മലയാള സിനിമയില്‍ കൊച്ചു ചിത്രങ്ങള്‍ അവഗണിക്കപ്പെടുന്നത് തുടര്‍ക്കഥയാവുകയാണ്. വന്‍ താര നിരയില്ലാതെ എത്തുന്ന ചിത്രങ്ങള്‍ക്ക് വേണ്ട വിധത്തില്‍ പബ്ലിസിറ്റികൊടുക്കുകയോ മികച്ച ഷോ ടൈം നല്‍കാനോ തയ്യാറാകുന്നില്ലെന്നു പരാതി മുന്‍പും ഉണ്ടായിട്ടുണ്ട്. ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനായി അടുത്തിടെ തിയേറ്ററിലെത്തിയ ചിത്രമാണ് ‘ടീം ഫൈവ്’ ചിത്രത്തിന്റെ നിര്‍മാതാവും സംവിധായകനും തങ്ങളുടെ ചിത്രത്തിന് വേണ്ട പബ്ലിസിറ്റി തരാതെ തഴയാന്‍ ശ്രമിക്കുന്നു എന്ന ആരോപണം ഉന്നയിച്ചതിന് പിന്നാലെ സമാനമായ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ‘ഹിമാലയത്തിലെ കശ്മലന്‍’ എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.
ആദ്യത്തെ ആഴ്ചയില്‍ ഒട്ടിക്കാന്‍ വേണ്ടി മാത്രം രണ്ടര ലക്ഷം രൂപയുടെ പോസ്റ്ററുകള്‍ അച്ചടിച്ചു നല്‍കിയിരുന്നെങ്കിലും ഇതിന്റെ 10 ശതമാനം പോലും ഒട്ടിച്ചിട്ടില്ല. 38 തിയേറ്ററുകളില്‍ ചിത്രം എത്തിയിട്ടും ആകെ ലഭിക്കുന്ന ഒന്നോ രണ്ടോ ഷോകള്‍ രാവിലെ പത്തു മണിക്കും മറ്റുമാണ്. താരങ്ങളില്ലാത്ത ഒരു ചിത്രം രാവിലത്തെ ഒരു ഷോ മാത്രമായാല്‍ എന്താകും അവസ്ഥയെന്ന് പറയേണ്ടല്ലോ-ചിത്രത്തിന്റെ നിര്‍മാതാവും തിരക്കഥാകൃത്തുമായ നന്ദു മോഹന്‍ പറയുന്നു.
സിനിമ നിര്‍മിച്ച് കോടികള്‍ ഉണ്ടാക്കാമെന്ന ലക്ഷ്യത്തോടെ വന്നവരല്ല ഞങ്ങള്‍. ലാഭത്തെ കുറിച്ച് ആലോചിച്ചിട്ടല്ല സിനിമയെടുത്തത്. നിര്‍മാതാവ് പിന്മാറിയപ്പോള്‍ സഹ തിരക്കഥാകൃത്തായ അനന്ദ് ബാലകൃഷ്ണനും സംവിധായകന്‍ അഭിരാം സുരേഷ് ഉണ്ണിത്താനും സിനിമയോടുള്ള താല്‍പര്യം കണ്ട് നിര്‍മാണവും ഏറ്റെടുക്കുകയായിരുന്നു. ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ചിട്ടും ആളുകള്‍ക്ക് അത് കാണാനാവാത്ത അവസ്ഥ ഉണ്ടാകുന്നത് ദു:ഖകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മോശം സിനിമ ജനങ്ങള്‍ പണം മുടക്കി കാണണമെന്ന് തങ്ങള്‍ പറയുന്നില്ല. എന്നാല്‍ ഞങ്ങളുടെ സിനിമ കാണണമെന്ന് ആഗ്രഹിക്കുന്നവരിലേക്ക് അതെത്താനുള്ള സാഹചര്യം ഉണ്ടാകണമെന്ന് മാത്രമാണ് ആവശ്യം. അതിനുള്ള ഇടം ഞങ്ങള്‍ക്കും ഒരുക്കിത്തരണം. 56 പുതുമുഖങ്ങള്‍ ക്യാമറക്ക് മുന്നിലും 22 പുതുമുഖങ്ങള്‍ ക്യാമറക്ക് പിന്നിലും പ്രവര്‍ത്തിച്ച ചിത്രമാണിത്. അതിനെ ഈ വിധം അവഗണിക്കുന്നത് മലയാള സിനിമയിലേക്കുള്ള ചെറുപ്പക്കാരുടെ കടന്നുവരവിനെ തന്നെ തടയുന്നതിന് തുല്ല്യമാവും. സിനിമയോടുള്ള അഭിനിവേശം മാത്രം കൈമുതലാക്കി വന്ന ഞങ്ങളെ മുളയിലേ നുള്ളരുതെന്ന അപേക്ഷ മാത്രമേയുള്ളൂവെന്നും നന്ദു പറയുന്നു. പുറത്തിറങ്ങാനിരിക്കുന്ന ചില സിനിമകള്‍ക്ക് വഴിയൊരുക്കാനാണോ ഈ നീക്കമെന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം പശ്ചാത്തലമായി നിര്‍മിച്ച ചിത്രത്തിന് തിരുവിതാംകൂര്‍ മേഖലയില്‍ എട്ട് തിയേറ്റര്‍ മാത്രമാണ് ലഭിച്ചതെന്നും താരമൂല്യം മാത്രമാണ് മലയാള സിനിമയെ ഭരിക്കുന്നതെന്നും ചിത്രത്തിന്റെ സംവിധായകന്‍ അഭിറാം സുരേഷ് പറഞ്ഞു. മലയാളത്തില്‍ മാത്രമാണ് ഈ അവസ്ഥയുള്ളത്. തമിഴിലും ഹിന്ദിയിലും വരെ നല്ല പ്രതികരണം ലഭിക്കുന്ന സിനിമകള്‍ക്ക് തിയേറ്ററുകളും ഷോകളും കൂട്ടിനല്‍കുന്ന സാഹചര്യമുണ്ട്. 150 തിയേറ്ററുകളില്‍ അഞ്ച് ഷോ കളിക്കണമെന്നൊന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നില്ല. ജില്ലാ കേന്ദ്രങ്ങളിലും മറ്റും ആളുകള്‍ കാണുന്ന ഒരു ഷോ എങ്കിലും തന്നാല്‍ മതി-അഭിറാം പറയുന്നു.
Post Your Comments