ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
1. നഴ്‌സുമാര്‍ക്ക് തൂവെള്ള നിറത്തിലുള്ള മാലാഖ വേഷം ഇനി നഷ്ടമാകും.
യൂണിഫോം പരിഷ്‌കരിക്കണമെന്ന സർക്കാർ നഴ്സുമാരുടെ ദീർഘകാലാവശ്യം പരിഗണിച്ചാണ് സർക്കാർ ചൊവ്വാഴ്‌ച്ച ഉത്തരവിറക്കിയത്. സ്റ്റാഫ് നഴ്സിന് സ്‌കൈബ്ലൂ നിറത്തിലുള്ള ചുരിദാർ അല്ലെങ്കിൽ സാരിയും വെള്ള ഓവർകോട്ടും ഹെഡ് നഴ്സിന് ലാവൻഡർ നിറത്തിലുള്ള ചുരിദാർ അല്ലെങ്കിൽ സാരിയും വെള്ള ഓവർകോട്ടുമാണ് യൂണിഫോം. മെയിൽ നഴ്സിന് കറുത്ത പാന്റ്സ്, സ്‌കൈബ്ലൂ ഷർട്ട്, വെള്ള ഓവർകോട്ട് എന്നിവയാണ് പുതിയ യൂണിഫോം. പരിഷ്‌കാരം സർക്കാരിന് അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കാൻ പാടില്ലെന്ന നിബന്ധനയും ഉത്തരവിലുണ്ട്. യൂണിഫോം പരിഷ്‌കരണത്തോടെ നഴ്സുമാരെ ഇതര ജീവനക്കാരിൽനിന്ന് വേർതിരിച്ചറിയാനുമാകും.
2. കേരളത്തിന്റെ നിലപാട് അന്യായമെന്ന് മിസോറാം സര്‍ക്കാരിന്റെ പരസ്യം.
കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളെ തുടര്‍ന്ന് മിസോറാം ലോട്ടറിയുടെ വില്‍പ്പനയും നറുക്കെടുപ്പും താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് മിസോറാം സര്‍ക്കാര്‍ പത്രങ്ങളില്‍ പരസ്യം നല്‍കിയത്. എല്ലാ നിയമനടപടിയും പൂര്‍ത്തിയാക്കിയാണ് ലോട്ടറി വില്‍പനയെന്നും അത് തടയുന്നത് അന്യായമാണെന്നും പരസ്യത്തില്‍ പറയുന്നു. ഗോവയിലും പഞ്ചാബിലും പശ്ചിമ ബംഗാളിലും ലോട്ടറി വില്‍ക്കുന്നുണ്ടെന്നും അവിടങ്ങളില്‍ ഒന്നും തടസങ്ങളില്ലെന്നും പരസ്യത്തില്‍ വ്യക്തമാക്കുന്നു.
3. മുഹമ്മദ് നിഷാമിന് മാനസിക രോഗമില്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തു വന്നു.
നിഷാമിന് മാനസിക അസ്വാസ്ഥ്യമുണ്ടെന്നും വിദഗ്ധ ചികിത്സ നല്‍കണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കളാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന നിഷാമിനു മെഡിക്കല്‍ ബോര്‍ഡ് പരിശോധനയില്‍ യാതൊരു വിധ മാനസിക അസ്വാസ്ഥ്യവും കണ്ടെത്തിയിരുന്നില്ല. ആയതിനാല്‍, വിശദമായ സത്യവാങ്മൂലം നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശവും നല്‍കി. ശിക്ഷയില്‍ ഇളവ് ലഭിക്കാനുള്ള നിഷാമിന്റെ ശ്രമങ്ങള്‍ക്കാണ് റിപ്പോര്‍ട്ട് തടയിട്ടിരിക്കുന്നത്.
4. നിയമസഭയില്‍ പുത്തന്‍ അവസരങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
വാട്ട്‌സ്ആപ്പ് സന്ദേശമായും ഫോണ്‍ വിളിയായും സഭയിലേക്കുള്ള ചോദ്യങ്ങള്‍ ക്ഷണിച്ചത് വലിയ ഹിറ്റായിരിക്കുകയാണ്. ദിവസം ലഭിക്കുന്ന പരാതികളില്‍ നിന്നും തെരഞ്ഞെടുത്തവ തരംതിരിച്ച് സഭയില്‍ ഉന്നയിക്കുകയാണ് ചെയ്തെന്നു ചെന്നിത്തല പറഞ്ഞു. വാട്ട്‌സ് ആപ്പ് വഴി ചോദ്യമുന്നയിക്കാന്‍ ജൂലൈ 28നാണ് ഫെയ്‌സ്ബുക്കിലൂടെ സന്ദേശം നല്‍കിയത്. തൊഴില്‍, ഭിന്നശേഷി, എക്‌സ് സര്‍വീസ്, പ്രവാസികാര്യം എന്നിങ്ങനെ വിഷയങ്ങളാണ് ഏറ്റവുമധികം ആളുകള്‍ ഉന്നയിച്ചിരിക്കുന്നത്. ഇതിനുള്ള അവസാന ദിനം ഇന്നാണ് .
