1.മതസ്പര്‍ദ്ധ വളര്‍ത്തുന്ന പരാമര്‍ശം നടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിനെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു.
തിരുവനന്തപുരം സൈബര്‍ സെല്‍ രജിസ്റ്റര്‍ ചെയ്ത മതസ്പര്‍ദ്ധ വളര്‍ത്തുന്ന പരാമര്‍ശം നടത്തിയതുമായി ബന്ധപ്പെട്ട കേസിലാണ് മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 9 നാണ് സെന്‍കുമാര്‍ സൈബര്‍ സെല്ലിനു മുന്നില്‍ ഹാജരായത്. കേരളത്തിന്റെ പോലീസ് ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഡി.ജി.പിയെ അറസ്റ്റ് ചെയ്യുന്നത്. എന്നാല്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനാല്‍ അദ്ദേഹത്തെ വിട്ടയച്ചു. രണ്ട് ജാമ്യക്കാരെ ഹാജരാക്കിയ ശേഷം അമ്പതിനായിരം രൂപയുടെ ജാമ്യത്തിലാണ് സെന്‍കുമാറിനെ വിട്ടയച്ചിരിക്കുന്നത്.
2.കേരളത്തിലെ വിപണിയിലുള്ള 227 വെളിച്ചെണ്ണ ബ്രാന്‍ഡുകളില്‍ മിക്കവയും വ്യാജം
കേരളത്തില്‍ വിപണിയിലുള്ള 280 ബ്രാന്‍ഡ് വെളിച്ചെണ്ണയില്‍ ഉത്പാദനലൈസന്സും ബ്രാന്‍ഡ് രജിസ്ട്രേഷനുമുള്ളത് ആകെ 53 എണ്ണത്തിനാണ്. ബാക്കി 227 വെളിച്ചെണ്ണ ബ്രാന്‍ഡുകളില്‍ മിക്കവയും വ്യാജമാണെന്ന് മലബാര്‍ കോക്കനട്ട് ഓയില്‍ മില്‍ ഓണേഴ്സ് അസോസിയേഷനാണ് കണ്ടുപിടിച്ചിരിക്കുന്നത്. ലബോറട്ടറിയില്‍ പരിശോധന നടത്തി കണ്ടെത്തിയ വിവരങ്ങള്‍ സാമ്പിളുകള്‍ ഉള്‍പ്പെടെ രേഖാമൂലം വിജിലന്‍സ് ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. കൊപ്ര കരിച്ച് ആട്ടിയെടുത്ത എണ്ണ 10 ശതമാനം ചേര്‍ത്താണ് വ്യാജ വെളിച്ചെണ്ണയുണ്ടാക്കുന്നത്. വ്യാജ വെളിച്ചെണ്ണയെപ്പറ്റി ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാതിരുന്ന സാഹചര്യത്തിലാണ് അസോസിയേഷന് സ്വന്തംനിലയില്‍ പഠനം നടത്തിയത്.
3.അമേരിക്കന്‍ പ്രസിഡന്റുമാരില്‍ ഏറ്റവും കൂടുതല്‍ അവധി എടുത്തുവെന്ന ബഹുമതി ഇനി ഡോണൾഡ് ട്രംപിന്.
വെള്ളിയാഴ്ച മുതൽ ട്രംപ് 17 ദിവസത്തെ അവധിയില്‍ പ്രവേശിക്കുകയാണ്. ഈ അവധി പൂര്‍ത്തിയാക്കി തിരിച്ചെത്തിയാല്‍ ഈ വര്‍ഷം ട്രംപ് എടുത്ത അവധിയുടെ എണ്ണം 57 ആകും. എട്ടു മാസത്തിനിടെയാണ് ട്രംപ് 57 അവധികള്‍ എടുത്തത്. മറ്റെല്ലാ അമേരിക്കന്‍ പ്രസിഡന്റുമാരും ഇക്കാര്യത്തില്‍ പിന്നിലാണ്. 2009ൽ ഒബാമ 26 ലീവുകൾ മാത്രമാണ് എടുത്തത്. ആ വർഷമാണ് അദ്ദേഹം ഏറ്റവും കൂടുതൽ അവധികളെടുത്തതെന്നാണ് വിവരം. നിലവിൽ 69 അവധിയെടുത്ത ജോർജ് ഡബ്ല്യു ബുഷാണ് ഇക്കാര്യത്തില്‍ മുന്നിൽ.
