മാനന്തവാടി: കേരളത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടുന്ന കുറ്റകൃത്യങ്ങള്‍ കൂടുന്നു. മാനന്തവാടിയില്‍ നടന്ന കൊലപാതകത്തിലും പ്രതിസ്ഥാനത്ത് വന്നിരിക്കുന്നത് വീട്ടമ്മയാണ് . പത്ത് മാസം മുമ്പ് നടന്ന കൊലപാതകത്തിന്റെ ചുരുള്‍ അഴിഞ്ഞപ്പോള്‍ നാട്ടുകാര്‍ ഞെട്ടി. മാനന്തവാടിയിലെ യുവാവിന്റെ കൊലപാതകത്തിലേയ്ക്ക് വഴി വെച്ചതിന്റെ കഥ ഇവിടെ തുടങ്ങുന്നു.
പ്രവാസിയായ ഭര്‍ത്താവിനെ കബളിപ്പിച്ച് സഹോദരനാണെന്ന് പറഞ്ഞ് കൂടെ താമസിപ്പിക്കുകയും അയാളുടെ കൈവശമുണ്ടായിരുന്ന പണം അടിച്ചുമാറ്റുകയും ചെയ്തു. ഒടുവില്‍ കൊടുത്ത പണം തിരികെ ചോദിച്ചപ്പോള്‍ ക്വട്ടേഷന്‍ നല്‍കി കൊന്നു. തിരുവനന്തപുരം സ്വദേശിയായ സുലിലാണ് ക്രൂരമായി കൊല്ലപ്പെട്ടത്. മരണം കൊലപാതകമെന്നു തെളിഞ്ഞെങ്കിലും കേസിലെ ദുരൂഹത ഇപ്പോഴും പൂര്‍ണമായും നീങ്ങിയിട്ടില്ല.
കൊയിലേരിക്കടുത്ത ഊര്‍പ്പിള്ളി എന്ന ഗ്രാമത്തിന്റെ ഞെട്ടലും ഇതുവരെ മാറിയിട്ടില്ല. സഹോദരനെന്ന പേരില്‍ കൂടെ താമസിപ്പിച്ച് പോന്നിരുന്ന യുവാവിന്റെ കൈവശമുണ്ടായിരുന്ന വലിയ തുക ഭര്‍തൃമതിയായ വീട്ടുടമസ്ഥ വാങ്ങുകയും ഒടുവില്‍ പണം തിരികെ ചോദിച്ചതിനെ തുടര്‍ന്ന് കൊലനടത്താന്‍ വേലക്കാരിക്ക് ക്വട്ടേഷന്‍ നല്‍കുകയുമായിരുന്നു എന്നാണ് പോലീസിന്റെ നിഗമനം.
യുവാവ് തന്റെ സഹോദരനാണെന്നാണ് യുവതി അയല്‍ക്കാരോടു പറഞ്ഞിരുന്നത്. അതിനിടെ വീടുവിറ്റവകയില്‍ യുവാവിന്റെ കൈവശമുണ്ടായിരുന്ന 40 ലക്ഷത്തോളം രൂപ യുവതി കൈപ്പറ്റിയിരുന്നതായി ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഈ പണം തിരികെ ആവശ്യപ്പെട്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. സംഭവത്തില്‍ വീട്ടുടമസ്ഥയായ ബിനി മധു(37)വിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിയെ കോടതി 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു.
കൊല നടത്താന്‍ ഏല്‍പിച്ച വേലക്കാരിയായ വേലിക്കോത്ത് കുഞ്ഞിമാളു (അമ്മു-38), മണിയാറ്റിങ്കല്‍ വീട് സി.ആര്‍. പ്രശാന്ത് (ജയന്‍-36), ഊര്‍പ്പള്ളി പൊയില്‍ കോളനിയിലെ കാവലന്‍ (52) എന്നിവരെ മാനന്തവാടി പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇവരെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പും നടത്തി. കൊല്ലാന്‍ ഉപയോഗിച്ച കമ്പി അമ്മുവിന്റെ വീട്ടില്‍നിന്നു കണ്ടെടുത്തിരുന്നു. സുലിലിനെ തലക്കടിച്ചു കൊലപ്പെടുത്തിയ സ്ഥലവും പിന്നീട് പുഴയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയ വഴിയും പ്രതികള്‍ പോലീസിനു കാണിച്ചു കൊടുത്തു.
2016 സെപ്റ്റംബര്‍ 26ന് ആണ് ഊര്‍പ്പള്ളിയില്‍ കബനി പുഴയോരത്ത് സുലിലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും ചെയ്തു. മാനന്തവാടി എസ്ഐക്കായിരുന്നു അന്വേഷണ ചുമതല. ഇതിനിടെ നാട്ടുകാര്‍ വീട്ടുടമസ്ഥയുടെ പണമിടപാടുകള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും പോലീസ് സംഭവത്തെ ഗൗരവമായി കണ്ടില്ലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. കൊയിലേരി ഉദയ വായനശാലയുടെ നേതൃത്വത്തില്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കുകയും അന്നത്തെ എ എസ് പി ജി ജയദേവിന് പരാതി നല്‍കുകയും ചെയ്തശേഷമാണ് അന്വേഷണത്തിന്റെ ദിശ മാറിയത്. ആദ്യഘട്ടത്തില്‍ പോലീസിനുണ്ടായ വീഴ്ചയെ കുറിച്ച് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
യുവതി പണം അടിച്ചുമാറ്റിയെന്ന ബന്ധുക്കളുടെ ആരോപണത്തെ തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സുലിലിന്റെയും യുവതിയുടെയും ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചിരുന്നു. യുവതി പല തവണകളായി അക്കൗണ്ട് മുഖേനയല്ലാതെ പണം കൈപ്പറ്റിയതായി സൂചനകളുണ്ടായിരുന്നു. തുടരന്വേഷണത്തില്‍ ഇക്കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്. കൂടാതെ മരണദിവസം വൈകുന്നേരത്തോടെ യുവതി തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍നിന്നു ഫോട്ടോകള്‍ നീക്കിയതും തുടക്കം മുതലേ സംശയം ജനിപ്പിച്ചിരുന്നു.
Post Your Comments