കണ്ണൂര്‍ : സഹകരണവകുപ്പിലെ റിട്ട. െഡപ്യൂട്ടി രജിസ്ട്രാര്‍ പരേതനായ പി.ബാലകൃഷ്ണനെ വിവാഹം ചെയ്തതായി വ്യാജരേഖ ചമച്ച് സ്വത്ത് തട്ടിയെടുത്ത സംഭവത്തില്‍ അഭിഭാഷകയും ഭര്‍ത്താവും വൈകാതെ പിടിയിലാകുമെന്ന് പോലീസ്. ബാലകൃഷ്ണന്റെ കോടികളുടെ സ്വത്ത് തട്ടിയെടുക്കാന്‍ കൊലചെയ്യുകയായിരുന്നോയെന്നും ബാലകൃഷ്ണന്റെ മരണം അസ്വാഭാവികമാണോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.
അസുഖബാധിതനായി തിരുവനന്തപുരം ജനറല്‍ ആസ്പത്രിയില്‍ കഴിയുകയായിരുന്ന ബാലകൃഷ്ണനെ, തട്ടിപ്പിനുപിന്നില്‍ പ്രവര്‍ത്തിച്ച അഭിഭാഷകയും ഭര്‍ത്താവും ചേര്‍ന്ന് നിര്‍ബന്ധിച്ച് വിടുതല്‍വാങ്ങി നാട്ടിലേക്ക് കൊണ്ടുവരുന്നതിനിടെയായിരുന്നു മരണം. മരണം സംഭവിച്ചശേഷമാണ് കൊടുങ്ങല്ലൂര്‍ ആസ്പത്രിയിലെത്തിച്ചത്. പരേതന്റെ അനന്തരവനാണ് താനെന്ന് എഴുതിക്കൊടുത്ത് മൃതദേഹം വക്കീലിന്റെ ഭര്‍ത്താവ് ഏറ്റുവാങ്ങിയത്. തിരുവനന്തപുരത്ത് പേട്ടയില്‍ സ്വന്തം വീടുവെച്ച് താമസിക്കുകയായിരുന്ന ബാലകൃഷ്ണന്‍ അവിവാഹിതനായിരുന്നു.
തളിപ്പറമ്പ് നഗരത്തില്‍ ദേശീയപാതയോരത്ത് ഏക്കര്‍കണക്കിന് സ്വത്തുള്ള ബാലകൃഷ്ണന്‍ നാട്ടില്‍ അധികം വരാറുണ്ടായിരുന്നില്ല. ബാലകൃഷ്ണന്റെ മൃതദേഹം ബന്ധുക്കളെ അറിയിക്കാതെ സംസ്‌കരിച്ച് തിരിച്ചെത്തിയശേഷം അഭിഭാഷക ആദ്യം ചെയ്തത് തന്റെ മൂത്ത സഹോദരിയായ ജാനകിയെക്കൊണ്ട് പരേതനെ പൂര്‍വകാലപ്രാബല്യത്തോടെ വിവാഹം കഴിപ്പിക്കുകയായിരുന്നു. ബാലകൃഷ്ണന്റെ ഭാര്യയെന്ന നിലയില്‍ കുടുംബപെന്‍ഷന്‍ ജാനകി വാങ്ങുന്നുണ്ട്.
അതിനുപുറമെ പയ്യന്നൂര്‍ നഗരസഭയില്‍നിന്ന് കൃത്യമായി വാര്‍ധക്യകാല പെന്‍ഷനും വാങ്ങുന്നുവെന്ന് മനസ്സിലായതായി പോലീസ് പറഞ്ഞു. പയ്യന്നൂരിലെ ഒരു ക്ഷേത്രത്തില്‍വെച്ച് 1980-ല്‍ ബാലകൃഷ്ണന്‍-ജാനകി വിവാഹം നടത്തിയതായാണ് രേഖ. കുടുംബ പെന്‍ഷനുവേണ്ടിയാണെന്ന് പറഞ്ഞപ്പോള്‍ രേഖ നല്‍കുകയായിരുന്നുവെന്ന് ക്ഷേത്രം അധികൃതര്‍ പോലീസിനോട് പറഞ്ഞു. രേഖ നല്‍കിയ ക്ഷേത്രത്തില്‍ വിവാഹച്ചടങ്ങ് നടക്കാന്‍ തുടങ്ങിയത് 1983-ലാണ്. ബാലകൃഷ്ണനെ ജാനകി അവിടെവെച്ച് വിവാഹം ചെയ്തതായ കള്ളരേഖയിലെ തീയതി 1980 ഏപ്രില്‍ 27. വിവാഹരേഖ ലഭിച്ചതോടെ ഗസറ്റില്‍ പരസ്യം ചെയ്യലും പിന്തുടര്‍ച്ചാവകാശ സര്‍ട്ടിഫിക്കറ്റ് നേടലും യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തി.
ബാലകൃഷ്ണന്റെ മരണം സ്ഥിരീകരിച്ച കൊടുങ്ങല്ലൂര്‍ ആശുപത്രിയിലും കേസന്വേഷിച്ച കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷനിലുമെത്തി പയ്യന്നൂരില്‍നിന്നുള്ള അന്വേഷണസംഘം വിവരങ്ങള്‍ ശേഖരിച്ചു. പയ്യന്നൂര്‍ പോലീസ് ഇന്‍സ്പക്ടര്‍ എം.പി.ആസാദാണ് കേസന്വേഷിക്കുന്നത്. പരിയാരം അമ്മാനപ്പാറയിലെ 12 ഏക്കര്‍ സ്ഥലത്തിന്റെ പകുതി, തിരുവനന്തപുരം പേട്ടയിലെ വീട്, തളിപ്പറമ്പ് നഗരത്തില്‍ വിശാലമായ പറമ്പ് എന്നിവ തട്ടിയെടുക്കലായി അടുത്ത ലക്ഷ്യമെന്ന് പോലീസ് പറഞ്ഞു.
ബാലകൃഷ്ണന്റെ ‘ഭാര്യ’യായ തന്റെ മൂത്ത സഹോദരിയെക്കൊണ്ട് കോടതിയില്‍ പരാതി നല്‍കി പരിയാരത്തെ 12 ഏക്കറിന്റെ പകുതി സ്ഥലം അവരുടെ പേരിലാക്കി. അടുത്ത ദിവസംതന്നെ അത് തന്റെ പേരിലേക്ക് മാറ്റിയെഴുതിച്ചു. തിരുവനന്തപുരത്തെ വീടും തന്റെ പേരിലെഴുതിച്ച അഭിഭാഷക അത് 2013-ല്‍ 19.5 ലക്ഷം രൂപയ്ക്ക് വിറ്റു. തട്ടിപ്പ് നടത്താന്‍ കൂട്ടുനിന്ന റവന്യൂ ഉദ്യോഗസ്ഥരടക്കമുള്ളവരെയും ചോദ്യംചെയ്യുമെന്ന് പോലീസ് അറിയിച്ചു.
Post Your Comments