Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsIndiaNews

മന്ത്രി ശിവകുമാറിനു മേല്‍ കുരുക്ക് മുറുക്കിക്കൊണ്ട് ആദായനികുതി വകുപ്പിന്റെ റെയ്ഡും ചോദ്യം ചെയ്യലും

 

ബെംഗളൂരു: കര്‍ണാടക മന്ത്രി ഡി.കെ. ശിവകുമാറിന്റെ വീടുകളിലും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സ്ഥാപനങ്ങളിലും മൂന്നാം ദിവസവും ആദായനികുതി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി. ശിവകുമാറിന്റെ വീട്ടിലെ റെയ്ഡ് പൂര്‍ത്തിയായതായാണ് വിവരം.

പിടിച്ചെടുത്ത പണം, സ്വര്‍ണം, രേഖകള്‍ എന്നിവ ഡല്‍ഹിയിലെ ആദായനികുതി ഓഫീസിലേക്കുമാറ്റും. വീട്ടിലെ ലോക്കര്‍ പൊളിച്ചാണ് രേഖകള്‍ പിടിച്ചെടുത്തത്. ശിവകുമാറിന്റെ സുഹൃത്ത് സുനില്‍കുമാര്‍ ശര്‍മയുടെ വീട്ടില്‍ സ്വര്‍ണക്കട്ടികള്‍ പിടിച്ചെടുത്തതായും വിവരമുണ്ട്.

കഴിഞ്ഞ ദിവസങ്ങളിലായി ഡല്‍ഹിയിലെയും ബെംഗളൂരുവിലെയും ശിവകുമാറിന്റെ വീടുകളില്‍നിന്ന് 11.43 കോടി രൂപയാണ് പിടിച്ചെടുത്തത്. പാര്‍ട്ടി ഫണ്ടിലേക്ക് മൂന്നുകോടി രൂപ കൈമാറിയതായുള്ള വാര്‍ത്ത കോണ്‍ഗ്രസ് കേന്ദ്രനേതൃത്വം നിഷേധിച്ചു.

അതിനിടെ, ശിവകുമാറിനെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുക്കാനും സാധ്യതയുണ്ട്. റെയ്ഡില്‍ ലഭിച്ച വിവരങ്ങള്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നല്‍കി. സിംഗപ്പൂര്‍ അടക്കമുള്ള വിദേശരാജ്യങ്ങളില്‍ നിക്ഷേപം നടത്തിയതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ‘ഫെമ’ (വിദേശനാണ്യവിനിമയ നിയമം) ലംഘനമുണ്ടെങ്കില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുക്കും. ശിവകുമാര്‍ കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയും ലഭിച്ചിട്ടുണ്ട്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്താല്‍ ശിവകുമാറിനെ അറസ്റ്റുചെയ്‌തേക്കുമെന്നും സൂചനയുണ്ട്.

അതിനിടെ, റെയ്ഡ് തീര്‍ത്ത ബഹളത്തില്‍ രാമനഗര ബിഡദിയിലെ ഈഗിള്‍ടണ്‍ റിസോര്‍ട്ടില്‍ താമസിക്കുന്ന ഗുജറാത്തില്‍നിന്നുള്ള എം.എല്‍.എ.മാര്‍ നാട്ടിലേക്കു തിരിച്ചുപോകാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. ഗുജറാത്തില്‍നിന്നുള്ള 44 കോണ്‍ഗ്രസ് എം.എല്‍.എ.മാരാണ് റിസോര്‍ട്ടിലുള്ളത്. ശിവകുമാറിന്റെ സഹോദരനും എം.പി.യുമായ ഡി.കെ. സുരേഷ് ഇവര്‍ക്കൊപ്പമുണ്ട്.

അതേസമയം, ശിവകുമാറിന് രക്തസമ്മര്‍ദം ഉയര്‍ന്നതിനെത്തുടര്‍ന്ന് ഡോക്ടര്‍മാരുടെ സംഘം പരിശോധിച്ചു. അനുയായികള്‍ വീടിനുമുന്നിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത് സുരക്ഷയ്ക്കും ഭീഷണിയായിരിക്കുകയാണ്.

കഴിഞ്ഞ മൂന്നുദിവസമായി 66 സ്ഥലങ്ങളിലാണ് ഒരേസമയം റെയ്ഡ് നടന്നത്. പണവും സ്വര്‍ണവും അടക്കം 15 കോടി രൂപയാണ് അനധികൃതമായി കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button