1. ബിജെപി-സിപിഎം സംഘര്‍ഷം നിയന്ത്രണ വിധേയമാണെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ.
ഇന്നലെ തിരുവനന്തപുരം ജില്ലയുടെ പലഭാഗങ്ങളിലും നടന്ന സംഘര്‍ഷം, ബിജെപി സംസ്ഥാന കാര്യാലയം ആക്രമിച്ചതോടെ മൂര്‍ച്ഛിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് നിരവധി സിപിഎം നേതാക്കളുടെ വീടുകളും ആക്രമിക്കപ്പെട്ടിട്ടുണ്ട്. 450 ഓളം പോലീസ് ഉദ്യോഗസ്ഥരുടെ സേവനം ഉറപ്പാക്കി കൂടുതല്‍ അക്രമണങ്ങള്‍ തടയാന്‍ പോലീസ് പട്രോളിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രത്യേക ടീം രൂപീകരിച്ചു സിറ്റിയിലെ പത്തോളം എസ്.ഐമാരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ഇതു വരെ എട്ടു പേരെ കസ്റ്റഡിയിലെടുത്തു.
2. പാക്ക് പ്രധാനമന്ത്രി നവാസ് ഷരീഫിനെ സുപ്രീം കോടതി അയോഗ്യനാക്കി.
തൊണ്ണൂറുകളിൽ പ്രധാനമന്ത്രിയായിരിക്കേ നവാസ് ഷരീഫ് നടത്തിയ അഴിമതികളെക്കുറിച്ചുള്ള വിവരങ്ങളാണു പാനമ രേഖകളിലൂടെ പുറത്തു വന്നിരുന്നത്. കള്ളപ്പണ ഇടപാട് നടത്തിയില്ലെന്നു, പ്രധാനമന്ത്രി രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചെന്ന പരാതിയിലാണു ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. ഇപ്പോഴുള്ള സ്ഥാനത്തുനിന്നും അയോഗ്യനാക്കി ഷെരീഫിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ ക്രിക്കറ്റ് താരവും പാകിസ്ഥാന്‍ തെഹ്‌രീക് ഇ ഇന്‍സാഫ് നേതാവുമായ ഇമ്രാന്‍ ഖാനാണു പരാതി നല്‍കിയിരുന്നത്.
3. ബിഹാറില്‍ നിതീഷ് കുമാര്‍ സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടി.
243 അംഗ നിയമസഭയില്‍ നിതീഷ് കുമാറിനും പുതിയ സഖ്യകക്ഷിയായ ബിജെപിയ്ക്കും ഒന്നിച്ച് 124 അംഗങ്ങളാണ് ഉള്ളത്. നിതീഷ് കുമാര്‍ അധികാരത്തിലേറുന്നതിനെ ചോദ്യം ചെയ്ത് ആര്‍ജെഡി ഇന്ന് രാവിലെ പട്‌ന ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതുകൂടാതെ, നിയമസഭയ്ക്ക് പുറത്തും സര്‍ക്കാറിനെതിരെ മുദ്രാവാക്യമുയര്‍ത്തി ആര്‍ജെഡി പ്രവര്‍ത്തകര്‍ പ്രകടനം നടത്തുന്നുണ്ട്. എന്നാല്‍ സഭയില്‍ 131 വോട്ട് ലഭിച്ചതോടെ അധികമായി വന്ന രണ്ട് വോട്ട് കോണ്‍ഗ്രസില്‍ നിന്നാണ് വന്നതെന്നാണ് സൂചന. എന്നാല്‍ ഇതിന് സ്ഥിരീകരണം വന്നിട്ടില്ല.
4. മരണമടയുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ അഞ്ചുലക്ഷം വരെയുള്ള വായ്പ എഴുതിത്തള്ളും.
