KeralaLatest NewsNewsIndiaSportsGulf

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

1. ബി.ഡി.ജെ.എസ്‌. ബി.ജെ.പി. ബന്ധം വേര്‍പ്പെടുത്താനൊരുങ്ങുന്നു. 

കേന്ദ്ര ഭരണം അവസാനിക്കാന്‍ രണ്ടു വര്‍ഷം മാത്രം അവശേഷിക്കേ നല്‍കിയ വാഗ്‌ദാനങ്ങള്‍ പാലിക്കാന്‍ ബി.ജെ.പി കേന്ദ്ര നേതൃത്വം തയാറായില്ലെന്നും അവഗണന തുടരുകയാണെന്നുമാണു ബി.ഡി.ജെ.എസിന്റെ പരാതി. ഈ സാഹചര്യത്തില്‍ ബി.ജെ.പിയുമായുള്ള സഹകരണം അവസാനിപ്പിച്ച്‌ മറ്റ്‌ മുന്നണി ബന്ധങ്ങള്‍ തേടാനുള്ള ശ്രമങ്ങള്‍ എസ്‌.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്‌. യു.ഡി.എഫ്‌. ക്ഷണിച്ചാല്‍ മുന്നണി ബന്ധം ചര്‍ച്ച ചെയ്യാമെന്ന സമീപനമാണു ബി.ഡി.ജെ.എസിലെ പ്രമുഖ നേതാക്കള്‍ക്കുള്ളത്‌. ഇത്‌ സംബന്ധിച്ച്‌ കോണ്‍ഗ്രസിലെ ചില ഉന്നത നേതാക്കളും ബി.ഡി.ജെ.എസ്‌. നേതാക്കളും തമ്മില്‍ ഒരു തവണ കൂടിക്കാഴ്‌ച നടത്തിയിരുന്നു.

2. ഭിന്നലിംഗക്കാര്‍ക്ക് ഡ്രൈവിങ് പരിശീലനം നല്‍കുന്ന പദ്ധതിയ്ക്ക് സര്‍ക്കാര്‍ ഭരണാനുമതി നല്‍കി.

ഭിന്നലിംഗക്കാരുടെ ജീവിത രീതി മെച്ചപ്പെടുത്തുന്നതിനും, അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതിനും വേണ്ടിയാണ് പുതിയ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. പദ്ധതിയ്ക്കായി 5.95 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. തുടക്കത്തില്‍ ഓരോ ജില്ലയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട അഞ്ചുപേര്‍ക്ക് പരിശീലനം നല്‍കാനാണ് ലക്ഷ്യമിടുന്നത്. ജില്ലാ തലത്തില്‍ സെലക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് ഗുണഭോക്താക്കളെ കണ്ടെത്താനാണ്‌ തീരുമാനം. ഒരാള്‍ക്ക് പരിശീലനത്തിന് 8500രൂപയാണ് വകയിരുത്തിയിട്ടുള്ളത്.

