CinemaLatest NewsEast Coast SpecialNews Story

മലയാളിക്ക്, മരണമില്ലാത്ത മധുര ഗാനങ്ങള്‍ സമ്മാനിച്ച ദക്ഷിണാമൂര്‍ത്തി സ്വാമികളുടെ ഓര്‍മ്മകളിലൂടെ..

 

മലയാള ചലച്ചിത്ര സംഗീതശാഖയുടെ ഗുരുസ്ഥാനീയനാണ് സംഗീതജ്ഞന്‍ വി ദക്ഷിണാമൂര്‍ത്തി. ആറു പതിറ്റാണ്ടു നീണ്ട സംഗീതസപര്യയില്‍ ആയിരത്തിലേറെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ ആചാര്യനാണ് അദ്ദേഹം.ശുദ്ധ സംഗീതത്തിന്‍റെ ചക്രവർത്തി നമ്മെ പിരിഞ്ഞിട്ട് ഇന്ന് നാല് വർഷം. രൂപവും ഭാവവും ജീവിതരീതിയും ശ്രദ്ധിച്ചാല്‍ സ്വാമിയില്‍ നിന്ന് ഭക്തിഗാനങ്ങള്‍ മാത്രമേ പ്രതീക്ഷിക്കാനാവൂ. എന്നാല്‍ മലയാളിയെ മയക്കിയ എത്രയെത്ര പ്രണയഗാനങ്ങളാണ് സ്വാമി ഒരുക്കിയത്. വാര്‍ദ്ധക്യകാലത്തുപോലും പ്രണയഗാനങ്ങള്‍ സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

യേശുദാസിന് ഗാനഗന്ധര്‍വന്‍ എന്ന പേര് കിട്ടിയതിന് സ്വാമിയാണ് നിമിത്തമായത്. ചലച്ചിത്രഗാനങ്ങളില്‍ ശാസ്ത്രീയ സംഗീതത്തെ സന്നിവേശിപ്പിച്ച് പുതിയ ചലച്ചിത്രസംഗീതരീതിയ്ക്കു തുടക്കമിട്ടത് സ്വാമിയാണ്. പ്രണയവും വിരഹവും എന്നുവേണ്ട വിപ്ലവവും വാത്സല്യവും തുളുമ്പുന്ന എത്രയെത്ര ഗാനങ്ങളാണ് അദ്ദേഹം മലയാളികള്‍ക്ക് സമ്മാനിച്ചത്. തലമുറകള്‍ക്കിപ്പുറം സംഗീതമത്സരവേദികളില്‍ സ്വാമിയുടെ സംഗീതമില്ലാതെ മത്സരാര്‍ത്ഥികള്‍ മാറ്റുരയ്ക്കുന്നില്ല. ശ്രീകുമാരൻ തമ്പിയുമാണ് ദക്ഷിണാമൂർത്തിയുടെ കൂടെ കൂടുതൽ തവണ സഹകരിച്ചത്. പി. ഭാസ്കരൻ, വയലാർ രാമവർമ്മ, ഒ.എൻ.വി. കുറുപ്പ് എന്നിവർക്കൊപ്പവും അദ്ദേഹം ധാരാളം ഗാനങ്ങൾ സൃഷ്ടിച്ചു.

1919ൽ ആലപ്പുഴയിൽ ഡി വെങ്കിടേശ്വര അയ്യരുടേയും പാർവതി അമ്മാളുടേയും പുത്രനായി ജനിച്ചു. ബാല്യത്തിൽത്തന്നെ അമ്മയിൽ നിന്നും ത്യാഗരാജ കീർത്തനങ്ങൾ ഹൃദിസ്ഥമാക്കി.എസ് എസ് എൽ സി ക്കു ശേഷം തിരുവനന്തപുരത്ത് വെങ്കിടാചലം പോറ്റിയിൽ നിന്നും സംഗീതം അഭ്യസിച്ചു.കലാനിലയത്തിന്റെ മിക്ക നാടകങ്ങളുടേയും സംഗീതം നിർവ്വഹിച്ച് ഇദ്ദേഹം 15 കൊല്ലം ആ സപര്യ തുടർന്നിട്ടുണ്ട്. വിവിധ ആരാധനമൂർത്തികളെ പ്രകീർത്തിയ്ക്കുന്ന “ആത്മദീപം” എന്നൊരു പുസ്തകത്തിന്റെ രചയിതാവുമാണ് ദക്ഷിണാമൂർത്തി. 1968ൽ ഇറങ്ങിയ മലയാളത്തിലെ ആദ്യത്തെ അയ്യപ്പഭക്തിഗാന കാസ്സെറ്റും ദക്ഷിണാമൂർത്തിയുടേതാണ്.

നല്ല തങ്ക എന്ന സിനിമയിലൂടെ സംഗീത സംവിധായകനായി അരങ്ങേറ്റം. പിന്നീട് മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായി 125 ലധികം സിനിമകളിൽ 850ഓളം ഗാനങ്ങളാണ് സ്വാമിയുടെ സംഗീതസംവിധാനത്തിൽ പിറന്നത്. 2013 ആഗസ്റ്റ് 2-നു 94 ആം വയസ്സിൽ ചെന്നൈയിലെ മൈലാപൂരിലെ വസതിയിൽ വെച്ച് ഉറക്കത്തിലുണ്ടായ ഹൃദയസ്തംഭനത്തെത്തുടർന്ന് ആ നാദം നിലച്ചു..വൈക്കത്തപ്പന്റെ പരമഭക്തനായിരുന്ന അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി 2014 മുതൽ എല്ലാ വർഷവും വൈക്കത്തഷ്ടമിക്കാലത്ത് ‘ദക്ഷിണാമൂർത്തി സംഗീതോത്സവം’ നടത്തപ്പെടുന്നു.

സ്വാമിയുടെ പാദ സ്മരണയ്ക്ക് മുന്നിൽ ഈസ്റ്റ് കോസ്റ്റ് കുടുംബത്തിന്റെ പ്രണാമം..

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button