തിരുവനന്തപുരം: മദ്യക്കച്ചവടത്തിൽ മാറ്റം വരുന്നു.ഇനി മുതൽ മദ്യം വാങ്ങാൻ ഓൺലൈനും മൊബൈൽ ആപ്പും. ബിവറേജസ് കോർപറേഷനു ഓൺലൈനായി മദ്യവിൽപ്പന നടത്തുന്നതിനെക്കുറിച്ചു പഠനം നടത്തി നിർദേശങ്ങൾ സമർപ്പിക്കാൻ സർക്കാർ നിർദേശം നൽകി. ജനങ്ങൾക്കും ഉപഭോക്താക്കൾക്കും ബിവറേജസ് കോർപറേഷൻ ഔട്ട്ലറ്റുകളിലെ തിരക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിലാണ് സർക്കാർ നടപടി. റിപ്പോർട്ടു രണ്ടുമാസത്തിനകം നൽകാനാണ് നിർദേശം.
മൊബൈൽ ആപ് സംവിധാനം മദ്യവിൽപ്പനയ്ക്കായി ഏർപ്പെടുത്തുന്നതിനെക്കുറിച്ചും മദ്യവിൽപ്പനശാലകളുടെ വിസ്താരവും സൗകര്യവും വർധിപ്പിക്കുന്നതിനെക്കുറിച്ചും ബിവറേജസ് കോർപ്പറേഷൻ പഠനം നടത്തും. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ഓണക്കാലത്തു മദ്യവിൽപനശാലകളിലെ തിരക്ക് ഒഴിവാക്കാൻ കൂടുതൽ ആളുകളെ നിയമിക്കാനും തീരുമാനമായിട്ടുണ്ട്.
ഈ മാസം ആറിനു ഹൈക്കോടതി സർക്കാർ മദ്യശാലകൾക്കു മുന്നിലെ നീണ്ട ക്യൂ ഒഴിവാക്കണമെന്ന് നിർദേശിച്ചിരുന്നു. മദ്യം വാങ്ങാനെത്തുന്ന സാധാരണക്കാരന്റെ മാന്യത പരിഗണിക്കണമെന്നും ബെവ്കോ ഔട്ട്ലറ്റുകളുടെ പ്രവർത്തനം സമീപത്തെ വ്യാപാര സ്ഥാപനങ്ങൾക്കും പൊതുജനങ്ങൾക്കും ഉപദ്രവമാകുന്നില്ലെന്ന് ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. മദ്യം വാങ്ങാനെത്തുന്നവരെ പുറത്തുനിർത്തുന്ന രീതി ശരിയല്ലെന്നും കാത്തുനിൽപ്പിനു മതിയായ സൗകര്യമൊരുക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇതിന്റെകൂടി പശ്ചാത്തലത്തിലാണു സർക്കാർ പഠനം നടത്താൻ തീരുമാനിച്ചത്.
മദ്യവിൽപ്പശാലകളുടെ അടിമുടിയുള്ള പരിഷ്കരണത്തിനാണ് സർക്കാർ പദ്ധതി തയാറാക്കുന്നത്. വിശാലമായ സ്ഥല സൗകര്യമുള്ള, ക്യൂ ആവശ്യമില്ലാത്ത, മികച്ച ഷോപ്പിങ് അനുഭവം നൽകുന്ന വിൽപ്പനശാലകൾ ആരംഭിക്കാനാണു ലക്ഷ്യം. ഇതേക്കുറിച്ചും വിശദമായ പഠനം നടക്കും.
Post Your Comments