3. 14 വര്‍ഷമായി ഒരു ദിവസം പോലും അവധിയെടുക്കാതെ സ്കൂളില്‍ പോകുന്ന വിദ്യാര്‍ഥി

ഭൂരിഭാഗം കുട്ടികള്‍ക്കും പൊതുവേ സ്കൂളില്‍ പോകാന്‍ മടി ആയിരിക്കും. എന്തെങ്കിലുമൊക്കെ കാരണം കണ്ടുപിടിച്ച് സ്കൂളില്‍ പോകാതിരിക്കാന്‍ ശ്രമിക്കുന്നവരാണ് പലരും. എന്നാല്‍ 14 വര്‍ഷമായി ഒരു ദിവസം പോലും അവധിയെടുക്കാതെ സ്കൂളില്‍ പോകുന്ന വിദ്യാര്‍ഥിയുണ്ട്. സൂററ്റ് സ്വദേശിയായ ഭാര്‍ഗവ് മോദിയാണ് ആ മിടുക്കന്‍. ഇപ്പോള്‍ 12ാം ക്ലാസ്സില്‍ പഠിക്കുന്ന ഭാര്‍ഗവ് ഞായറാഴ്ചയിലെ അവധി മാത്രമേ ഇത് വരെ എടുത്തിട്ടുള്ളു. മിടുക്കരായ വിദ്യാര്‍ത്ഥികള്‍ പോലും അടുത്ത ബന്ധുക്കളുടെ വിവാഹത്തിനെങ്കിലും അവധിയെടുക്കുമ്പോള്‍ ഭാര്‍ഗവ് അത്തരം അവധികള്‍ ഒന്നും എടുത്തില്ല. കെജി ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ്സ്‌ വരെയുള്ള കാലയളവില്‍ 2096 ദിവസമാണ് ഭാര്‍ഗവ് സ്കൂളില്‍ എത്തിയത്. ഇക്കാര്യത്തിലെ ലോക റെക്കോര്‍ഡും, ഇന്ത്യന്‍ റെക്കോര്‍ഡും ഇപ്പോള്‍ ഭാര്‍ഗവിന്റെ പേരിലാണ്. സൂററ്റ് ന്യൂ മഗദലയിലെ പിആര്‍ ഖാതിവാല വിദ്യാസദന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് ഭാര്‍ഗവ്.

4. ജീന്‍ എഡിറ്റിങിന്റെ സഹായത്തോടെ മനുഷ്യഭ്രൂണങ്ങളിലെ ജനിതക തകരാറുകള്‍ ഇനി നീക്കാം.

കാലിഫോര്‍ണിയ, ചൈന, ദക്ഷിണകൊറിയ എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകരുടെ സഹായത്തോടെയാണ് അമേരിക്കയില്‍ ഒറിഗണ്‍ ഹെല്‍ത്ത് ആന്‍ഡ് സയന്‍സ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ പുതിയ കണ്ടുപിടുത്തം നടത്തിയിരിക്കുന്നത്. 2011 ല്‍ ശാസ്ത്രലോകം രൂപപ്പെടുത്തിയ ക്രിസ്പെര്‍-കാസ്9 ( CRISPR-Cas9 ) ജീന്‍ എഡിറ്റിങ് വിദ്യ ഉപയോഗിച്ചാണ് ഭ്രൂണങ്ങളെ മെച്ചപ്പെടുത്താന്‍ കഴിഞ്ഞത്. ഏത് ജിനോമില്‍ നിന്നും ആവശ്യമുള്ള ഡി.എന്‍.എ.ശ്രേണീഭാഗങ്ങളെ എഡിറ്റ് ചെയ്ത് മാറ്റാനും കൂട്ടിച്ചേര്‍ക്കാനും തെറ്റുകള്‍ തിരുത്താനും സഹായിക്കുന്ന നൂതന വിദ്യയാണ് ക്രിസ്പെര്‍. പാരമ്പര്യ രോഗങ്ങളെ ഒഴിവാക്കി അസംഖ്യം ജനിതക രോഗങ്ങളെ നിയന്ത്രിക്കാന്‍ സാധിക്കുമെന്ന് ഗവേഷകര്‍ കരുതുന്നു.

5. പ്രവാസി ഇന്ത്യക്കാര്‍ക്ക് പ്രോക്സി വോട്ട് അനുവദിക്കാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു.