സര്‍വീസിലിരിക്കുന്ന സമയത്ത് മരണമടയുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ വായ്പകള്‍ എഴുതി തള്ളുന്ന കാര്യത്തിലാണ് ഇപ്പോള്‍ പുതിയ തീരുമാനം വന്നിരിക്കുന്നത്. ഓണം അഡ്വാന്‍സ്, ഭാവന-വാഹന വായ് പ, ക്ലാസ് ഫോര്‍ ജീവനക്കാരുടെ പെണ്മക്കളുടെ വിവാഹ വായ്പ, പലിശ രഹിത ചികിത്സാ വായ് പ എന്നിവയാണ് എഴുതിത്തള്ളുന്നത്. ഇനി, ഒന്നിലധികം വായ്പകള്‍ ഉള്ളവരുടെ ഏറ്റവും പഴക്കംചെന്ന ബാധ്യതയാവും കണക്കിലെടുക്കുന്നത്. 1997 മേയ് 17നു ശേഷമുള്ള വായ്പകള്‍ക്കാണ് മേല്പറഞ്ഞ ഇളവുകള്‍ ലഭിക്കുക.
5. സമ്പൂര്‍ണ ഹരിത നിയമസഭയാകാനുള്ള തയ്യാറെടുപ്പില്‍ കേരള നിയമസഭ.
ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നതനുസരിച്ച് നിയമസഭയും, നിയമസഭാ സെക്രട്ടറിയേറ്റും ഹരിത പ്രോട്ടോക്കോളിന്റെ ഭാഗമായി പൂര്‍ണമായും സൗരോര്‍ജത്തിലേക്കു മാറ്റാനാണ് പുതിയ തീരുമാനം. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ച സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍, കേന്ദ്രമന്ത്രി പീയുഷ് ഗോയലുമായി നടത്തിയിട്ടുണ്ട്. ഇതുവരെ വന്നിരിക്കുന്ന നിര്‍ദേശ പ്രകാരം കേന്ദ്ര പൊതുമേഖലാസ്ഥാപനമായ ഇ എ സ് എല്ലിനായിരിക്കും ഇതിന്റെ ചുമതല.ധാരണാപത്രം ഉണ്ടാക്കിയാലുടനെ തുടര്‍നടപടികള്‍ ഉണ്ടായിരിക്കും.
വാര്‍ത്തകള്‍ ചുരുക്കത്തില്‍
1. വെള്ളിയാഴ്ച്ച പുലര്‍ച്ചെ ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെയുണ്ടായ ആക്രമണങ്ങള്‍ക്ക് സര്‍ക്കാരിന്റേയും പോലീസിന്റെയും പിന്തുണയുണ്ടെന്ന് ഒ.രാജഗോപാല്‍ എംഎല്‍എ.
2. ഗുജറാത്തിൽ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ബിജെപിയിൽ ചേർന്ന കോൺഗ്രസ് എംഎൽഎമാരുടെ എണ്ണം അഞ്ചായി. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ 11 കോൺഗ്രസ് എംഎൽഎമാർ കൂറുമാറി വോട്ടു ചെയ്തതിനു പിന്നാലെയാണു പുതിയ നീക്കം.
3. നടന്‍ ദിലീപ് ഭൂപരിഷ്‌കരണ നിയമം ലംഘിച്ചുവെന്ന പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നു. സംസ്ഥാന ലാന്‍ഡ് ബോര്‍ഡ് സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
4. മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കേരളത്തിലേക്ക് പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അബ്ദുള്‍ നാസര്‍ മഅദ്നി സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും.
5. പരസ്പര സമ്മതത്തോടെ നടക്കുന്ന ലൈംഗികബന്ധങ്ങള്‍ ബലാത്സംഗമായി കാണാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ഭര്‍ത്താവിനെതിരെ 29-കാരി നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഹൈക്കോടതിയുടെ പുതിയ നിരീക്ഷണം.
6. നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്‍റെ മാനേജര്‍, അപ്പുണ്ണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ കോടതിയെ ധരിപ്പിക്കും.
7. ചെറുകിട സംരഭങ്ങളെ ലാഭകരമായി മാറ്റിയെടുക്കാന്‍ കുടുംബശ്രീയുടെ ജീവനം ഉപജീവനം പദ്ധതി. പ്രോജക്ടിന്റെ 15 ശതമാനവും കുടുംബശ്രീയാണ് നല്‍കുന്നത്.
Post Your Comments