4.അബുദാബിയില്‍ കുറഞ്ഞവരുമാനക്കാര്‍ക്കായി പ്രത്യേക ഫ്ലാറ്റുകളും, താമസയിടങ്ങളും നിര്‍മിക്കുന്നു. അബുദാബി നഗരസഭയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
അബുദാബിയിലെ താമസ വാടക താങ്ങാനാവാതെ കഷ്ടപ്പെടുന്ന പ്രവാസികള്‍ക്ക് ആശ്വാസം പകരുന്നതാണ് ‘കുറഞ്ഞവരുമാനക്കാര്‍ക്ക് താമസയിടം’ പദ്ധതി. ബാച്ച്ലര് താമസക്കാര്‍ക്ക് മാസം 700 ദിര്‍ഹം മുതല്‍ 1400 ദിര്‍ഹം വരെയും കുറഞ്ഞവരുമാനക്കാരായ കുടുംബങ്ങള്‍ക്ക് മാസം 1400 ദിര്‍ഹം മുതല്‍ 2100 ദിര്‍ഹം വരെയും വാടക ഈടാക്കുന്ന താമസസ്ഥലങ്ങള്‍ നിര്‍മിക്കാനാണ് അബുദാബി നഗരസഭയുടെ പദ്ധതി. കെട്ടിടനിര്‍മാതാക്കള്‍ക്ക് ഇത്തരം പുതിയ പദ്ധതികള്‍ ആരംഭിക്കുന്നതിനൊപ്പം നിലവിലെ പദ്ധതികള്‍ കുറഞ്ഞവരുമാനക്കാര്‍ക്കായി മാറ്റാനും അവസരമുണ്ടാകും.
വാര്‍ത്തകള്‍ ചുരുക്കത്തില്‍
1.ജിഎസ്ടി, സ്വാശ്രയ മെഡിക്കല്‍ ബില്‍ ഉള്‍പ്പെടെ പ്രധാന നിയമനിര്‍മാണങ്ങള്‍ക്കുള്ള നിയമസഭാ സമ്മേളനം നാളെ തുടങ്ങും. നാളെ മുതല്‍ ആഗസ്റ്റ് 24 മുതല്‍ നടക്കുന്ന നിയമസഭാ സമ്മേളനം സുപ്രധാന നിയമനിര്‍മാണങ്ങള്‍കൊണ്ടും രാഷ്ട്രീയ ചര്ച്ചകൊണ്ടും ശ്രദ്ധേയമാകും.
2.കേന്ദ്ര പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്ലി ഇന്ന് തിരുവനന്തപുരത്ത്. ശ്രീകാര്യത്ത് കൊല്ലപ്പെട്ട ആര്.എസ്സ്.എസ്സ് പ്രവര്‍ത്തകന്റെ വീട് സന്ദര്‍ശിച്ച അദ്ദേഹം കുടുംബാംഗങ്ങളുമായി ചര്‍ച്ച നടത്തി.
3.ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് 100 മീറ്ററിന്റെ ഫൈനലില്‍ അമേരിക്കയുടെ ജസ്റ്റിന് ഗാറ്റ്ലിന് ഒന്നാമനായി. ട്രാക്കുകളുടെ രാജാവായി വാഴ്ന്ന ഉസൈന്‍ ബോള്‍ട്ടിനെ മറികടന്നാണ് ഈ വിജയം.
4.പ്രശസ്തമായ ഹാരിപോട്ടറിന്റെ സൃഷ്ടാവായ ജെ.കെ. റൗളിംഗ് സമ്പന്നയായ എഴുത്തുകാരിയെന്ന പദവി തിരിച്ചു പിടിച്ചു
5.ജീന്‍സ്, ചെക്ക് ഷര്‍ട്ട്, കളര്‍പ്രിന്റ് ചെയ്ത സാരി തുടങ്ങിയവ ധരിച്ച് ഹിമാചല്‍ പ്രദേശ് ഹൈക്കോടതിയില്‍ പ്രവേശിക്കരുതെന്ന് ഉത്തരവ്. നിയമ വ്യവഹാരത്തിലേര്‍പ്പെട്ടിരിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കാണ് കോടതി പുതിയ നിബന്ധന ഏര്‍പ്പെടുത്തിയിരിക്കുന്നത്.
6.ഉത്തരകൊറിയക്കു മേല്‍ ഉപരോധം ഏര്‍പ്പെടുത്തുന്ന അമേരിക്കന്‍ നീക്കത്തിന് പൂര്‍ണപിന്തുണയുമായി ഐക്യരാഷ്ട്ര സംഘടനയുടെ സെക്യൂരിറ്റി കൗണ്‍സില്‍. ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായതിനു ശേഷം ഉത്തരകൊറിയക്കു മേല്‍ ഏര്‍പ്പെടുത്തുന്ന ആദ്യ ഉപരോധമാണിത്.
Post Your Comments