5. യുദ്ധവുമായി മുന്നോട്ടു പോവുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
ഉത്തര കൊറിയയെ തകര്‍ക്കാൻ യുദ്ധവുമായി മുന്നോട്ടു പോവുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്നോട് പറഞ്ഞതായി റിപ്പബ്ലിക്കന്‍ സെനറ്റര്‍ ലിന്‍ഡ്‌സി പറഞ്ഞു. ദീര്‍ഘദൂര ആണവവാഹക ശേഷിയുള്ള ബാലിസ്റ്റിക് മിസൈല്‍ വികസിപ്പിക്കാന്‍ ഉത്തരകൊറിയയെ അനുവദിക്കുന്നതിനേക്കാളും നല്ലത് അവരെ യുദ്ധത്തിലൂടെ തകര്‍ക്കുകയാണെന്ന് ട്രംപ് പറഞ്ഞതായും ലിന്‍ഡ്‌സി ഗ്രഹാം വ്യക്തമാക്കിയിട്ടുണ്ട്. 20 വര്‍ഷമായി ഉത്തരകൊറിയ അമേരിക്കയോട് നിസ്സഹകരണ മനോഭാവമാണ് പുലര്‍ത്തുന്നത്.
വാര്‍ത്തകള്‍ ചുരുക്കത്തില്‍
1. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിന്‍റെ ബന്ധുക്കളെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. ദിലീപിന്‍റെ അനിയന്‍, സഹോദരിയുടെ ഭർത്താവ്, മഞ്ചു വാര്യരുടെ സഹോദരന്‍ മധു വാര്യര്‍ എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്.
2. നടൻ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടി ഡി സിനിമാസ് ഭൂമി കയ്യേറി നിർമ്മിച്ചതല്ലെന്ന് കണ്ടെത്തി. റവന്യൂ വകുപ്പിന്റെ സർവ്വേ വിഭാഗം നടത്തിയ പരിശോധനയിലാണ് ഡി സിനിമാസ് ഭൂമി കയ്യേറിയിട്ടില്ലെന്ന് കണ്ടെത്തിയത്.
3. കേരളത്തില്‍ മഅ്ദനിക്ക് സുരക്ഷ ഒരുുക്കാന്‍ തയ്യാറാണെന്ന് അറിയിച്ച് കര്‍ണാടക മുഖ്യമന്ത്രിക്ക് കത്തയക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പ് നല്‍കിയതായി പിഡിപി
4. നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രചരിക്കുന്ന വാര്‍ത്തകളെക്കുറിച്ച് തനിക്കറിയില്ലെന്ന് നടന്‍ സിദ്ധിഖ്. അസ്റ്റിലായ നടന്‍ ദിലീപിന്റെ അടുത്ത സുഹൃത്തെന്ന നിലയില്‍ സിദ്ധിഖിനെ ചോദ്യം ചെയ്തു എന്ന രീതിയിലാണ് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്.
5. ഫുട്ബോള്‍ താരം സി കെ വിനീതിന് സര്‍ക്കാര്‍ ജോലി നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് ആയി നിയമിക്കാനാണ് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായത്.
6. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്‍റെ സ്ഥാനാർത്ഥിയായ ഗോപാൽ കൃഷ്ണ ഗാന്ധിക്ക് പിന്തുണയുമായി ആം ആദ്മി. ഡൽഹി മുഖ്യമന്ത്രിയും, ആം ആദ്മി നേതാവുമായ അരവിന്ദ് കേജരിവാളാണ് ഈ വിവരം പുറത്ത് വിട്ടത്.
7. സംസ്ഥാനത്ത് ഭൂപരിഷ്കരണ നിയമം ലംഘിച്ച് 15 ഏക്കറിൽ കൂടുതൽ ഭൂമി കൈവശം വെച്ചിരിക്കുന്നവരുടെ പട്ടിക തയാറാക്കാൻ ലാൻഡ് ബോർഡ് സെക്രട്ടറിക്ക് റവന്യു വകുപ്പിന്റെ നിർദ്ദേശം. നടൻ ദിലീപ് അനധികൃതമായി ഭൂമി കൈവശം വെച്ചിട്ടുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
Post Your Comments