കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി പള്‍സര്‍ സുനിയുമായി അടുത്ത് ബന്ധപ്പെട്ടിരുന്ന വ്യക്തിയാണ് ദിലീപിന്റെ ഡ്രൈവറും മാനേജറുമായ എഎസ് സുനില്‍രാജ്. ഇരുവരും തമ്മില്‍ നിര്‍ണായകമായ പല ഫോണ്‍വിളികളും നടന്നിരുന്നു. ഇത് സംബന്ധിച്ച് വ്യക്തമായ തെളിവുകള്‍ പോലീസിന് നേരത്തെ ലഭിച്ചതുമാണ്. എന്നാല്‍ ഇത് വരെയും ഇയാളെ പോലീസ് അറസ്റ്റ് ചെയ്തില്ല. ചോദ്യം ചെയ്യലിനും ഹാജരായ അപ്പുണ്ണിയെ വിട്ടയക്കുകയും ചെയ്തു. ഇത് എന്തുകൊണ്ട്?
നടി ആക്രമിക്കപ്പെട്ട കേസ് പരിശോധിച്ചാല്‍ ക്രൈം ത്രില്ലര്‍ സിനിമകളെ പോലും വെല്ലുന്ന രീതിയിലാണ് കേസ് അന്വേഷണം നീങ്ങുന്നതെന്ന് വേണം മനസിലാക്കാന്‍. നടിയോടുള്ള വ്യക്തിവൈരാഗ്യമാണ് കാരണമെന്ന് കാട്ടി നടന്‍ ദിലീപിനെ ജൂലൈ പത്തിനായിരുന്നു പോലീസ് അറസ്റ്റ് ചെയ്തത്. ദിലീപിനൊപ്പം സംവിധായകന്‍ നാദിര്‍ഷയെയും ആദ്യം 13 മണിക്കൂര്‍ ചോദ്യം ചെയ്തതിന് ശേഷം പോലീസ് വിട്ടയച്ചു. മറ്റൊരു ദിവസമാണ് ദിലീപിനെ വീണ്ടും വിളിപ്പിച്ചു അറസ്റ്റ് ചെയ്തത്. എന്നാല്‍ ദിലീപ് അറസ്റ്റിലായതിന് തൊട്ടുപിന്നാലെ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി മുങ്ങി. അറസ്റ്റ് ഭയന്ന ഇയാള്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചു. എന്നാല്‍ കോടതി ജാമ്യം നിഷേധിക്കുകയും അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു.
ദിലീപിന്റെ അറസ്റ്റിനെ കൂടാതെ ഭാര്യ കാവ്യ, അമ്മ ശ്യാമള, ഗായിക റിമി ടോമി, ഇടവേള ബാബു, ധര്‍മ്മജന്‍, സിദ്ധിഖ് തുടങ്ങി പ്രമുഖരെ ഈ കേസുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്തിരുന്നു. ഇതിനിടയിലാണ് തിങ്കളാഴ്ച അപ്പുണ്ണി അതിനാടകീയമായി ചോദ്യം ചെയ്യലിന് ഹാജരായത്. മാധ്യമങ്ങളെ കബളിപ്പിച്ച് ആലുവ പോലീസ് ക്ലബ്ബില്‍ എത്തിയ ഇയാളെ ആറ് മണിക്കൂര്‍ പോലീസ് ചോദ്യം ചെയ്തു. പിന്നീട് വിട്ടയക്കുകയായിരുന്നു. ദിലീപിനെ അറസ്റ്റ് ചെയ്ത പോലീസിന് അപ്പുണ്ണിയെ പ്രതിയാക്കി അറസ്റ്റ് ചെയ്യാന്‍ വലിയ വിഷമമുള്ള കാര്യമല്ല. എന്നാല്‍ മുന്‍കൂര്‍ ജാമ്യം തള്ളിയതിന്റെ ഫലമായി ചോദ്യം ചെയ്യലിനു ഹാജരായ അപ്പുണ്ണിയെ പോലീസ് വിട്ടയച്ചു. ആറുമണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം പോലീസ് ഇയാളെ വിട്ടയച്ചത് എന്തുകൊണ്ട്? പോലീസ് അപ്പുണ്ണിക്കും മുകളിലുള്ള ഏതോ ഒരു വ്യക്തിയെ തേടുന്നുവെന്ന സൂചനയല്ലേ ഇതില്‍ തെളിയുന്നത്.
