കൊച്ചി: കേരളത്തെ സംബന്ധിച്ച് ഹര്‍ത്താല്‍ പുത്തരിയല്ല. എന്നാല്‍ കൊച്ചി മെട്രോയ്ക്ക് ഇത് ആദ്യ ഹര്‍ത്താലായിരുന്നു. മെട്രോ ഉദ്ഘാടനത്തിനു ശേഷമുള്ള ആദ്യ ഹര്‍ത്താല്‍ മെട്രോയുടെ പ്രവര്‍ത്തനത്തെയും ബാധിച്ചു. എന്നാല്‍, മെട്രോ സര്‍വീസുകള്‍ ഒന്നുംതന്നെ മുടങ്ങിയിട്ടില്ലെന്ന് മെട്രോ അധികൃതര്‍ പറഞ്ഞു. ഞായറാഴ്ചയും പതിവുപോലെ രാവിലെ ആറു മണിക്ക് തന്നെ മെട്രോ സര്‍വീസുകള്‍ ആരംഭിച്ചിരുന്നു.
എന്നാല്‍, ഹര്‍ത്താലായതിനാല്‍ സര്‍വീസുകളില്‍ യാത്രക്കാര്‍ തീരെ കുറവായിരുന്നു. എന്നാല്‍ ആറ് മണിക്ക് ശേഷം സര്‍വീസുകളില്‍ കാര്യമായ തിരക്ക് അനുഭവപ്പെട്ടു. മറ്റ് ദിവസങ്ങളെ അപേക്ഷിച്ച് വരുമാനത്തിലും ഹര്‍ത്താല്‍ ദിനത്തില്‍ കാര്യമായ വ്യത്യാസം അനുഭവപ്പെട്ടു. ഞായറാഴ്ച രാത്രി എട്ട് മണിവരെ 9,53,314 രൂപയാണ് മെട്രോയിലെ വരുമാനം. ഇത് മറ്റ് ഞായറാഴ്ചകളിലെ വരുമാനത്തിന്റെ പകുതി മാത്രമാണെന്ന് മെട്രോ അധികൃതര്‍ പറഞ്ഞു.
29,816 പേരാണ് ഞായറാഴ്ച ഈ സമയത്തിനുള്ളില്‍ യാത്രചെയ്തത്. യാത്രക്കാരുടെ എണ്ണത്തിലും പകുതി മാത്രമാണ് ഞായറാഴ്ച മെട്രോയിലെത്തിയത്. യാത്രക്കാര്‍ക്ക് സ്റ്റേഷനുകളിലേക്ക് എത്തുന്നതിനും അവിടെ നിന്ന് മറ്റ് സ്ഥലങ്ങളിലേക്ക് പോകുന്നതിനുമുണ്ടായ ബുദ്ധിമുട്ടാണ് ഇതിനു കാരണം. സ്റ്റേഷനുകളില്‍ സാധാരണ ദിവസങ്ങളില്‍ വാഹനങ്ങള്‍ നിറയുന്ന പാര്‍ക്കിങ്ങ് സ്ഥലങ്ങള്‍ ഞായറാഴ്ച ഒഴിഞ്ഞനിലയിലായിരുന്നു.
ഏതാനും ഓട്ടോറിക്ഷകള്‍ മെട്രോ സ്റ്റേഷന്‍ പരിസരത്ത് സര്‍വീസുകള്‍ നടത്തിയത് യാത്രക്കാര്‍ക്ക് അനുഗ്രഹമായി. എന്നാല്‍, മെട്രോ ഫീഡറായി ആരംഭിച്ച ഓട്ടോകള്‍ സര്‍വീസ് നടത്തിയില്ല.
Post Your Comments