Latest NewsNewsGulf

പ്രവാസികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ നിര്‍ബന്ധിത ഇന്‍ഷുറന്‍സ് പദ്ധതി അടുത്ത മാസം മുതല്‍ പ്രാബല്യത്തില്‍ : നിയമത്തിന്റെ പരിധിയില്‍ വരുന്നത് ഇവരൊക്കെ

 

ദുബായ് : പ്രവാസി ഇന്ത്യന്‍ തൊഴിലാളികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ നിര്‍ബന്ധിത ഇന്‍ഷുറന്‍സ് പദ്ധതിയുടെ പരിഷ്‌കരിച്ച പതിപ്പ് ഓഗസ്റ്റ് ഒന്നിനു നിലവില്‍ വരും. ഇമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ള (ഇസിആര്‍) തൊഴിലാളികള്‍ക്കുവേണ്ടിയാണു പ്രവാസി ഭാരതീയ ഭീമാ യോജന (പിബിബിവൈ) എന്ന ഇന്‍ഷുറന്‍സ് പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.

പുതിയ പദ്ധതിപ്രകാരം തൊഴിലാളികളുടെ ആരോഗ്യം, തൊഴില്‍ കേസുകള്‍ എന്നിവ സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ നല്‍കാന്‍ വിദേശ രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികള്‍ക്കു കൂടുതല്‍ അധികാരം ലഭിക്കും. നേരത്തേ, പദ്ധതിയുടെ ഭാഗമായുള്ള ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ വിദേശ രാജ്യത്തെ സര്‍ക്കാരില്‍നിന്നു സര്‍ട്ടിഫിക്കറ്റുകളും റിപ്പോര്‍ട്ടുകളും തൊഴിലാളികള്‍ക്കു ലഭിക്കേണ്ടതുണ്ടായിരുന്നു. അപകടമരണം, അപകടംമൂലമുള്ള അംഗവൈകല്യം തുടങ്ങിയ കാര്യങ്ങള്‍ക്കു തൊഴിലുടമകള്‍ ക്ലെയിം ഉന്നയിക്കേണ്ട സാഹചര്യവുമുണ്ടായിരുന്നു.

എന്നാല്‍, പുതിയ നിയമമനുസരിച്ച് ഇത്തരം രേഖകള്‍ അതതു രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികള്‍ നല്‍കിയാല്‍ മതി. പോളിസി കാലാവധിക്കുള്ളില്‍ ജോലി മാറിയാലും അത് ഇനി പോളിസിയെ ബാധിക്കില്ല. 10 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയാണു ലഭിക്കുക. അപകടമരണം, അപകടംമൂലമുള്ള സ്ഥിരമായ അംഗവൈകല്യത്തെ തുടര്‍ന്നു ജോലി നഷ്ടം തുടങ്ങിയ സാഹചര്യങ്ങളില്‍ പത്തു ലക്ഷം രൂപ ലഭിക്കും. അപകടമരണം, സ്ഥിരമായ അംഗവൈകല്യം എന്നിവയ്ക്ക് ഇന്ത്യന്‍ എംബസിയുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഇനിമുതല്‍ ആധികാരികമായി കണക്കാക്കും. വിദേശരാജ്യങ്ങളിലെ അധികൃതര്‍ സാക്ഷ്യപ്പെടുത്തേണ്ടതില്ല.

അപകടം, അസുഖം എന്നിവമൂലമുള്ള ആശുപത്രി വാസത്തിനു മെഡിക്കല്‍ ഇന്‍ഷുറന്‍സ് തുക 75,000 രൂപയില്‍നിന്ന് ഒരു ലക്ഷം രൂപയായി ഉയര്‍ത്തി. തൊഴില്‍ കേസുകള്‍ നടത്താനുള്ള ധനസഹായം 30,000 രൂപയില്‍നിന്നു 45,000 രൂപയായി ഉയര്‍ത്തി. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇന്ത്യന്‍ എംബസി സാക്ഷ്യപ്പെടുത്തണം.

