‍ട്ട് വിഭാഗം അറിയിച്ചു.
നിയമലംഘകര്‍ക്കും അവരെ സഹായിക്കുന്നവര്‍ക്കും തടവും പിഴയും ഉള്‍പ്പെടെയുള്ള ശിക്ഷ ലഭിക്കുമെന്ന് പാസ്പോര്‍ട്ട് വിഭാഗം മുന്നറിയിപ്പ് നല്‍കി. വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി ചേര്‍ന്ന് പരിശോധന തുടരുമെന്ന് തൊഴില്‍ മന്ത്രാലയം വക്താവ് ഖാലിദ് അബല്‍ഖൈല്‍ പറഞ്ഞു. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ബന്ധപ്പെട്ടവരെ ഓണ്‍ലൈന്‍ വഴിയോ 19911 എന്ന നമ്പരില്‍ വിളിച്ചോ അറിയിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Post Your Comments