തിരുവനന്തപുരം: ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷാ കേരളത്തില്‍ പ്രചാരണയാത്ര നടത്തും. കണ്ണൂര്‍ മുതല്‍ തിരുവനന്തപുരംവരെ അക്രമരാഷ്ട്രീയത്തിനെതിരെയാണ് യാത്ര. കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കോട്ടയം, തിരുവനന്തപുരം ജില്ലകളിലായി 100 കിലോമീറ്റര്‍ അമിത് ഷാ യാത്രചെയ്യും. ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനാണ് ഓഗസ്റ്റ് അവസാനം നടത്തുന്ന യാത്ര നയിക്കുന്നത്. ബി.ജെ.പി. ദേശീയനേതാക്കളും യോഗി ആദിത്യനാഥ് ഉള്‍പ്പെടെയുള്ള മുഖ്യമന്ത്രിമാരും പങ്കെടുക്കുമെന്നാണ് സൂചന.
20 കിലോമീറ്റര്‍വീതം ഒരു ജില്ലയില്‍ അമിത് ഷാ യാത്രചെയ്യുമെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ നല്‍കുന്ന വിവരം. യാത്ര തിരുവനന്തപുരത്ത് മഹാസമ്മേളനത്തോടെയായിരിക്കും സമാപിക്കുക. യോഗി ആദിത്യനാഥിനു പുറമേ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്‌സിങ് ചൗഹാന്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നവിസ്, ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ എന്നിവരും പങ്കെടുത്തേക്കും. നേതാക്കള്‍ രാഷ്ട്രീയകൊലപാതകങ്ങളില്‍ ജീവന്‍ നഷ്ടമായവരുടെയും പരിക്കേറ്റവരുടെയും വീടുകളും സന്ദര്‍ശിക്കും.
തിരുവനന്തപുരത്ത് തിങ്കളാഴ്ച ചേരുന്ന ബി.ജെ.പി. നേതൃയോഗത്തില്‍ യാത്രയുടെ വിശദാംശങ്ങള്‍ തീരുമാനിക്കും. അടുത്തയാഴ്ച പങ്കെടുക്കുന്ന കേന്ദ്രനേതാക്കള്‍ ആരൊക്കെയെന്ന് വ്യക്തമാകുമെന്നും പാര്‍ട്ടിനേതൃത്വം അറിയിച്ചു. യാത്രയ്ക്ക് നിലമൊരുക്കുക എന്ന ലക്ഷ്യമിട്ടാണ് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഞായറാഴ്ചയും ആര്‍.എസ്.എസ്. മേധാവി മോഹന്‍ ഭാഗവത് 14-നും കേരളത്തിലെത്തുന്നത്.
Post Your Comments