ആരോഗ്യപരമായ കാരണങ്ങളാലോ, മറ്റേതെങ്കിലും കാരണങ്ങളാലോ ജോലി നഷ്ടപ്പെട്ടാല്‍ നാട്ടിലേക്കുള്ള മടക്കയാത്രയ്ക്ക് ഇക്കോണമി ക്ലാസ് യാത്രാടിക്കറ്റ് ലഭിക്കും. വനിതകള്‍ക്കു പ്രസവാനുകൂല്യവുമുണ്ട്. സാധാരണ പ്രസവമാണെങ്കില്‍ 35,000 രൂപയും സിസേറിയനാണെങ്കില്‍ 50,000 രൂപയും ലഭിക്കും. കുടുംബത്തിന്റെ ഇന്ത്യയിലുള്ള ആശുപത്രി ചെലവുകള്‍ക്കു പ്രതിവര്‍ഷം പരമാവധി 50,000 രൂപ വരെ ലഭിക്കും.

അപകടമരണമോ സ്ഥിരമായ അംഗവൈകല്യമോ സംഭവിച്ചാല്‍ നാട്ടിലേക്കു വണ്‍വേ ഇക്കോണമി ക്ലാസ് യാത്രയ്ക്കുള്ള പണം ലഭിക്കും. കൂടെ യാത്ര ചെയ്യുന്ന സഹായിക്ക് ഇരുവശത്തേക്കുമുള്ള യാത്രയ്ക്കുള്ള പണവും ലഭിക്കും. വിദേശരാജ്യത്തെ പ്രവാസി തൊഴിലാളികളെ തൊഴിലുടമ സ്വീകരിക്കാതിരിക്കുക, തൊഴിലിലോ, തൊഴില്‍ കരാറിലോ പ്രതികൂലമായ കാര്യങ്ങളുണ്ടാവുക, തന്റേതല്ലാത്ത കാരണത്താല്‍ ജോലിയില്‍നിന്നു കാലാവധി പൂര്‍ത്തിയാവുന്നതിനു മുന്‍പേ പിരിച്ചുവിടുക തുടങ്ങിയ സമയങ്ങളിലും നാട്ടിലേക്കുള്ള മടക്കയാത്രാ ടിക്കറ്റ് ചെലവു ലഭിക്കും. ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ഇന്ത്യന്‍ എംബസി സാക്ഷ്യപ്പെടുത്തുകയും ടിക്കറ്റുകളുടെ ഒറിജിനല്‍ സമര്‍പ്പിക്കുകയും വേണം.

ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നതിനു വിദേശരാജ്യത്തേക്കുള്ള യാത്രയ്ക്കു മുന്‍പ് 14 ദിവസത്തെ സമയപരിധിവേണമെന്ന നിര്‍ദേശം പുതിയ പദ്ധതിയില്‍നിന്ന് എടുത്തുകളഞ്ഞിട്ടുണ്ട്. പ്രൊട്ടക്റ്റര്‍ ഓഫ് ഇമിഗ്രന്റ്‌സിനു മുന്‍പാകെ ഇമിഗ്രേഷന്‍ ക്ലിയറന്‍സിന് അപേക്ഷിക്കുമ്പോള്‍ത്തന്നെ നിര്‍ബന്ധിത ഇന്‍ഷുറന്‍സ് പദ്ധതിയിലും ഉള്‍പ്പെടുത്തും. രണ്ടുവര്‍ഷത്തേക്ക് 275 രൂപയും മൂന്നു വര്‍ഷത്തേക്കു 375 രൂപയുമാണു പ്രീമിയം അടയ്‌ക്കേണ്ടത്. പിന്നീടു പോളിസി ഓണ്‍ലൈനായി പുതുക്കാനും സാധിക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button