ഷാര്‍ജ/ആലപ്പുഴ•ദുരന്തം വിട്ടൊഴിയാതെ പ്രവാസിയുടെ കുടുംബം. നാട്ടിലേക്ക് മടങ്ങാനിരുന്നതിന്റെ തലേദിവസം മരിച്ച പ്രവാസി മലയാളിയുടെ മാതാവ് മകന്റെ മരണവാര്‍ത്തയറിഞ്ഞ് ഹൃദയാഘാതം മൂലം മരിച്ചു.
ഞായറാഴ്ച രാത്രിയാണ് ആലപ്പുഴ സ്വദേശിയായ സുന്ദരേശന്‍ അശോകന്‍ (46) ഹൃദയാഘാതം മൂലം മരിച്ചത്. മെറ്റല്‍ ഫാബ്രിക്കേഷന്‍ കമ്പനിയില്‍ സൂപ്പര്‍വൈസറായിരുന്ന അശോകന്‍ ഞായറാഴ്ച രാത്രി കമ്പനി താമസസ്ഥലത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ജോലിയില്‍ നിന്നും രാജിവച്ച അശോകന്‍ തിങ്കളാഴ്ച രാത്രിയിലെ വിമാനത്തില്‍ നാട്ടിലേക്ക് മടങ്ങാന്‍ ഇരിക്കുകയായിരുന്നു.
കുറച്ച് ദിവസമായി അശോകന്‍ മുറിയില്‍ ഉണ്ടായിരുന്നില്ല. ഫൈനല്‍ സെറ്റില്‍മെന്റിന് വേണ്ടിയാണ് അദ്ദേഹം ശനിയാഴ്ച വന്നതെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. നാലു മാസം മുന്‍പാണ് അശോകന്‍ ഈ കമ്പനിയില്‍ ജോലിയില്‍ ചേര്‍ന്നത്. ഇതേ കമ്പനിയില്‍ ഇദ്ദേഹം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജോലി ചെയ്തിരുന്നു. പിന്നീട് ഖത്തര്‍, റാസ് അല്‍ ഖൈമ തുടങ്ങിയ സ്ഥലങ്ങളില്‍ ജോലി നോക്കിയാ ശേഷമാണ് അശോകന്‍ വീണ്ടും പഴയ കമ്പനിയില്‍ തിരിച്ചെത്തിയത്.
നെഞ്ചുവേദനയെ തുടര്‍ന്ന് കുഴഞ്ഞുവീണ അശോകനെ സഹപ്രവര്‍ത്തകര്‍ ഉടന്‍തന്നെ ആംബുലന്‍സില്‍ കുവൈത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
ജോലിയില്‍ നിന്നും രാജി വയ്ക്കേണ്ടി വന്നതിലും സാമ്പത്തിക പ്രശ്നങ്ങളിലും അശോകന്‍ അസ്വസ്ഥനായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. അതേസമയം, അശോകന്‍ സ്വയം രാജി വയ്ക്കുകയായിരുന്നുവെന്ന് കമ്പനി എച്ച് ആര്‍ എക്സിക്യൂട്ടീവ് അറിയിച്ചു.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് അശോകന്റെ മരണവാര്‍ത്ത അറിഞ്ഞ മാതാവ് അന്നമ്മ ഏതാനും മണിക്കൂറുകള്‍ക്കകം ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു. ഇവരുടെ സംസ്കാരം ആലപ്പുഴ ജില്ലയിലെ വസതിയില്‍ ബുധനാഴ്ച രാവിലെ നടന്നു.
വാര്‍ധക്യ സഹചമായ അസുഖങ്ങള്‍ നേരിട്ടിരുന്ന 70 കാരിയായ അന്നമ്മ മകന്റെ മരണവാര്‍ത്ത അറിഞ്ഞത് മുതല്‍ ഹൃദയംതകര്‍ന്ന അവസ്ഥയിലായിരുന്നു. തുടര്‍ന്ന് മൂന്ന് മണിക്കൂറിനകം മരണവും സംഭവിക്കുകയായിരുന്നു.
ഇവരുടെ രണ്ട് ആണ്‍മക്കളില്‍ രണ്ടാമനാണ് മരിച്ച അശോകന്‍. ഇദ്ദേഹത്തിന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. ഇദ്ദേഹത്തിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് കമ്പനിയെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു.
Post Your Comments