KeralaLatest NewsNews

വ്യാജവിവാഹത്തിലൂടെ കോടികളുടെ സ്വത്ത് തട്ടിയ കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍

 

പയ്യന്നൂര്‍: വ്യാജവിവാഹത്തിലൂടെ കോടികളുടെ സ്വത്ത് തട്ടിയ കേസില്‍ മുഖ്യപ്രതിയായ വയോധിക അറസ്റ്റിലായി. റിട്ട. സഹകരണ ഡെപ്യൂട്ടി രജിസ്ട്രാര്‍ പി. ബാലകൃഷ്ണന്റെ സ്വത്ത് വ്യാജവിവാഹ സര്‍ട്ടിഫിക്കറ്റുണ്ടാക്കി തട്ടിയെടുത്ത കേസിലാണ് പ്രതി ജാനകിയുടെ അറസ്റ്റ്. കോറോം കിഴക്കേവണ്ണാടില്‍ ജാനകി ( 71 ) യെയാണ് തളിപ്പറമ്പ് ഡിവൈ.എസ്.പി. കെ.വി. വേണുഗോപാല്‍, പയ്യന്നൂര്‍ സി.ഐ. എം.പി. ആസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തത്.

ജാനകിയെ പ്രായവും അവശതയും കണക്കിലെടുത്ത് പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യത്തില്‍ വിട്ടു. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ ഹാജരാവണമെന്ന നിബന്ധനയോടെയാണ് ജാമ്യം.

ചൊവ്വാഴ്ച ജാനകിയെ വിശദമായി ചോദ്യംചെയ്തിരുന്നു. ബുധനാഴ്ച ഉച്ചയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മറ്റു പ്രതികളായ ജാനകിയുടെ സഹോദരിയും അഭിഭാഷകയുമായ കെ.വി. ഷൈലജ, ഭര്‍ത്താവ് പി. കൃഷ്ണകുമാര്‍ എന്നിവര്‍ ഒളിവിലാണ്. ഇവരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

ജാനകിയെ കേസില്‍ മാപ്പുസാക്ഷിയാക്കാന്‍ പോലീസ് ആലോചിച്ചിരുന്നു. പ്രധാന പ്രതിയായതിനാലും ആവശ്യത്തിന് തെളിവ് കൈവശമുള്ളതിനാലും ഈ ശ്രമം ഉപേക്ഷിച്ചു. മറ്റുപ്രതികളെ ഉടന്‍ പിടികൂടുമെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ഡിവൈ.എസ്.പി. വേണുഗോപാല്‍ പറഞ്ഞു.

പരിയാരം അമ്മാനപ്പാറയില്‍ ബാലകൃഷ്ണനെ ജാനകി വിവാഹം ചെയ്തെന്ന വ്യാജരേഖയുണ്ടാക്കി സ്വത്തുക്കള്‍ തട്ടിയെടുത്തതിനടക്കം തെളിവുകളുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. വിവാഹത്തിന്റെ വ്യാജരേഖകള്‍ തയ്യാറാക്കി വില്ലേജ് ഓഫീസറെയും തഹസില്‍ദാരെയും തെറ്റിദ്ധരിപ്പിച്ച് പിന്തുടര്‍ച്ചാവകാശ സര്‍ട്ടിഫിക്കറ്റ് നേടി. ഇതുപയോഗിച്ച് ബാലകൃഷ്ണന്റെ സ്വത്തുക്കള്‍ തട്ടിയെടുക്കുകയായിരുന്നു.

ബാലകൃഷ്ണന്റെ ആറ് ഏക്കര്‍ സ്ഥലം ഷൈലജയുടെ പേരിലാക്കി. ബാങ്ക് അക്കൗണ്ടില്‍നിന്ന് 66,000 രൂപയും പിന്‍വലിച്ചു. പെന്‍ഷന്‍ തുകയായി മാസം 10,800 രൂപവീതം പന്ത്രണ്ടരലക്ഷം രൂപയും ഇവര്‍ സ്വന്തമാക്കി. തുക കൈക്കലാക്കിയത് ഷൈലജയാണെന്നാണ് ജാനകിയുടെ മൊഴി. ബാലകൃഷ്ണന്റെ ദുരൂഹമരണം സംബന്ധിച്ചും അന്വേഷണം തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button