ബെംഗളൂരു ;പിഡിപി ചെയർമാൻ അബ്ദുൾനാസർ മദനി ഇന്ന് കേരളത്തിലേക്ക്. മൂത്ത മകൻ ഉമർ മുഖ്താറിന്റെ വിവാഹ ചടങ്ങുകളിൽ പങ്കെടുക്കുന്നതിനും അസുഖബാധിതയായ ഉമ്മയെ സന്ദർശിക്കാനുമായാണ് കർണാടകയിൽ ജയിലിൽ കഴിയുന്ന മദനി ഞായറാഴ്ച കേരളത്തിലെത്തുക. നാട്ടിൽ തങ്ങാൻ ഓഗസ്റ്റ് ആറു മുതൽ 19 വരെയാണ് സുപ്രീംകോടതി അനുമതി നൽകിയത്.
ബംഗളൂരു ബെൻസൺ ടൗണിലെ താമസസ്ഥലത്തുനിന്ന് സഹായികൾക്കും സുരക്ഷ ജീവനക്കാർക്കുമൊപ്പം ഞായറാഴ്ച രാവിലെ യാത്ര പുറപ്പെടുന്ന മദനി, ഉച്ചക്ക് 2.20ന് കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് എയർ ഏഷ്യ വിമാനത്തിൽ നെടുമ്പാശ്ശേരിയിലേക്ക് തിരിക്കും. വൈകീട്ട് 3.30ന് നെടുമ്പാശ്ശേരിയിലെത്തിയശേഷം വാഹനമാർഗം കരുനാഗപ്പള്ളി അൻവാർശ്ശേരിയിലെ വീട്ടിലേക്ക് പോകും. ഇളയ മകൻ സലാഹുദ്ദീൻ അയ്യൂബി, ബന്ധുവും പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ മുഹമ്മദ് റജീബ്, സഹായികളായ സിദ്ദീഖ്, നിസാം, സർക്കിൾ ഇൻസ്പെക്ടർമാരായ രമേശ്, ഉമശങ്കർ എന്നിവരാണ് വിമാനയാത്രയിൽ അദ്ദേഹത്തെ അനുഗമിക്കുക. ബാക്കി 17 സുരക്ഷ ഉദ്യോഗസ്ഥർ റോഡുമാർഗം കൊച്ചിയിലെത്തും.
തലശ്ശേരി നഗരസഭ ടൗൺഹാളിൽ ബുധനാഴ്ച രാവിലെ 11.30ന് നടക്കുന്ന വിവാഹച്ചടങ്ങിനായി ചൊവ്വാഴ്ച അൻവാർശ്ശേരിയിൽനിന്ന് പുറപ്പെടുന്ന മദനി വെള്ളിയാഴ്ച വൈകീട്ട് നാലു മുതൽ ഒമ്പതുവരെ കൊല്ലം ടൗൺഹാളിൽ നടക്കുന്ന വിവാഹവിരുന്നിലും പങ്കെടുക്കും.
Post Your Comments