ലോകത്താദ്യമായി അണുബോംബ് വര്‍ഷിച്ചതിന്‍റെ അറുപത്തിനാലാം വാര്‍ഷികമാണ് ഇന്ന്. 1945 ആഗസ്റ്റ് ആറിന് രാവിലെയായിരുന്നു ഹിരോഷിമയില്‍ അമേരിക്ക അണുബോംബ് വര്‍ഷിച്ചത്. 70000ത്തോളം പേരുടെ ജീവനപഹരിച്ച അണുബോംബ് വര്‍ഷം ജപ്പാന്‍റെ ചരിത്രത്തിലെ എക്കാലത്തേയും കറുത്ത അധ്യായമാണ്. ബോംബ് വര്‍ഷത്തിന്‍റെ ദുരിതഫലങ്ങളനുഭവിച്ചവരടക്കം 50000 പേര്‍ ഹിരോഷിമയില്‍ ഒത്തുചേര്‍ന്ന് ബോംബ് വര്‍ഷത്തിന്‍റെ ഓര്‍മ്മ പുതുക്കി. ജപ്പാന്‍ പ്രധാനമന്ത്രി ടാരോ അസോയും 50 ലോകരാജ്യങ്ങളിലെ പ്രതിനിധികളും ഇവരുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്നു.
അമേരിക്കന്‍ മുന്‍ പ്രസിഡന്‍റ് ബരാക് ഒബാമയുടെ ആണവ വിരുദ്ധ നിലപാടിനെ ഹിരോഷിമ മേയര്‍ ടഡാറ്റോഷി അകിബ പ്രകീര്‍ത്തിച്ചു. ലോക സമാധാനത്തിന് അണുബോംബ് ഇല്ലാതാകണമെന്ന് അദ്ദേഹം പറഞ്ഞു. ഹിരോഷിമയില്‍ ബോംബ് വര്‍ഷിച്ച സമയമായ രാവിലെ 8:15നായിരുന്നു പ്രാര്‍ത്ഥനാ ചടങ്ങുകള്‍. എനോള ഗേ എന്ന അമേരിക്കന്‍ ബോംബര്‍ വിമാനമാണ് ഹിരോഷിമയില്‍ ബോംബ് വര്‍ഷിച്ചത്. 70000 പേര്‍ തല്‍ക്ഷണം കൊല്ലപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്. ബോംബ് വര്‍ഷത്തിന്‍റെ റേഡിയേഷന്‍ പിന്നെയും മാസങ്ങളൊളം നില നിന്നും. റേഡിയേഷന്‍ അതിപ്രസരം മൂലം ഒന്നര ലക്ഷത്തോളം ആളുകള്‍ മരിച്ചതായി വിലയിരുത്തപ്പെടുന്നു. അതിലുമധികം ആളുകള്‍ അംഗവൈകല്യം സംഭവിച്ചവരുമായി.
മൂന്നു ദിവസത്തിന് ശേഷം ആഗസ്റ്റ് ഒന്‍പതിന് നാഗസാക്കിയിലും അമേരിക്ക അണുബോംബ് വര്‍ഷിച്ചു. ആദ്യ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട അത്രയും തന്നെ ആളുകള്‍ ഈ ആക്രമണത്തിലും കൊല്ലപ്പെട്ടു. അഗസ്റ്റ് 15ന് ജപ്പാന്‍ കീഴടങ്ങല്‍ പ്രഖ്യാപിച്ചു. ഇതോടെ നാലുവര്‍ഷം നീണ്ടുനിന്ന രണ്ടാം ലോകമഹായുദ്ധത്തിന് വിരാമമായി. പിന്നീട് ജപ്പാന്‍ അമേരിക്കയുടെ ഏറ്റവും സഖ്യകക്ഷികളിലൊന്നായി തീര്‍ന്നു എന്നത് വിരോധാഭാസം മാത്രം.
Post Your Comments