പ്രവാസി ഇന്ത്യക്കാരുടെ ദീര്‍ഘ കാലമായുള്ള ആവശ്യമാണ് ഇതോടെ യാഥാര്‍ഥ്യമാവുന്നത്. നിലവില്‍ വോട്ടര്‍ പട്ടികയില്‍ പേരുണ്ടെങ്കിലും തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യണമെങ്കില്‍ രാജ്യത്ത് എത്തണമെന്നാണ് നിയമം. പ്രോക്സി വോട്ടിന് അംഗീകാരം ലഭിക്കുന്നതോടെ പ്രവാസികള്‍ക്ക് അവരുടെ മണ്ഡലത്തില്‍ പകരം പ്രതിനിധിയെ നിയോഗിച്ച് വോട്ട് ചെയ്യാനാവും. ഇതിനായി ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യും. പ്രതിനിധിയെ ചുമതലപ്പെടുത്തി കൊണ്ട് ആറു മാസം മുമ്പ് റിട്ടേണിംഗ് ഓഫീസര്‍ക്ക് അപേക്ഷ നല്‍കണം.

വാര്‍ത്തകള്‍ ചുരുക്കത്തില്‍

1. കായിക രംഗത്തെ മികവിനുള്ള ഈ വര്‍ഷത്തെ ഖേല്‍രത്ന പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഹോക്കിതാരം സര്‍ദാര്‍ സിങും പാരാ അത്‍ലറ്റിക്സ് താരം ദേവേന്ദ്ര ജജാരിയയുമാണ് പുരസ്കാരത്തിന് അര്‍ഹരായത്.

2. നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യും. തെളിവ് നശിപ്പിച്ചതിലടക്കം നാദിര്‍ഷായ്ക്ക് പങ്കുണ്ടെന്നും പോലീസ്

3. മഅദനിയുടെ സുരക്ഷാ ചെലവ് വഹിക്കാമെന്ന കേരളത്തിന്റെ നിലപാട് സുപ്രീം കോടതി തളളി. കര്‍ണാടകത്തിന്റെ കസ്റ്റഡിയിലുളള ആളുടെ സുരക്ഷ കേരളം ഏറ്റെടുക്കേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി.

4. ഇരുപത്തിയൊന്നാം നൂറ്റാണ്ട് അവസാനിക്കുന്നതോടെ ഇന്ത്യയില്‍ ഒരാള്‍ക്കും വീടിനു പുറത്തിറങ്ങാനാകാത്ത വിധം ചൂട് വര്‍ധിക്കുമെന്ന് പുതിയ പഠനം. ഊഷ്മാവും അതിനെ പ്രതിരോധിക്കാനുള്ള മനുഷ്യശരീരത്തിന്റെ ശേഷിയും കണക്കിലെടുത്തുകൊണ്ടാണ് പഠനം നടത്തിയിരിക്കുന്നത്.

5. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മോശം പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ മുന്‍ ഡിജിപി ടി പി സെന്‍കുമാറിന് ക്ലീന്‍ചിറ്റ്. ബോധപൂര്‍വ്വം മോശം രീതിയില്‍ പരാമര്‍ശം നടത്തിയിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

6. സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിനു പിന്നാലെ നഴ്‌സിങ് പ്രവേശനവും പ്രതിസന്ധിയില്‍. വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷ സ്വീകരിച്ചതല്ലാതെ പ്രവേശന പരീക്ഷ കമ്മീഷൻ യാതൊരു നടപടിയും പൂർത്തിയാക്കിയിട്ടില്ല.

7. ദിലീപിന്റെ ആദ്യ വിവാഹത്തില്‍ താന്‍ സാക്ഷിയായിരുന്നില്ലെന്ന് നടനും മിമിക്രി ആര്‍ട്ടിസ്റ്റുമായ അബി. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വിവരങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

8. ഏറ്റവുമധികം കൊലപാതകങ്ങൾ നടക്കുന്നത് കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ നാട്ടിലാണെന്ന ബിജെപി എംപിമാരുടെ പ്രസ്താവനയിൽ ലോക്സഭയിൽ പ്രതിഷേധം. സഭയിൽ ഇല്ലാത്ത ആളുകളുടെ പേരെടുത്ത് ഇത്തരത്തില്‍ വിമർശനം ഉന്നയിക്കുന്നത് ശരിയല്ലെന്ന് ഇടത് എംപിമാർ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button