ബെംഗളൂരു: ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയ ഐഐടി ബിരുദധാരി പിടിയിൽ. ഖരഗ്പൂര്‍ ഐഐടിയില്‍ നിന്ന് ബിരുദം നേടിയ അഭിനവ് ശ്രീവാസ്തവയാണ് പിടിയിലായത്. ഇയാൾ യുഐഡിഎഐ സെര്‍വ്വറില്‍ കടന്ന് ആധാര്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ചുവെന്നാണ് ആരോപണം. ഓല ടാക്സി സര്‍വ്വീസില്‍ സോഫ്റ്റ് വെയര്‍ ഡെവലപ്പ്‌മെന്റ് എഞ്ചിനീയറായി ജോലി ചെയ്‌ത് വരികയായിരുന്നു അഭിനവ്. 40000ത്തോളം പേരുടെ വിവരങ്ങളാണ് അഭിനവ് ചോര്‍ത്തിയതെന്നും എന്നാല്‍ ബയോമെട്രിക് വിവരങ്ങള്‍ ഒന്നും ചോര്‍ന്നിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.
യുഐഡിഎഐ സെര്‍വ്വറിലേയ്ക്ക് പ്രവേശിക്കുന്നതിനായി നാഷണല്‍ ഇന്‍ഫോമാര്‍റ്റിക്സ് സെന്‍ററിന്‍റെ ഇ ഹോസ്പിറ്റല്‍ എന്ന ആപ്ലിക്കേഷനാണ് ഇയാൾ ഉപയോഗിച്ചത്. ഇയാള്‍ തന്നെ വികസിപ്പിച്ച ഇ-കെ.വൈ.സി വെരിഫിക്കേഷന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ പ്ലേ സ്റ്റോറിലടക്കം ലഭ്യമാണ്. ഇത് ഉപയോഗിക്കുന്ന ഏതൊരാള്‍ക്കും ഇ- ഹോസ്പിറ്റൽ ആപ്ലിക്കേഷനും ഉപയോഗിക്കാൻ കഴിയും. ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന സംശയത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
Post Your Comments