ന്യൂഡൽഹി: തിരുവനന്തപുരം– കന്യാകുമാരി റെയിൽപ്പാത ഇരട്ടിപ്പിക്കാൻ കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി അനുമതി നൽകി. വിഴിഞ്ഞം തുറമുഖം 2019ൽ പ്രവർത്തനം ആരംഭിക്കുന്നതു കൂടി കണക്കിലെടുത്താണ് പദ്ധതിക്ക് അനുമതി നൽകുന്നത്. വൈദ്യുതീകരിച്ച് പാത ഇരട്ടിപ്പിക്കാൻ 1553 കോടിയാണ് കണക്കാക്കിയിരിക്കുന്നത്. 86.56 കിലോമീറ്റർ പാതയാണ് ഇതിലൂടെ ഇരട്ടിപ്പിക്കുന്നത്.
നാഗർകോവിലിൽ നിന്ന്‍ തിരുനെൽവേലി വഴി വഞ്ചിയിലേക്കുള്ള 102 കിലോമീറ്റർ പാത ഇരട്ടിപ്പിക്കാൻ 1114.62 കോടി രൂപയുടെ പദ്ധതിക്കും അനുമതി നൽകി. 2020–21ൽ പൂർത്തിയാകും. മധുര– വഞ്ചി, മണിയാച്ചി – തൂത്തുക്കുടി പാതകൾ ഇരട്ടിപ്പിക്കാനും തീരുമാനിച്ചു. ഇരുപാതകളുമായി 106 കിലോമീറ്റർ പാത ഇരട്ടിപ്പിക്കലിനു 1272.51 കോടി രൂപയാണു ചെലവു കണക്കാക്കുന്നത്. ഈ പദ്ധതിയും 2020–21ൽ പൂർത്തിയാകുമെന്നാണ് കരുതുന്നത്.
വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട ചരക്കുനീക്കത്തിൽ 30% റയിൽവേ പ്രതീക്ഷിക്കുന്നുണ്ട്. പാത ഇരട്ടിപ്പിക്കലിനും വൈദ്യുതീകരണത്തിനുമുള്ള എസ്റ്റിമേറ്റ് റെയിൽവേ ബോർഡിലേക്ക് അയച്ചത് 2015 സെപ്റ്റംബറിലാണ്. കഴിഞ്ഞ മെയിലാണ് പദ്ധതിയ്ക്ക് നീതി ആയോഗ് അംഗീകാരം ലഭിച്ചത്. തിരുവനന്തപുരത്തു നിന്നു കന്യാകുമാരിയിലേക്കും ചെന്നൈയിലേക്കും യാത്രക്കാരുടെ ബാഹുല്യം കൂടുതലാണ്. ഇത്തരം ഒരു സാഹചര്യത്തിൽ പാത ഇരട്ടിപ്പിക്കാതെ പുതിയ സർവീസുകൾ ആരംഭിക്കാൻ സാധ്യമല്ല.
Post Your Comments