എന്നാല്‍ അപ്പുണ്ണിയെ മാത്രമല്ല തിങ്കളാഴ്ച പോലീസ് ചോദ്യം ചെയ്തത്. അപ്പുണ്ണിയുടെ സഹോദരന്‍ ഷിബുവിനെയും പരസ്യസംവിധായകന്‍ ശ്രീകുമാര്‍ മേനോനെയും പോലീസ് ചോദ്യം ചെയ്തു. ദിലീപിന്റെ മുന്‍ ഭാര്യ മഞ്ജുവാര്യരുടെ ഡ്രൈവറായിരുന്നു ഷിബു. വിവാഹ മോചനത്തിനുശേഷം മഞ്ജു വീണ്ടും അഭിനയത്തിലെക്കെത്തുന്നത് ശ്രീകുമാര്‍ ഒരുക്കിയ പരസ്യത്തിലൂടെയായിരുന്നു. എന്നാല്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം ഇവരെ വിട്ടയക്കുന്ന പോലീസ് മറ്റൊരു പ്രമുഖനെയാണ് തേടുന്നതെന്നു സംശയം. എന്നാല്‍ അത് ആരാണെന്നു ഇത് വരെയും വ്യക്തത വന്നിട്ടില്ല.
വമ്ബന്‍ സ്രാവുകള്‍ ഇനിയുംപിടിയിലാകാനുണ്ടെന്ന കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ വാക്കുകള്‍ അനുസരിച്ചാണെങ്കില്‍ ഈ കേസില്‍ ഇനിയും ഉന്നതര്‍ ഉണ്ടെന്നു മനസിലാകും. മാധ്യങ്ങള്‍ക്ക് മുന്നില്‍ ഇനിയും സ്രാവുകള്‍ പുറത്തുണ്ടെന്നു പറഞ്ഞ സാഹചര്യത്തില്‍ പോലീസ് പള്‍സര്‍ സുനിയെ വീണ്ടും ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ്. പോലീസ് സൂപ്രണ്ടിന്റെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യാന്‍ കോടതി അനുമതിയും നല്‍കിയിട്ടുണ്ട്. ഇനിയാണ് കേസില്‍ നിര്‍ണായക നീക്കം.
പള്‍സര്‍ സുനിയുടെ മൊഴി പ്രകാരം നടിയെ ആക്രമിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച നടത്തിയതു അപ്പുണ്ണിയുടെ ഫോണ്‍ മുഖേനയാണെന്നാണ് പോലീസ് കരുതുന്നു. അതിനാല്‍ അപ്പുണ്ണിയെ വീണ്ടും ചോദ്യം ചെയ്യാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്. തിങ്കളാഴ്ച ചോദ്യം ചെയ്തപ്പോള്‍ ഇയാളുടെ മൊബൈല്‍ ഫോണ്‍ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ജയിലില്‍ കഴിയുമ്ബോള്‍ സുനി വിളിച്ചത് അപ്പുണ്ണിയുടെ ഫോണിലേക്കായിരുന്നു. കൂടതെ ദിലീപിന് കൈമാറാന്‍ ജയിലില്‍ നിന്നു സുനി സഹതടവുകാരന്‍ വിഷ്ണു മുഖേന അയച്ച കത്തും അപ്പുണ്ണിക്കാണ്. ഇത്തരം നിരവധി തെളിവുകള്‍ അപ്പുണ്ണിക്കെതിരേയുണ്ട്. എന്നിട്ടും അപ്പുണ്ണിയെ എന്തിന് വിട്ടയച്ചുവെന്നതാണ് ചോദ്യം. എന്നാല്‍ ഈ സംശയങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ എല്ലാം ഉടന്‍ വെളിപ്പെടുമെന്നു സൂചന.
Post Your Comments