തിരുവനന്തപുരം•വെള്ളിയാഴ്ച രാവിലെ തിരുവനന്തപുരത്ത് നിന്നും ദുബായിലേക്ക് പുറപ്പെട്ട എമിറേറ്റ്സ് വിമാനം പകുതി ദൂരം പിന്നിട്ട ശേഷം തിരിച്ചിറക്കിയതിന് കാരണം യാത്രക്കാരിയുടെ അശ്രദ്ധ. അശ്രദ്ധയോടെ മുകളിലെ ലോക്കറില്‍ നിന്നും വലിച്ചെടുത്ത ഹാന്‍ഡ് ബാഗ് ദേഹത്ത് വീണ് സഹയാത്രക്കാരിയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്നാണ് EK521 വിമാനം തിരുവനന്തപുരത്ത് തിരിച്ചിറക്കിയത്.
രാവിലെ 10:31 ന് തിരുവനന്തപുരത്ത് നിന്ന് പറന്നുയര്‍ന്ന വിമാനം കുറച്ചു ദൂരം പിന്നിട്ടപ്പോഴാണ് യാത്രക്കാരി കാബിന്‍ ബാഗേജ് വലിച്ചെടുത്തത്. അശ്രദ്ധയില്‍ വലിച്ചെടുത്ത ബാഗേജ് വീണത് അമേരിക്കന്‍ പൗരത്വമുള്ള ആറ്റിങ്ങല്‍ സ്വദേശി ലെറ്റിക്കുട്ടി (45) എന്ന യാത്രക്കാരിയുടെ പുറത്തേക്കായിരുന്നു. സാരമില്ലെന്ന് പറഞ്ഞതിനാല്‍ വിമാനം യാത്രതുടര്‍ന്നു. എന്നാല്‍ അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഇവര്‍ക്ക് ചര്‍ദ്ദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് പൈലറ്റ് തിരുവനന്തപുരം എ.ടി.സിയുമായി ബന്ധപ്പെടുകയും വിമാനം തിരിച്ചിറക്കാന്‍ അനുമതി തേടുകയുമായിരുന്നു. തുടര്‍ന്ന് ഉച്ചയ്ക്ക് 12.47 ഓടെ ബോയിംഗ്-777-31H(ER) വിമാനം തിരുവനന്തപുരത്ത് സുരക്ഷിതമായി തിരിച്ചിറക്കി.തോളിന് പരിക്കേറ്റ യാത്രക്കാരിയെ വിമാനത്താവളത്തിന് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
പിന്നീട് ഉച്ചകഴിഞ്ഞ് 2.05 ന് ദുബായിലേക്ക് തിരികെ പറന്ന വിമാനം യു.എ.ഇ സമയം 3.58 ന് (ഇന്ത്യന്‍ സമയം വൈകുന്നേരം 5.28) ദുബായിയില്‍ എത്തിച്ചേര്‍ന്നു. എല്ലാ ദിവസവും 12.30 ന് ദുബായില്‍ എത്തിച്ചേരുന്ന വിമാനമാണ് യാത്രക്കാരിയുടെ അശ്രദ്ധമൂലം ഇത്രയധികം വൈകിയത്.
നേരത്തെ ദുബായില്‍ തിരുവനന്തപുരം-ദുബായ് വിമാനം അപകടത്തില്‍പ്പെട്ടപ്പോഴും മലയാളി യാത്രക്കാരുടെ പെരുമാറ്റം വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
Post Your Comments